ഒരു ഗ്രാമത്തിൻ്റെ പരിമിതികളിൽ ഒതുങ്ങുന്നതല്ല ഈ കവിതകൾ. ഇതിൽ കനപ്പെട്ടുതുങ്ങുന്ന ദുഃഖങ്ങളുണ്ട്. അത് ചുറ്റുപാടുമായി കവി കണ്ട ജീവിതമാണ്. അത് വ്യത്യസ്തമായ ഒരു സൗന്ദര്യം ധ്വനിപ്പിക്കുന്നു. എസ്. ജോസഫ്
സ്ത്രീ പുരുഷന്മാരുടെ ഒരു വലിയ സമൂഹം ഇതിൽ കഥാപാത്രങ്ങളായുണ്ട്. വള്ളവും വലയും ചരുവവുമായി അവർ ഈ കടൽത്തീരത്ത് നിമഗ്നരാകുന്നു. അവരുടെ സ്നേഹത്തിൻ്റെ പ്രണയത്തിൻ്റെ. വൈരാഗ്യത്തിൻ്റെ, കെറുവിൻ്റെ കഥകളാണ് സജു പറയുന്നത്. അവരുടെ ഭാഷയും വിനിമയങ്ങളും യഥാതഥമായി ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. പുതിയ നോവൽ തേടുന്നത് ഇത്തരം ദേശങ്ങളെയും കാലങ്ങളെയും മനുഷ്യരെയുമാണ്. ഈ കടലാഴത്തിൽ മനുഷ്യാദ്ധ്വാനത്തിൻ്റെ തിരയേറ്റമുണ്ട്. മനുഷ്യസ്നേഹത്തിൻ്റെ വെള്ളിമീൻ പതക്കമുണ്ട്. മീൻമണമുള്ള ഭാഷയുടെ കൊത്തുപണികളുണ്ട്. ഇനിയും വരട്ടെ ഈ എഴുത്തുകാരനിൽനിന്നും അഗാധ കഥനങ്ങൾ. വി.ആർ. സുധീഷ്
ആകാശക്കൊടുമുടിയിൽനിന്ന് കടൽദൂരത്തോളം ഒഴുകിവന്ന പുഴയോട് കടൽ ചോദിച്ചു “എന്തിനാണിത്ര ക്ലേശം സഹിച്ച് നീ എന്നിലേക്കെത്തിയത്! 'നിന്നോളമൊന്നിനെയും സ്നേഹച്ചിട്ടില്ല ഞാൻ. അത്രമേൽ പ്രണയം എന്നിൽ പൂത്തിരിക്കുന്നു...... ഓരോ മഴത്തുള്ളിയും നിന്നെ മാത്രം സങ്കല്പിച്ചെന്നിലേയ്ക്കലിയുമ്പോൾ നിന്നെ ഒന്നു കാണാതെ. തൊടാതെ ചുംബിക്കാതെ എങ്ങനെ ഞാൻ മരിയ്ക്കും.... അത്യപൂർവ്വമായ ഒരു വായനാനുഭവം
രാഷ്ട്രീയകവിതകളുടെ നിറമെന്താണെന്ന ചോദ്യവും അതിനു നിറമില്ലെന്ന അരാഷ്ട്രീയവാദികളുടെ ഉത്തരവും ഈ കവിതകൾ ചോദ്യംചെയ്യുന്നു. മനുഷ്യപക്ഷ രാഷ്ട്രീയം 'ദേശീയതാവാദത്തിന്' ബദലാകുന്നിടത്താണ് രാജേഷിൻ്റെ കവിതകളുടെ പ്രാധാന്യം. പലരും മറഞ്ഞുനിന്ന് എഴുതിയ രാഷ്ട്രീയം തെളിച്ചെഴുതുന്നിടത്താണ് രാഷ്ട്രീയ കവിതയുടെ മൂർച്ചകൂടുന്നത്.
