ഋശ്യശൃംഗ പത്നിയായ അംഗരാജകുമാരി. അസ്തിത്വം ദ്വന്ദ്വമായവൾ. എല്ലാ ബന്ധങ്ങൾക്കും നടുവിൽ അനാഥത്വം പേറിയവൾ. വിധിവൈപരീത്യത്താൽ മറ്റുള്ളവരിൽനിന്ന് അടർത്തിമാറ്റപ്പെടുകയും കർമത്തിൻ്റെ ചങ്ങലക്കണ്ണികളാൽ ബന്ധനസ്ഥയായി പലപ്പോഴും മുറിവേല്ക്കേണ്ടിവന്നവളുമായ ഒരു രാജകുമാരിയുടെ ജീവിതസഞ്ചാരങ്ങൾ. മധുപാലിൻ്റെ അവതാരിക ജി. മഹേഷിൻ്റെ പഠനം. എ.കെ. ഗോപീദാസിൻ്റെ ചിത്രീകരണം.
ദർശനത്തെ കൂടുതൽ സമഗ്രവും വസ്തുനിഷ്ഠവുമായി ആവിഷ്കരിക്കുവാൻ നാടകരൂപത്തിനാകും. ജനകീയസംവേദനത്തിൽ നാടകങ്ങൾക്ക് കവിതയേക്കാൾ തീക്ഷണവും സഫലവുമായ പങ്കുവഹിക്കാൻ കഴിയുമെന്നു തെളിയിക്കുന്ന രചനകൾ. ഒരു കവിയുടെ നാടകാവിഷ്കാരങ്ങൾ.
ജർമ്മനിയിലെ യാത്രയെക്കുറിച്ച് ശർമ്മണ്യത്തിലേക്ക് എന്ന് വളരെ ആലങ്കാരികമായി എഴുതിയത് ആഹ്ലാദത്തിൻ്റെ തിരപ്പുറപ്പാടിന് വഴങ്ങിയാണ്. യാത്രാനുഭവങ്ങൾ പൊടിപ്പും തൊങ്ങലുമില്ലാതെ പ്രകാശിപ്പിക്കുവാനുള്ള ശ്രമത്തിൻ്റെ സാഫല്യമാണ് ശർമ്മണ്യവിശേഷം. യാത്രാവിവരണമെന്നതിനേക്കാൾ യാത്രാക്കുറിപ്പുകൾ എന്ന വിശേഷണമാണ് ശർമ്മണ്യവിശേഷത്തിനിണങ്ങുക.
ഇന്ത്യൻ സംഗീതത്തിൻ്റെ ധ്യാനപ്പെരുമയാണ് ഇളയരാജ... അകക്കാടുകളിലെവിടെയോ ചൂളംകുത്തുന്ന കാറ്റ് മുളങ്കാടുകളോട് മനസ്സുപങ്കുവെക്കുന്നതു പോലെയാണ് ഇളയരാജയുടെ ഗാനങ്ങൾ ദേശാതിർത്തികൾ ഭേദിച്ച് ആരാധകമനസ്സിൽ ഇടംപിടിച്ചത്. ഭൂമിയിലെ ചില അഭൗമതകൾക്കു പകരംവെയ്ക്കാൻ ഒന്നുമുണ്ടാവില്ല. കസ്തൂരിയും കന്മദവുംപോലെ ഇളയരാജയുടെ ബോധ്യങ്ങളിൽ നിന്നും ഊർന്നുവീഴുന്ന സംഗീതത്തിൻ്റെ നൂലിഴകൾക്കും പകരംവെയ്ക്കാൻ ഒന്നുമില്ല.... പലകാലങ്ങളിൽ ഇളയരാജയുടെ സംഗീതലോകങ്ങളിലൂടെയുള്ള പല അടരുകളുള്ള യാത്രയാണ് ഈ പുസ്തകം... പകരംവെക്കാനില്ലാത്ത ഒന്ന്
മനുഷ്യൻ അപ്പംകൊണ്ടും രാഷ്ട്രീയംകൊണ്ടും മാത്രം ജീവിച്ചാൽമതിയെന്ന് ശഠിച്ച ഫാസിസ്‌റ്റ് പ്രത്യയശാസ്ത്രക്കാർ കഴിഞ്ഞ അരനൂറ്റാണ്ടിലേറെക്കാലമായി അപവാദപ്രചരണം നടത്തിക്കൊണ്ടിരിക്കുന്ന പുസ്‌തകം. സ്‌റ്റാലിനിസ്‌റ്റ് സ്വേച്‌ഛാധിപത്യത്തിൻ്റെ നാളുകളിൽ റഷ്യയിൽ നിരോധിക്കപ്പെട്ട കൃതി. ഗ്ലാസ്നോസ്‌റ്റ് യുഗത്തിലും നിരോധനം തുടർന്ന കൃതി. മാർക്സിയൻ സൗന്ദര്യശാസ്ത്ര വിജ്ഞാനീയത്തിലെ ഏറ്റവും മൂല്യവത്തായ പുസ്‌തകം
