ശ്രീജിത്ത് വാവയുടെ ഓരോ കാവ്യച്ചിന്തുകളും ചിന്തയ്ക്ക് തീ കൊളുത്തുന്നതാണ്. ചെറു തീപ്പൊരികൾകൊണ്ട് അതു മുൻധാരണകളുടെ മഹാവിപിനത്തെ കത്തിച്ചുകളയുന്നു. പുതിയ സത്യങ്ങളെ വച്ചുപിടിപ്പിക്കുകയും ചെയ്യുന്നു. കുരീപ്പുഴ ശ്രീകുമാർ സത്യങ്ങളുടെ ഭയരഹിതമായ വിളിച്ചുപറയലും ആധികാരിക, ആധാര ഗ്രന്ഥങ്ങളിൽ നിന്നല്ലാത്ത ജീവിത ദർശനങ്ങളുടെ പ്രദർശനശാലയും കൂടിയായ ഈ കവിതകൾ മലയാള കവിതയിന്നോളം വെട്ടിയ ചാലുകളിലൂടെയല്ലാതെ, ജീവിതംപോലെ പിടിതരാതെ പരന്നൊഴുകുകയാണ്. വിനീതാ വിജയൻ ഞാനുകൾ ഒരുപാട് ഞാനുകൾക്കിടയിലെ ഒരു ഞാനിനെ തിരയാലാകാം. അല്ലെങ്കിൽ ഞാനുകളെല്ലാം ഞാൻ മാത്രമാണെന്ന തിരിച്ചറിവിലേക്കുള്ള യാത്രയാകാം. ഹിമാ ശങ്കർ
റിയലിസത്തിൻ്റെ തീക്ഷ്ണഭാഷകൊണ്ട് തെന്നിന്ത്യൻ സിനിമയുടെ വ്യാകരണം മാറ്റിയെഴുതിയ സംവിധായകൻ ബാലയുടെ ആത്മകഥ. ജീവിതത്തിൻ്റെ വഴുക്കുന്ന ചെളിനിലങ്ങളിൽ ചവിട്ടിനിന്നു കൊണ്ടാണ് ബാലയുടെ കഥാപാത്രങ്ങൾ വികസിക്കുന്നത്. അതിൽ അസാധാരണമായി ഒന്നുമില്ല. സാധാരണീകൃതമായ ജീവിതാവസ്ഥകളിൽ മനുഷ്യൻ എത്ര അസാധാരണമായി പെരുമാറുന്നുവെന്നു കാണിച്ചുതരുന്നു ആ കഥാപാത്രങ്ങൾ. തെരുവുകളിൽനിന്നും ഭ്രാന്താലയങ്ങളിൽനിന്നും ശ്മാശാനങ്ങളിൽനിന്നും കയറിവന്ന കഥാപാത്രങ്ങൾ, വാർപ്പുമാതൃകകളായ, തെന്നിന്ത്യയുടെ വെച്ചുകെട്ടിയ അനുഭവപരിസരങ്ങളെ നിർദ്ദാക്ഷണ്യം മാറ്റിനിർത്തി. യാഥാർഥ്യത്തിൻ്റെ ആ പ്രഭാവത്തിനുമുൻപിൽ ആ പതിവുകോലങ്ങൾ നിഷ്പ്രഭമായി എന്നതാണ് വാസ്തവം. പ്രകാശംകെട്ട് ഇരുണ്ടുപോയ ജീവിതത്തിൻ്റെനേരെ ബാല ക്യാമറ പിടിച്ചപ്പോൾ പിറവികൊണ്ട വിഷ്വലുകൾക്കും ആ കറുപ്പിൻ്റെ രാശി പടർന്നിരുന്നു. ഞാനിവിടെ ജീവിച്ചിരിപ്പുണ്ട് എന്ന് ആ കഥാപാത്രങ്ങൾ സംസാരിച്ചത് മുറിവിലൂടെ വാർന്നൊഴുകിപ്പടർന്ന ചോരകൊണ്ടായിരുന്നു. സിനിമകൊണ്ടും അതിനേക്കാൾ അസാധാരണമായ നിലനിൽപ്പുകൊണ്ടും ജീവിതത്തെയും കലയെയും സ്വന്തം രാഷ്ട്രീയത്തെയും അടയാളപ്പെടുത്തിയ സംവിധായകൾ. ബാലയുടെ ആത്മകഥയുടെ മലയാള ഭാഷാന്തരം.
