മനുഷ്യൻ അപ്പംകൊണ്ടും രാഷ്ട്രീയംകൊണ്ടും മാത്രം ജീവിച്ചാൽമതിയെന്ന് ശഠിച്ച ഫാസിസ്റ്റ് പ്രത്യയശാസ്ത്രക്കാർ കഴിഞ്ഞ അരനൂറ്റാണ്ടിലേറെക്കാലമായി അപവാദപ്രചരണം നടത്തിക്കൊണ്ടിരിക്കുന്ന പുസ്തകം. സ്റ്റാലിനിസ്റ്റ് സ്വേച്ഛാധിപത്യത്തിൻ്റെ നാളുകളിൽ റഷ്യയിൽ നിരോധിക്കപ്പെട്ട കൃതി. ഗ്ലാസ്നോസ്റ്റ് യുഗത്തിലും നിരോധനം തുടർന്ന കൃതി. മാർക്സിയൻ സൗന്ദര്യശാസ്ത്ര വിജ്ഞാനീയത്തിലെ ഏറ്റവും മൂല്യവത്തായ പുസ്തകം
ലണ്ടൻ ഫെസ്റ്റിവൽ ലോകസിനിമയുടെ ഒരു വലിയ ക്യാൻവാസാണ് വരച്ചിടുന്നത്. സത്യജിത് റേ, മൃണാൾ സെൻ, ഋത്വിക് ഘട്ടക്, ശ്യാം ബെനഗൽ തുടങ്ങിയ ഇന്ത്യൻ സംവിധായകരുടെ ചിത്രങ്ങളിലൂടെ വിശ്വസിനിമയിലേക്ക് പിച്ചവച്ചു ഞാൻ നടന്നുവന്നതും ഈ വഴിയിലൂടെയാണ്. ലോകരാജ്യങ്ങളുടെ ചലച്ചിത്ര സംസ്കാരത്തിലേക്കും അവരുടെ ജീവിതരീതികളിലേക്കുമുള്ള ഒരു പ്രവേശികകൂടിയായിരുന്നു അത്. ഒരു ചലച്ചിത്ര നിരൂപകൻ്റെ ലണ്ടൻ ഫെസ്റ്റിവൽ അനുഭവങ്ങൾ. അടൂർ ഗോപാലകൃഷ്ണൻ്റെ അവതാരിക
തിന്മയുടെ പ്രതീകമാണ് രാവണൻ എന്നത് രാമായണ വായനക്കാരുടെ മനസ്സിൽ പതിഞ്ഞിട്ടുള്ള പ്രാക്തന വിചാരമാണ്. എന്നാൽ ആഴമുള്ള രാമായണേതിഹാസപഠനങ്ങളിൽ തെളിയുന്ന രാവണ ബിംബം ഇത്തരം വിശ്വാസങ്ങളിൽനിന്നും അകലെയാണ്. രാവണനെ നായകസ്ഥാനത്തു പ്രതിഷ്ഠിച്ചുകൊണ്ട് ഭോപാൽസിംഗ് പൗലസ്ത്യ രചിച്ച നോവലിൻ്റെ മലയാളഭാഷാന്തരം.
ഒരു കലാരൂപമെന്നനിലയിൽ ചൈനയിൽ എഴുതപ്പെട്ട ചെറുകഥകളുടെ ആരംഭം താങ് ചക്രവർത്തിമാരുടെ കാലത്താണ്. അതിനുശേഷം സങ് കാലഘട്ടം ആരംഭിക്കുമ്പോഴേക്കും കഥപറച്ചിൽ സർവ്വസാധാരണമായ ഒരു വിനോദോപാധിയായി മാറിയിരുന്നു. ഈ രണ്ടുകാലഘട്ടങ്ങളിലേയും കഥകളാണ് ഈ സമാഹാരത്തിൻ്റെ ഉള്ളടക്കം. ചൈനയിലെ ആദ്യകാല കഥകളിലേക്കും ആധുനിക ചെറുകഥാസാഹിത്യത്തിലേക്കും വാതായനങ്ങൾ തുറന്നിടുന്ന എട്ടു കഥകൾ.
സമകാലിക മൂല്യവിചാരങ്ങൾക്കു വിപരീതമായി നിർമ്മിച്ചെടുത്ത ജീവിതാഖ്യാനങ്ങൾ. സൗന്ദര്യപരവും ബുദ്ധിപരവുമായ ശുഭപ്രതീക്ഷകൾ വാരിവിതറുന്ന ആവിഷ്കാരങ്ങൾ. മുപ്പത്തിയഞ്ചാം വയസ്സിൽ ആത്മഹത്യചെയ്ത ഒരതുല്യപ്രതിഭയുടെ കഥാലോകം. കുറൊസാവയുടെ വിഖ്യാതമായ ചലച്ചിത്രത്തിനാധാരമായ റാഷൊമോണും മറ്റുകഥകളും.
