മലാലായ ജോയയ്ക്ക് നാലുദിവസം പ്രായമുള്ളപ്പോഴാണ് സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്ഥാൻ ആക്രമിക്കുന്നത്. പാക്കിസ്ഥാനിലെയും ഇറാനിലെയും അഭയാർത്ഥി ക്യാമ്പുകളിലായിരുന്നു ജോയയുടെ കുട്ടിക്കാലം 1990-കളുടെ അവസാനം താലിബാൻ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാനിലേക്ക് ജോയ മടങ്ങിയെത്തി. അവിടെ അവർ സ്ത്രീകൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഒളിസംഘടനകളിൽ പ്രവർത്തിച്ചു.
നൃത്തം ചെയ്യുന്ന ഭഗവാൻ ശിവൻ്റെ മനോഹരമായ ചിത്രങ്ങളും പ്രതിമകളും പ്രപഞ്ചതാണ്ഡവത്തിൻ്റെ ദൃശ്യബിംബങ്ങളാണ്. അതുപോലെതന്നെയാണ് ആധുനിക ഭൗതിക ശാസ്ത്രജ്ഞന്മാർ ഫോട്ടോഗ്രാഫ് ചെയ്ത ബബിൾചാംബർ അടയാളങ്ങൾ. അത്യാധുനികവും വികസിതവുമായ നമ്മുടെ പാശ്ചാത്യ സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ചു ലഭ്യമായ ശിവതാണ്ഡവത്തിൻ്റെ നവീന പതിപ്പാണവ. അത്രതന്നെ സുന്ദരവും ആഴമാർന്നതുമാണ് അതിൻ്റെ പ്രഭാവം. ഇരുസന്ദർഭങ്ങളിലും സൃഷ്ടിയുടെയും സംഹാരത്തിൻ്റെയും ശാശ്വത നൃത്തത്തെ നാം ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ പ്രകൃതിപ്രതിഭാസങ്ങളുടെയും അടിത്തറയാണിത്. എല്ലാ അസ്തിത്വങ്ങളുടെയും അടിത്തറ.
കല്യാണ സദ്യ നടക്കുമ്പോൾ, പുറത്തു ഞങ്ങൾ ചൂഹ്രമാർ ഒരു കൊട്ടയും മുന്നിൽവച്ച് കാത്തിരിക്കും. സദ്യ കഴിയുമ്പോൾ ബാക്കിവരുന്നതെല്ലാം ഇലസഹിതം ഈ കൊട്ടകളിലിടും. പൂരിയുടെ കഷണങ്ങൾ, സബ്ജി, കറി ഇതെല്ലാം ഇടകലർന്നു കിടക്കുന്ന ഒരു എച്ചിൽ കൊട്ട ഞങ്ങൾ വീട്ടിലേക്കു കൊണ്ടുപോകും. എന്തു സ്വാദാണ് ആ എച്ചിലിന്!
മാർലൊയുടെ കൃതികൾ കരിണീപ്രസവംപോലെയാണ്. എന്തെന്നാൽ അദ്ദേഹം ഏറെ കൃതികൾ രചിച്ചിട്ടില്ല എന്നതു തന്നെ. ഉള്ളവയെല്ലാം ഈടുറ്റവ. കയ്പേറിയ ജീവിതത്തെ മധുരീകരിക്കുവാനും സ്വർഗ്ഗതുല്യമാക്കുവാനും ആലോചനാ മൃതമാക്കുവാനും അവയ്ക്ക് കഴിയുന്നു. അർത്ഥപുഷ്ടിയും ശ്രവണസുഭഗവുമായ ശബ്ദങ്ങൾ, ചിന്തോദ്ദീപകമായ ആശയങ്ങൾ എന്നീ ഗുണങ്ങളാൽ അവ ഹൃദയഹാരികളാകുന്നു. യൂറോപ്പിൻ്റെ സാംസ്ക്കാരികാന്തരീക്ഷത്തെ മുഴുവൻ ഇളക്കിമറിച്ച നവോത്ഥാനപ്രസ്ഥാനത്തിൻ്റെ പ്രതിഫലനം ദൃശ്യമാകുന്ന അത്യപൂർവ്വമായ രചന.
കലയിലൂടെയും മയക്കുമരുന്നുകളിലൂടെയും ധ്യാനമാർഗ്ഗങ്ങളിലൂടെയും കാഴ്ചയുടെ ഉപരിതലങ്ങളിൽനിന്ന് കാലാതീതമായ ഈശ്വരാനുഭൂതികളിലേക്ക് സഞ്ചരിക്കുകയാണ് ഹക്സിലി. അതീന്ദ്രിയ യാഥാർത്ഥ്യങ്ങളുടെ അജ്ഞാതഭൂമികകളിലേക്ക് വെളിച്ചം വീശുന്ന തത്വചിന്താലോകത്തെ അനന്യമായ ഒരു ക്ലാസിക് രചന.