ഗൃഹാതുരത്വത്തിൻ്റേതല്ല, നമ്മുടെ കാലത്തെ നേരിട്ട് അഭിസംബോധന ചെയ്യുന്നവയാണ് ഈ കവിതകൾ. എത്രയോ നവബിംബങ്ങൾ ഈ കവിതയെ അപൂർവ്വമാക്കുന്നു. ജീവിതത്തിൻ്റെ കൊടുംവെയിലിൽതന്നെ ഈ കവിയുടെ ചാഞ്ഞുനില്പ്‌പ്. സച്ചിദാനന്ദൻ
എവിടെയെല്ലാം പിണക്കങ്ങളുണ്ടോ അവിടെയെല്ലാം ഇണക്കമുണ്ടാക്കാൻ തൻ്റെ ചിന്തയും വാക്കും പ്രവൃത്തിയും ഹൃദയപൂർവ്വം ഒഴുക്കിവിട്ട വിശദാന്തരംഗത്വം. തൻ്റെ അടുത്തുവരുന്നവരുടെ ആത്മസ്പന്ദനം തിരിച്ചറിഞ്ഞ് ചേർത്തുപിടിക്കുകയും ചേർന്നുനില്ക്കുകയും ചെയ്‌ത വെളിച്ചം. തൻ്റെ ജീവിതത്തിലേക്ക് അറിവും വാത്സല്യവും പകർന്നു നല്‌കിയ ഗുരുവിൻ്റെ (സ്വാമി വല്യച്ഛൻ) സാന്നിദ്ധ്യം ലളിതമായ ഭാഷയിൽ സൗമ്യമായി അവതരിപ്പിച്ചിരിക്കുന്ന ഓർമ്മപ്പുസ്‌തകം. ഉള്ളിൽ വന്നുനിറഞ്ഞത് അങ്ങനെതന്നെ പകർത്തിവെച്ച സ്വാഭാവികത ഈ പുസ്‌തകത്തെ ഹൃദ്യമാക്കുന്നു. ഷൗക്കത്ത്
ആദർശിന്റെ നിറച്ചാർത്തണിഞ്ഞ ജീവിതങ്ങൾ എന്ന സമാഹാരത്തിലെ കഥകളിലൂടെ കടന്നുപോകുമ്പോൾ സാധാരണ കൗമാരക്കാരനായ ഒരു തുടക്കക്കാരൻ എഴുതാൻ ഇടയുള്ളതരം ചപലമായ ബാലകഥകൾ അല്ല നാം അതിൽ കാണുന്നത്. പകരം ചിന്തകളിൽ കൗമാരത്തിന്റെ അതിരുകൾ ഭേദിച്ചു, ഭാവനകൾ ആകാശസീമയോളം ചിറകുവിരിച്ചു പറക്കുന്ന, ദർശനങ്ങൾക്ക് കിണറാഴമുള്ള ഗൗരവമാർന്ന രചനകളാണ് നാമതിൽ വായിക്കുന്നത്. ഭാവി മലയാള സാഹിത്യത്തിന് ഈടുറ്റ രചനകൾ സമ്മാനിക്കാൻ പ്രാപ്തനായ ഒരെഴുത്തുകാരനെ ഞാൻ ആദർശിൽ കാണുന്നു. ബെന്യാമിൻ
പ്രണയം എന്നത് എത്രയോ വിശുദ്ധമായ പദമാണ്. പ്രപഞ്ചത്തിൻ്റെ സ്വരമാണത്. എങ്ങനെയാണ് ആ വാക്കിന് നിർവ്വചനം നൽകുക! ഒറ്റവാക്കിലോ വാചകത്തിലോ ഒതുങ്ങാത്ത ആന്തരികാർത്ഥങ്ങൾ ഏറെയുള്ള പദം. ജീവൻ്റെ നിലനിൽപ്പിനുതന്നെ ആധരമായ വാക്ക്. ജീവൻ്റെ തീക്ഷ്‌ണതയാണ് പ്രണയം. അതു നക്ഷത്രങ്ങളെ കാണിക്കുന്നു. ആകാശത്തിൻ്റെ അനന്തതയറിയിക്കുന്നു. നിലാവിനും കൂരിരുട്ടിനും ഒരുപോലെ സൗന്ദര്യമുണ്ടെന്നു പറയുന്നു.
ഇരുളും വെളിച്ചവും നിഴലും നിലാവും മാറിമാറി വീശിയടിക്കുന്ന സങ്ങിൻ്റെ കാവ്യലോകത്തിൽ സന്ധ്യയുടെ അരുണശോഭയ്ക്കും സ്വപ്നത്തിന്റെ മഞ്ഞ നക്ഷത്രങ്ങൾക്കും ഇടം കിട്ടുന്നു. ഈ കുന്നിൻചരിവിൻ്റെ ടോപ്പോഗ്രഫിയിൽ മൈതാനങ്ങളും വയലും കശുമാവിൻ തോട്ടവും കോട്ടയും വഴിയും പുഴയും പൊഴിയും വിടർന്നു വരുന്നു. ഡോ. എൽ തോമസ്‌കുട്ടി
വർഷത്തിൽ മൂന്നോ നാലോ പുസ്‌തകം വീതം നാരായണഗുരുവിനെ സംബന്ധിച്ച് മലയാളത്തിൽ പ്രസിദ്ധീകൃതമാകാറുണ്ട്. ഗ്രന്ഥകർത്താക്കളുടെ കൂട്ടത്തിൽ സാഹിത്യനായകന്മാരും അല്ലാത്തവരും പെടും. അവയിൽ നിന്നെല്ലാം വ്യത്യസ്തം എന്നുതന്നെ പറയണം ഈ പുസ്‌തകം. ഭാരതത്തിൻ്റെ ആദ്ധ്യാത്മികതയിൽ അതീവതല്പരനായ ഒരു ഭാരതീയകാവ്യശാസ്ത്രവിശാരദൻ, ഒരു ഋഷികവിയുടെ ആത്മാവുമായി സംവദിക്കാൻ നടത്തിയ പരിശ്രമത്തിൻ്റെ പരിണതഫലമാണ് ഈ ചെറുഗ്രന്ഥം. സ്വാമി മുനി നാരായണപ്രസാദ്