ആദാമിൻ്റെ വാരിയെല്ല് ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് ഞാൻ ആദ്യകാലം മുതലേ ഊന്നൽ കൊടുത്തിട്ടുള്ളത് സ്ത്രീകളുടെ ജീവിതം പ്രത്യയശാസ്ത്രമായി വരുന്ന സിനിമകൾ ചെയ്യുന്നതിനാണ്. സ്ത്രീകൾക്ക് അവരുടെ സ്വാതന്ത്ര്യം ക്രിയാത്മകമായി ഉപയോഗിക്കാൻ കഴിയണം. അത്തരം സിനിമയും സൊസൈറ്റിയുമാണ് ഞാൻ കണ്ടെത്താൻ ആഗ്രഹിക്കുന്നത്. ഒരു ഫിലിം മേക്കറെന്ന നിലയിലുള്ള എൻ്റെ സ്വാതന്ത്ര്യം പതിപ്പിക്കപ്പെടുന്നത് എനിക്കിഷ്ടപ്പെട്ട സിനിമകൾ ചെയ്യുവാൻ കഴിയുന്നതിലൂടെയാണ്. ആദാമിൻ്റെ വാരിയെല്ലം, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്കുമെല്ലാം ആ അർത്ഥത്തിൽ എൻ്റെ ആഗ്രഹത്തിൻ്റെ സാക്ഷാൽക്കാരങ്ങളാണ്.
അനാട്ടമി ക്ലാസ്സിന്റെ ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന ചിത്രങ്ങൾ പോലെ മടുപ്പും മരവിപ്പും മാത്രം കൈമുതലായുള്ള ഉടലിന് ഇത്രമേൽ അഴകും ആഴവും ലഭിക്കുന്നത് പ്രണയത്തിൽ മാത്രമാണ്. അവനാൽ പ്രണയിക്കപ്പെടുന്നതുകൊണ്ടുമാത്രം അവൾ ആഴം അളക്കാനാവാത്ത പുഴ. മീതെ ആമ്പലിൻ സുഗന്ധം, താഴെ പരൽമീനുകളുടെ കുറുമ്പ്, ആഴങ്ങളിൽ ജലശംഖുകളുടെ ഓംകാരം. ഒക്കെ സ്നേഹിക്കപ്പെടുമ്പോൾ മാത്രം. ഓരോ രോമകൂപവും അപ്പോൾ ആത്മാവിലേക്കുള്ള ചില്ലുജാലകങ്ങൾ. കൈക്കുടന്നയിൽ നിന്നും ഊർന്നുപോകുന്ന ജലം പോലെ ആത്മാവിലേക്കൂർന്നിറങ്ങുന്ന പ്രണയനനവുള്ള കവിതകൾ
വണ്ടുകളും ചിത്രശലഭങ്ങളും ജന്മവാസനയാൽ പൂക്കളിൽ ചെന്നിരിക്കും. ആ ചെറുജീവികളുടെ നിലനിൽപ്പിൻ്റെ ആവശ്യമാണത്. പൂക്കളെ വിട്ടു പറക്കുമ്പോൾ അവയുടെ കാലുകളിൽ പൂമ്പൊടിയുടെ ചെറുതരികൾ പറ്റിപ്പിടിച്ചിരിക്കും. അതുവഴി പ്രകൃതി തങ്ങളെ പരാഗണത്തിൻ്റെ മാദ്ധ്യമങ്ങളാക്കുകയാണെന്ന് ആ ഷഡ്പദങ്ങൾ അറിയുമോ? സ്വന്തം കാര്യം മാത്രമല്ലേ അവർക്കറിയാവുള്ളു. ഗുരുപ്രകാശത്തിൻ്റെ ഗുണഭോക്താക്കളായ എന്നെപ്പോലെയുള്ള സ്വാർത്ഥികളെകുറിച്ചു ചിന്തിക്കുമ്പോൾ ഈ ഷഡ്പദങ്ങളുടെ ഉപമയാണെൻ്റെ മനസ്സിൽ വരുന്നത്. അറിയാതെ എൻ്റെ ജീവൻ ഗുരുമഹിമയുടെ വലയത്തിലേക്ക് പറന്നടുത്തിരിക്കുന്നു. ബോധത്തിൽ പറ്റിയ പ്രകാശപരാഗങ്ങൾ സ്നേഹിതരിലും ബന്ധുക്കളിലും ചെറുതായി പകർന്നിരിക്കാം. ഇപ്പോൾ പകരണമെന്ന ബോധം വന്നിരിക്കുന്നു. അതിനുള്ള ഒരു എളിയ ശ്രമമാണ് 'പുഴയൊഴുകും വഴി'.
പുതുകവിതയുടെ ഈ ലഘുചരിത്രം, ഒരു നിരീക്ഷകൻ എന്ന നിലയിൽ കുറിച്ചതാണ്; അഥവാ സഹയാത്രികൻ എന്ന നിലയിൽ. ഇതിൽ ഒരു കവിയായ ഞാനില്ല. എൻ്റെ കവിതയുമില്ല. നിരീക്ഷകൻ മാത്രമാണുള്ളത്. നിരീക്ഷകൻ്റെ അനുഭവത്തെ, നിരീക്ഷണത്തിലൂടെ അറിഞ്ഞതിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചരിത്രം.
മദ്ധ്യവർഗ്ഗ ജീവിതത്തിൻ്റെ സന്ദിഗ്ധതകളും ആകുലതകളും മറകീറിയെറിഞ്ഞ് തിരശ്ശിലയിൽ പുനരവതരിക്കുന്നു. ഒരു ഭാവഗീതംപോലെ മലയാള മനസ്സിൽ മായാതെനിൽക്കുന്ന ഒരു ക്ലാസിക് സിനിമയുടെ അഭ്രഭാഷ്യം.