നിരവധി ഏകപാത്രനാടകങ്ങൾ അരങ്ങിലെത്തിച്ചയാളെന്ന നിലയിൽ നാടകവേദിയിലെ ലിംഗപരമായ വിവേചനത്തെക്കുറിച്ചുള്ള ജിഷയുടെ കാഴ്ചപ്പാടിന് വലിയ പ്രസക്തിയുണ്ട്. ഈ സമാഹാരത്തിലെ നാടകങ്ങളിലെല്ലാം ഇതിൻ്റെ വ്യക്തമായ പ്രതിഫലനങ്ങൾ കാണാം. പ്രത്യേകിച്ചൊരു ധാരയുടെയും ഭാഗമാകാതെ നാടകവേദിയിൽ സ്വന്തമായൊരു വഴി വെട്ടിത്തെളിക്കുകയാണ് ഈ നാടകപ്രവർത്തക, എഴുത്തിലും സംവിധാനത്തിലും അഭിനയത്തിലുമെല്ലാം.
മല്ലാങ്കിണർ എന്ന എൻ്റെ കുഗ്രാമത്തിൽനിന്ന് മാനസരോവരിൽ എത്തിയപ്പോൾ ഞാൻ കണ്ട ഇന്ത്യ എന്നിൽ അദ്ഭുതമുളവാക്കി. ഒരു പുരുഷായുസ് മുഴുവൻ അലഞ്ഞുതിരിഞ്ഞാലും പൂർണമായി ഇന്ത്യയെ നോക്കികാണാൻ ഒരു വ്യക്തിക്കുമാവില്ല. ഭൂപടത്തിൽ കാണുന്ന ഇന്ത്യയും യാത്രകളിൽ കണ്ടറിയുന്ന ഇന്ത്യയും വ്യത്യസ്തമാണ്. എല്ലാ ഗ്രാമങ്ങളും ഓർമ്മകൾകൊണ്ട് നിർഭരമായിരിക്കുന്നു. അനന്തമായ ആ സ്മൃതിപഥത്തിൽ ഒരു ബിന്ദുവായി ഞാനും ലയിച്ചുചേരുന്നു. അതാണ് യാത്രയുടെ പരമാനന്ദം. ജ്ഞാനത്തിൻ്റെയും അനുഭവത്തിൻ്റെയും ആകാശമണ്ഡലങ്ങൾ വിസ്തൃതമാക്കുന്ന യാത്രാനുഭവം.
ഇടതുപക്ഷവൃത്തങ്ങളിൽ ഇപ്പോൾ ഒരു മിഥ്യ ശക്തിപ്പെട്ടുവരുന്നുണ്ട് മുതലാളിത്തത്തിനു ബദൽ മാർക്കറ്റ് സോഷ്യലിസമാണെന്ന മിഥ്യം. ഈ മിഥ്യയെ ധീരമായി പ്രതിരോധിക്കുന്ന പുസ്തകം. മനുഷ്യരുടെ അടിയന്തിരാവശ്യങ്ങളും സമത്വവും ബലികഴിച്ചുകൊണ്ട് സോഷ്യലിസത്തിലേക്ക് ഒരു മാർക്കറ്റ് പാത ഇല്ലെന്ന് അടിവരയിടുന്ന ലേഖനങ്ങൾ.
ശത്രു പതിനായിരംകൊല്ലത്തേക്ക് പരിപാടികൾ തയ്യാറാക്കുന്നു. ഭാവിയുടെ ഗർഭത്തിലുള്ള ശിശുക്കളിൽപോലും അവൻ്റെ വിഷലിപ്തമായ നഖപ്പാടുകൾ പതിപ്പിക്കാൻ ശ്രമിക്കുന്നു. അവൻ്റെ, എല്ലാറ്റിനെയും കല്ലാക്കിമാറ്റുന്ന ദൃഷ്ടിപാതത്തിൽനിന്ന് മരിച്ചവർക്കുപോലും രക്ഷപ്പെടാനാവില്ല. വഴിക്കലുകളിലെ അക്ഷരങ്ങൾ മാറ്റുന്ന ലാഘവത്തോടെ അവൻ, സെമിത്തേരിയിലെ കുറിപ്പുകൾ പോലും മാറ്റിയെഴുതും എന്നറിയുമ്പോഴാണ് തത്വശാസ്ത്രത്തിൽ പക്ഷംപിടിക്കുന്നതിൻ്റെ 'പാർട്ടിസാൻ'മാരാകുന്നതിൻ്റെ ആവശ്യകതയെപ്പറ്റിയുള്ള ലെനിൻ്റെ വാക്കുകൾ പ്രസക്തമാവുന്നത്. തെരഞ്ഞെടുത്ത വാക്കുകളിൽ എഴുതപ്പെട്ട എട്ട് മനുഷ്യപക്ഷ കഥകൾ.