പ്രശസ്ത നിരൂപണ സാഹിത്യകാരനും വിമർശകനും ചരിത്രകാരനും ജീവചരിത്രകാരനുമായ ഡോ. ടി.ആർ. രാഘവൻ്റെ വിമർശനങ്ങൾ വീക്ഷണങ്ങൾ എന്ന കൃതിയെ അധികരിച്ച് പ്രമുഖർ എഴുതിയ പഠനക്കുറിപ്പുകളുടെ സമാഹാരം.
പഠനം പരീക്ഷയ്ക്കുവേണ്ടിയാകുമ്പോൾ അതൊരു യാത്രിക പ്രക്രിയയാകുന്നു. അക്ഷര മാലയുടെ യാന്ത്രികമായ ആവർത്തനമല്ല സാക്ഷരത. പഠിതാവിന് അത് സാവകാശം ബോധം വളർത്തണം. ഈ ലോകത്തിലെ അവനവൻ്റെ സാന്നിധ്യത്തെക്കുറിച്ചു വിമർശനാത്മകമായ ധാരണ ഉണ്ടാക്കണം, സൗന്ദര്യമുള്ള, പുഞ്ചിരിക്കുന്ന ദമ്പതികൾ നിൽക്കുന്ന അലങ്കരിച്ച ചെറുവീടുകൾ പഠനപുസ്തകങ്ങളിൽ വരച്ചുചേർത്തിരിക്കും. പക്ഷെ വീട്ടിൽനിന്നും സ്കൂളിലേക്കുള്ള നടവഴികളിലെങ്ങും അവൻ കാണുന്നത് സാമ്പത്തിക ആരോഗ്യ വിദ്യാഭ്യാസ അസമത്വത്തിൻ്റെ ദുരന്ത ചിത്രങ്ങളാണ്. പഠിക്കുന്ന കവിതകളും ഭവനകളും യാഥാർഥ്യത്തിൽ നിന്നകറ്റി അവരെ വെറും സ്വപ്ന ജീവികളാക്കുന്നു. സത്യത്തെ മാറ്റിമറിക്കുന്ന ഈ പഠനങ്ങളിൽ സാക്ഷരതയെവിടെ? ധാർമ്മികതയെവിടെ? ഈ ലോകത്തു ജീവിക്കാനുതകുന്ന എന്തെങ്കിലും ഈ പഠന പദ്ധതിയിലുണ്ടോ?
വളർന്ന് പുതുപുതുരൂപം മാറുന്ന നമ്മുടെ ശരീരത്തിലിരുന്നു നാം എല്ലാം കാണുകയാണ്. ആത്മപരിണാമത്തിൻ്റെ അന്ത്യം നോക്കു. മാംസദഹനത്തിൻ്റെ ചൂട് വെയിൽമണമായി മാറുന്നു. തോട്ടൊഴുക്കിലും കാറ്റിലും ഉപേക്ഷിക്കപ്പെട്ട ശ്വാസം നിന്നുവിറയ്ക്കുന്നു. മണ്ണിൽ പൂണ്ടുകിടന്നു ദ്രവിക്കുന്ന അസ്ഥികൾക്കുള്ളിലും എന്തിൻ്റെയോ ജനിതകം അവശേഷിക്കുന്നു. ഈ പ്രപഞ്ചത്തിൽ കണ്ടതിനെല്ലാം പരസ്പരബന്ധവും തുടർച്ചയുമുള്ള സ്ഥിതി അത്ഭുതകരമായ ഒരു സത്യത്തിലേക്കു വിരൽചൂണ്ടുന്നു. ഹൃദയം കൊതിക്കുന്ന ഭൂമിയിലെ അനന്തവസന്തമായ ഓർമ്മകൾ
എനിക്കാ റോസാപ്പൂക്കളൊന്നും വേണ്ട, നിൻ്റെ വിരലുകൾ മതി. മുള്ളുകൊണ്ടുള്ളിൻ്റെ മുഴുവൻ ചെമപ്പുമായിവന്ന് ധ്യാനിച്ചുനിൽക്കയാണ് ഒരു രക്തത്തുള്ളി... ഹൃദയത്തിന്നാഴത്തിൽനിന്ന് പുറത്തേക്കൊഴുകുന്ന നൂറ്റിപ്പതിനൊന്ന് പ്രണയമന്ത്രണങ്ങൾ.