ഈ ഓർമ്മചിത്രങ്ങൾ ഒപ്പിയെടുത്തിരിക്കുന്നത് കെട്ടിടങ്ങളുടെ പ്രൗഢിയോ വഴിയോരങ്ങളുടെ ഭംഗിയോ അല്ല, അതിനൊക്കെയുമപ്പുറമുള്ള മനുഷ്യനിലെ മനുഷ്യരെയാണ്. പാഠപുസ്തകങ്ങൾ എന്തൊക്കെ പറഞ്ഞാലും അധികാരങ്ങൾ എത്രയൊക്കെ അതിരിട്ടാലും ഭാഷക്കും മതത്തിനുമെല്ലാമപ്പുറത്ത് മറ്റൊരു മുനുഷ്യർകൂടി ജീവിക്കുന്നുണ്ടെന്ന് ആഴത്തിൽ അനുഭവിക്കാൻ ഈ പുസ്തകം ഊർജം പകരും.
ഇതു വനങ്ങളെക്കുറിച്ചുള്ള ഒരു ഗവേഷണ പുസ്തകമല്ല. ഭാഗികമായ സത്യവും ഭ്രമകല്പനകളുമടങ്ങിയ ഒരു സാഹിത്യകൃതിയുമല്ല. തങ്ങളുടെ ആദർശങ്ങൾക്കായി സ്വയം ജീവത്യാഗംചെയ്യാൻ സന്നദ്ധരായ, വ്യവസ്ഥാപിതത്വം നിയമനിഷ്കാസിതരാക്കിയ മാവോയിസ്റ്റ് ഗറില്ലകളുടെയും അവരെ പിന്തുണക്കുന്ന ഗോത്രവർഗ്ഗ ജനതയുടെയും ചോരപടർന്ന സമരജീവിതം. ഒരു പത്രപ്രവർത്തകൻ്റെ മാവോയിസ്റ്റ് ഗറില്ലാ സമരഭൂമിയിലൂടെയുള്ള യാത്രാനുഭവങ്ങൾ.
പട്ടിണിയും വിശപ്പും അജ്ഞതയും അനാരോഗ്യവും അകന്ന ഒരു പുതുലോകസൃഷ്ടിക്കുവേണ്ടി ചെലവഴിക്കേണ്ടുന്ന അറിവും വിഭവങ്ങളും സർവ്വനാശത്തിൻ്റെ ചതിക്കുഴികൾ നിർമ്മിക്കുന്നതിനായി ഉപയോഗിക്കപ്പെടുന്ന ദുരവസ്ഥക്കെതിരെ ഒരു സമരായുധമാകുന്നു ഈ ഗ്രന്ഥം. റോബർട്ട് ജങ്കിൻ്റെ Brighter than thosand suns എന്ന പ്രശസ്തഗ്രന്ഥത്തിൻ്റെ പുനരാഖ്യാനം.