ലണ്ടൻ ഫെസ്റ്റിവൽ ലോകസിനിമയുടെ ഒരു വലിയ ക്യാൻവാസാണ് വരച്ചിടുന്നത്. സത്യജിത് റേ, മൃണാൾ സെൻ, ഋത്വിക് ഘട്ടക്, ശ്യാം ബെനഗൽ തുടങ്ങിയ ഇന്ത്യൻ സംവിധായകരുടെ ചിത്രങ്ങളിലൂടെ വിശ്വസിനിമയിലേക്ക് പിച്ചവച്ചു ഞാൻ നടന്നുവന്നതും ഈ വഴിയിലൂടെയാണ്. ലോകരാജ്യങ്ങളുടെ ചലച്ചിത്ര സംസ്കാരത്തിലേക്കും അവരുടെ ജീവിതരീതികളിലേക്കുമുള്ള ഒരു പ്രവേശികകൂടിയായിരുന്നു അത്. ഒരു ചലച്ചിത്ര നിരൂപകൻ്റെ ലണ്ടൻ ഫെസ്റ്റിവൽ അനുഭവങ്ങൾ. അടൂർ ഗോപാലകൃഷ്‌ണൻ്റെ അവതാരിക
തിന്മയുടെ പ്രതീകമാണ് രാവണൻ എന്നത് രാമായണ വായനക്കാരുടെ മനസ്സിൽ പതിഞ്ഞിട്ടുള്ള പ്രാക്തന വിചാരമാണ്. എന്നാൽ ആഴമുള്ള രാമായണേതിഹാസപഠനങ്ങളിൽ തെളിയുന്ന രാവണ ബിംബം ഇത്തരം വിശ്വാസങ്ങളിൽനിന്നും അകലെയാണ്. രാവണനെ നായകസ്ഥാനത്തു പ്രതിഷ്‌ഠിച്ചുകൊണ്ട് ഭോപാൽസിംഗ് പൗലസ്ത്യ രചിച്ച നോവലിൻ്റെ മലയാളഭാഷാന്തരം.
ഒരു കലാരൂപമെന്നനിലയിൽ ചൈനയിൽ എഴുതപ്പെട്ട ചെറുകഥകളുടെ ആരംഭം താങ് ചക്രവർത്തിമാരുടെ കാലത്താണ്. അതിനുശേഷം സങ് കാലഘട്ടം ആരംഭിക്കുമ്പോഴേക്കും കഥപറച്ചിൽ സർവ്വസാധാരണമായ ഒരു വിനോദോപാധിയായി മാറിയിരുന്നു. ഈ രണ്ടുകാലഘട്ടങ്ങളിലേയും കഥകളാണ് ഈ സമാഹാരത്തിൻ്റെ ഉള്ളടക്കം. ചൈനയിലെ ആദ്യകാല കഥകളിലേക്കും ആധുനിക ചെറുകഥാസാഹിത്യത്തിലേക്കും വാതായനങ്ങൾ തുറന്നിടുന്ന എട്ടു കഥകൾ.
സമകാലിക മൂല്യവിചാരങ്ങൾക്കു വിപരീതമായി നിർമ്മിച്ചെടുത്ത ജീവിതാഖ്യാനങ്ങൾ. സൗന്ദര്യപരവും ബുദ്ധിപരവുമായ ശുഭപ്രതീക്ഷകൾ വാരിവിതറുന്ന ആവിഷ്കാരങ്ങൾ. മുപ്പത്തിയഞ്ചാം വയസ്സിൽ ആത്മഹത്യചെയ്‌ത ഒരതുല്യപ്രതിഭയുടെ കഥാലോകം. കുറൊസാവയുടെ വിഖ്യാതമായ ചലച്ചിത്രത്തിനാധാരമായ റാഷൊമോണും മറ്റുകഥകളും.
ആദാമിൻ്റെ വാരിയെല്ല് ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് ഞാൻ ആദ്യകാലം മുതലേ ഊന്നൽ കൊടുത്തിട്ടുള്ളത് സ്ത്രീകളുടെ ജീവിതം പ്രത്യയശാസ്ത്രമായി വരുന്ന സിനിമകൾ ചെയ്യുന്നതിനാണ്. സ്ത്രീകൾക്ക് അവരുടെ സ്വാതന്ത്ര്യം ക്രിയാത്മകമായി ഉപയോഗിക്കാൻ കഴിയണം. അത്തരം സിനിമയും സൊസൈറ്റിയുമാണ് ഞാൻ കണ്ടെത്താൻ ആഗ്രഹിക്കുന്നത്. ഒരു ഫിലിം മേക്കറെന്ന നിലയിലുള്ള എൻ്റെ സ്വാതന്ത്ര്യം പതിപ്പിക്കപ്പെടുന്നത് എനിക്കിഷ്ടപ്പെട്ട സിനിമകൾ ചെയ്യുവാൻ കഴിയുന്നതിലൂടെയാണ്. ആദാമിൻ്റെ വാരിയെല്ലം, ലേഖയുടെ മരണം ഒരു ഫ്ലാഷ്‌ബാക്കുമെല്ലാം ആ അർത്ഥത്തിൽ എൻ്റെ ആഗ്രഹത്തിൻ്റെ സാക്ഷാൽക്കാരങ്ങളാണ്.