ലോകത്തെ ഏറ്റവും വലിയ മുസ്ലീം രാഷ്ട്രമായ ഇന്തോനേഷ്യയിലാണ് ഒരുകാലത്ത് കമ്മ്യൂണിസത്തിൻ്റെ ഈറ്റില്ലത്തിനു പുറത്ത് ഏറ്റവുമധികം കമ്മ്യൂണിസ്റ്റുകൾ ഉണ്ടായിരുന്നത്. 65-ൽ സൈന്യം രാജ്യത്തെ പിടിച്ചെടുത്ത് രക്തസ്നാനം ചെയ്യിച്ചു. കുറഞ്ഞത് പത്തുലക്ഷം ജനങ്ങളെങ്കിലും കൊല്ലപ്പെട്ടു. കമ്മ്യൂണിസ്റ്റുകാരും അവരുടെ സഹായികളുമായിരുന്നു ഇരകൾ. സി.ഐ.എ അവരുടെ കമ്മ്യൂണിസ്റ്റ് പട്ടിക കൊടുത്ത് കൊലയാളികളെ സഹായിച്ചു. കബന്ധങ്ങൾക്ക് മനുഷ്യരൂപംതന്നെ ഇല്ലായിരുന്നു. തലയില്ലാത്ത ശരീരങ്ങൾ, പള്ള പിളർന്നവ. താണുപോകാതെ അവയെല്ലാം മുളങ്കോലുകളിൽ കൂടുക്കിയിരുന്നു. ശവച്ചങ്ങാടങ്ങൾ കേദിരി പ്രവിശ്യയിൽനിന്ന് ബ്രാന്താസിലേക്ക് ഒഴുകി. അവയിൽ കമ്മ്യൂണിസ്റ്റ് പതാകയും ബാനറും പാറിക്കളിച്ചു. പ്രമുഖ മാർക്സിസ്റ്റ് ചിന്തകൻ താരിഖ് അലിയുടെ ലേഖനങ്ങൾ ആദ്യമായി മലയാളത്തിൽ.
ഫ്രിഡാ കാലോ വേദനകളുടെയും ആസക്തികളുടെയും ഉദ്യാനത്തിൽ അവസാനം വിരിഞ്ഞപൂവ്. മോഹിപ്പിക്കുന്നതായിരുന്നു അവളുടെ നിലപാടുകളും വരയും ചിന്തകളും വിഭ്രമാത്മകമായ ആത്മചിത്രങ്ങളിലൂടെ ലോകത്തെ പിടിച്ചു കുലുക്കുമ്പോഴും അവൾ ഏകാന്തതയുടെ ആഴമുള്ള മദ്യചഷകങ്ങളിൽ തുടരെ തുടരെ കരപറ്റാതെ തുഴഞ്ഞുകൊണ്ടിരുന്നു. ജീവിതവും വേദനയും രതിയും പ്രണയവും കമ്മ്യൂണിസവും ആഘോഷമാക്കിയ മെക്സിക്കൻ ചിത്രകാരി ഫ്രിഡാ കാലോ ഡി റിവേരയുടെ ആത്മഭാഷണങ്ങളും ഡയറിക്കുറിപ്പുകളും.