ജനനത്തിനും മരണത്തിനുമിടയിലെ ദുരിതത്തിൻ്റെ ജീവിത നൂൽപ്പാലത്തിലൂടെ ഇഴഞ്ഞും കിതച്ചും ചൊറിഞ്ഞും കൈകാലിട്ടടിച്ചും കരയാതെ കരഞ്ഞും ഒടുങ്ങിയവരുടെ നിശ്വാസങ്ങൾ, പിടച്ചിലുകൾ, നെഞ്ചിടിപ്പുകൾ, അലമുറയില്ലാത്ത അലമുറകൾ, ഗർഭപാത്രം തന്നെ ശവപ്പറമ്പായി മാറിയ അമ്മമാരുടെ കണ്ണീരുവറ്റിയ തേങ്ങലുകൾ-പക്ഷെ ഭരണകൂടത്തിൻ്റെ കാതുകളിൽ എത്തിയതേയില്ല. അപ്പോഴും (ഇപ്പോഴും) അവർ പെരുംന്തയിലെ ആനമയിലൊട്ടകം വില്പനക്കാരെപ്പോലെ വിരലുകൾ കൊണ്ട് കൂട്ടിയും കിഴിച്ചും ഭൂമിയിലെ അരജീവിതങ്ങളെ പരിഹസിച്ച് കള്ളനും പോലീസും കളിച്ച് അന്വേഷണ കമ്മീഷനുകളെ ഏർപ്പാടു ചെയ്തു. സ്വന്തം ദേശത്തെ ജനതയോടും മണ്ണിനോടും ആജന്മശത്രുവിനോടെന്നപോലെ അവർ പെരുമാറുന്നു. ആഗോളനിരോധനമുള്ള ഒരു കീടനാശിനി ഉപയോഗത്തിലൂടെ ഒരു പ്രദേശത്തെ ജനജീവിതത്തെയാകെ തകർത്തതിൻ്റെ പ്രതിസ്ഫുരണമായിവന്ന ആഖ്യാനങ്ങളുടെ പുസ്തകരൂപം.
മുഹമ്മദുനബിയുടെ ജീവിതം ലോകത്തുടനീളമുള്ള ഗദ്യകാരന്മാരെ മാത്രമല്ല കവികളെയും പ്രചോദിപ്പിച്ചിട്ടുണ്ട്. അവർ പ്രവാചകൻ്റെ ജീവിതമോ അദ്ദേഹം പ്രസരിപ്പിച്ച ജീവിതമൂല്യങ്ങളോ കവിതകളിലൂടെ ആവിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ മഹാകവികളടക്കമുള്ള ലബ്ധപ്രതിഷ്ഠരായ ഏതാനും കവികൾ മുഹമ്മദുനബിയെ കുറിച്ചെഴുതിയ കവിതകളുടെ സമാഹാരം.
ഇതരമതങ്ങളോടുള്ള തുറന്നസമീപനം, സഹിഷ്ണുത, ആദരവ് എന്നിവയാണ് ഖുർആനിലെ പ്രധാന വിമോചനമൂലതത്വം. 'മതത്തിൽ ബലപ്രയോഗമില്ല' എന്നും 'നിങ്ങൾക്ക് നിങ്ങളുടെ മതം, എനിക്ക് എൻ്റെ മതം' എന്നും ഖുർആൻ വ്യക്തമാക്കുന്നു. അല്ലാഹുവിനെകൂടാതെ മറ്റുള്ളവയെ വിളിച്ച് ആരാധിക്കുന്നവരെ അവഹേളിക്കരുതെന്നും അങ്ങിനെയുണ്ടായാൽ അവർ അറിവില്ലാതെ അല്ലാഹുവിനെയും അവഹേളിക്കുമെന്നും മുസ്ലിങ്ങളോട് അനുശാസിക്കുന്ന ഖുർആൻ എല്ലാ പ്രവാചകരെയും ഒരു വിശ്വാസി ഒരേപോലെ ആദരിക്കണമെന്നും പഠിപ്പിക്കുന്നു. പ്രമുഖ വിമോചനദൈവശാസ്ത്രജ്ഞനും എഴുത്തുകാരനും ചിന്തകനുമായിരുന്ന അസ്ഗർ അലി എഞ്ചിനീയറുടെ തിരഞ്ഞെടുത്ത ലേഖനങ്ങൾ.
ജലകണികകൾ മഴയായോ മഞ്ഞായോ സാന്ദ്രമായി ഭൂമിയിൽ പതിക്കുന്നതുപോലെ, അവ അരുവികളും പുഴകളുമായി വീണ്ടും കടലിലേക്കൊഴുകുന്നതുപോലെ ഒഴുകിയും നിറഞ്ഞും ആസ്വാദനത്തിൻ്റെ പുതിയ അനുഭവതലം തീർക്കുന്ന കഥപറച്ചിലിൻ്റെ മായാലോകം.