യാഗാദികർമ്മങ്ങൾക്കായി വ്രതവിശുദ്ധിയോടെ, ചിലർ മാത്രം പഠിച്ചും പഠിപ്പിച്ചും പോരുന്ന പതിവ് വേദങ്ങളെ സംബന്ധിച്ച് ഇന്നും നിലനിൽക്കുന്നു. ഈ പാരമ്പര്യത്തിൽനിന്നും വിട്ടുനിന്നുകൊണ്ട് ഒരു സാധാരണ വായനക്കാരൻ്റെ ബോധതലത്തിൽ വേദങ്ങൾ വിടർത്തിനിർത്തിയ ഉദാരവും ഉദാത്തവുമായ ഏകതയുടെയും സമതയുടെയും ദിവ്യദർശനമാണ് ഈ രചനയുടെ ഉള്ളടക്കം
സ്ത്രീസ്വത്വത്തെ ലൗകികത-ആത്മീയത. തഥ്യ-മിഥ്യ, യാഥാർത്ഥ്യം അനുഭൂതി എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങളിലൂടെ വിശകലനം ചെയ്യാനുള്ള ശ്രമം. അനുഭവത്തെയും അനുഭൂതിയെയും മലയാളഭാഷയിലേക്ക് എങ്ങനെ കൊണ്ടുവരാമെന്നത് കവികളുടെ എക്കാലത്തെയും അന്വേഷണമാണ്. ഈ കാവ്യങ്ങളിലൂടെ അത്തരമൊരന്വേഷണമാണ് കവി നടത്തുന്നത്. പ്രൊഫ. സി.ആർ. പ്രസാദ്
സ്വപ്നവും ജാഗരവും തമ്മിലുള്ള മാറാട്ടങ്ങൾ ജീവിതവും മൃതിയും തമ്മിലുള്ള മാറാട്ടങ്ങൾപോലെ അത്ര സ്വാഭാവികമായി ഇഴചേരുന്ന കവിതകൾ. മരണത്തിൽ മുഴുകുന്നൊരാൾ പ്രണയത്തിലേക്കും അതിലൂടെ സ്വപ്നത്തിൻ്റെ ജീവിതസജീവതയിലേക്കും തെന്നിപ്പോകുന്ന മാന്ത്രികാനുഭവം. അഴിയാചങ്ങലകളുടെ കണ്ണികൾപോലെ വായനയെ പൂട്ടിയിടുന്ന കാവ്യഫ്രെയിമുകൾ
ഒരേ സമയം ആത്മനിന്ദ തോന്നുന്നതുകൊണ്ടാകാം ആത്മപ്രശംസയ്ക്ക് പഴുതുനോക്കുന്നത്. ഉദ്ഘാടനത്തേക്കാൾ താല്പര്യം അനുശോചനത്തിലാണ്. സത്യം വഴങ്ങാതെനിൽക്കുന്നതും അതിന്മേലുള്ള പൊരുന്നിരിപ്പിന് ക്ഷമയില്ലാത്തതുംകൊണ്ട് സദാ ദുഃഖഭാവത്തിലിരിക്കും. സ്വന്തം ജീവിതവും ഒരു നുണക്കഥയായി പറയാനാണിഷ്ടം.... ഇതിനെല്ലാം മേലേയാണ് 'വാങ്മയം' എഴുതിത്തുടങ്ങിയത്. വെറും രസം അത്രേയുള്ളൂ. ക്ഷമിക്കുക. വായിക്കണമെന്നില്ല. കവികളെയും മരങ്ങളെയും സാക്ഷിയാക്കിയെഴുതിയ ഒരു കവിയുടെ കാവ്യചിന്തകൾ. രേഖാചിത്രങ്ങൾ: കാഞ്ചന.എസ്
ഓർമ്മകളുടെ ഓളം തട്ടിയുള്ള പരന്നൊഴുക്കാണ് ഈ കഥകളോരോന്നും. പിന്നിട്ടവഴികളിൽ എവിടെയോവെച്ച് മനസ്സിൽ കുടിയേറുകയും പിന്നെ തിരിച്ചിറങ്ങാൻ വിസമ്മതിച്ച്, ഓർമ്മകളിൽ കെട്ടുപൂണ്ടുകിടക്കുകയും ചെയ്ത കഥാപാത്രങ്ങളെ അക്ഷരങ്ങളിലേക്കു പകർത്തുന്ന രചനയുടെ മാന്ത്രികത.