മനുഷ്യൻ്റെ ബൗദ്ധിക നേട്ടങ്ങളുടെ ഏറ്റവും പ്രധാനകാലം ബിസി 5000 മുതൽ 3000 വരെയാണ്. സമൂഹത്തെ ആകമാനം പരിവർത്തന വിധേയമാക്കി ഈ നേട്ടങ്ങൾ. ബിസി 700 മുതൽ മൂന്നോ നാലോ നൂറ്റാണ്ടുകൾക്കിടയിലാണ് ദർശനങ്ങളുടെ സുവർണ്ണകാലം ആരംഭിക്കുന്നത്. ഇക്കാലത്താണ് ഇന്ത്യയിൽ ഉപനിഷത്തുകൾ മുതൽ ബുദ്ധൻ വരെയും യൂറോപ്പിൽ ഥെയിൽസു മുതൽ അരിസ്റ്റോട്ടിൽ വരെയുള്ള ദാർശനികർ ഉണ്ടായത്. രാഹുൽ സാംകൃത്യായൻ്റെ ഗ്രീക്ക് യൂറോപ്യൻ ഫിലോസഫി എന്ന കൃതിയുടെ സ്വതന്ത്ര വിവർത്തനം.
പല പ്രഭാതങ്ങളിലും സായന്തനങ്ങളിലും നിൻ്റെ ദൂതൻ വന്ന് എൻ്റെ ഹൃദയത്തിൽ അടക്കം പറഞ്ഞിട്ടുപോയി. സമയമായെന്നു തോന്നുന്നു. എല്ലാ കർമ്മങ്ങളിൽനിന്നും വിരമിക്കാൻ. വായുവിൽ നിൻ്റെ സുസാന്നിധ്യത്തിൻ്റെ അതിലോലമായ ഒരു മാദകമാധുര്യം കലർന്നിരിക്കുന്നു.
പുരുഷൻ്റെ ലൈംഗികാവയവങ്ങൾ പുറത്തേക്കാണ്. സ്ത്രീയുടേത് ഉള്ളിലേക്കും. അതാണ് ഏക വ്യത്യാസം. നിങ്ങളുടെ കുപ്പായക്കീശ പിടിച്ച് പുറത്താക്കിയിടുക. കീശ ആണായി മാറിയിരിക്കുന്നു. അതിനെ അതിൻ്റെ യഥാർത്ഥ സ്ഥിതിയിലേക്ക് മാറ്റുക. അത് പെണ്ണാവുന്നു. ഇതാണോ വ്യത്യാസമെന്ന് നിങ്ങൾ പറയുന്നത്? ആർക്കാണ് പുരുഷനാവേണ്ടത്? സ്ത്രീ-പുരുഷോർജ്ജങ്ങളുടെ സംയോഗത്തിൽ നിന്നാണ് നിങ്ങൾ പിറന്നത്. സ്ത്രീ സമത്വവാദത്തെക്കുറിച്ച് ഒരു മഹാഗുരുവിൻ്റെ ദർശനങ്ങൾ.
ജർമ്മനിയിൽ ഫാസിസം സാദ്ധ്യമാക്കിത്തീർത്തത് സദാചാരത്തിൽ ലോകം വിശ്വസിച്ചുകൊണ്ടിരുന്നതിനാലാണ് ഒരിക്കലും ഒരു പുതിയകാര്യവും അകത്തുകടക്കാൻ കഴിയാത്തവിധം ഒരു ഇരുമ്പുകവചംകൊണ്ട് നമ്മുടെ ചിന്താശക്തിയെ, സ്നേഹവാത്സല്യങ്ങളെ, വികാരങ്ങളെ കളങ്കമാക്കിത്തീർക്കുക എന്നത് ഫാസിസത്തിൻ്റെ മൗലികകാര്യമാണ്. അസഹിഷ്ണുതയും ആൾക്കൂട്ടക്കൊലപാതകങ്ങളും വർദ്ധിച്ചുവരുന്ന വർത്തമാനകാല ഇന്ത്യൻ യാഥാർത്ഥ്യത്തിൽ പ്രസക്തമാകുന്ന പുസ്തകം.
വാക്കുകളുടെ മനോഹാരിതമാത്രം അല്ലല്ലോ കവിത, എല്ലാംകൂടി ഒത്തുചേരുമ്പോൾ അത് ആത്മാവുള്ള കവിതകളാകുന്നു. ഈ കവിതാസമാഹാരത്തിൽ നമുക്ക് ഗൃഹാതുരത മുറ്റിനിൽക്കുന്ന കവിതകൾ ദർശിക്കാനാവും. എവിടെയോ നമ്മുടെയൊക്കെ മനസ്സുകളിൽ തങ്ങിനിൽക്കുന്ന ചിന്തകൾ, വാക്കുകളിലേക്കു രൂപമാറ്റം നല്‌കാൻ നമുക്കു സാധ്യമാകാത്ത ചിന്തകൾ. ഗ്രാമീണ ദൃശ്യചാരുതകൾ, പ്രണയത്തിൻ്റെ നാനാമുഖങ്ങൾ, വിരഹങ്ങൾ, വിഹ്വലതകൾ, അസ്‌തിത്വചിന്തകൾ... എല്ലാം നിറഞ്ഞുനിൽക്കുന്ന വരികൾ. പീലിവിടർത്തി ആടുന്ന മയിലിനെപ്പോലെ, കാലികപ്രസക്തിയുള്ള കവിതകൾ....... ഡോ. സുനിത മേരി ജോൺ
കവിത എഴുതുന്നതിന് നിയമങ്ങൾ ഒന്നുമില്ലെന്നും ഒഴിഞ്ഞപേജിൽ മുന്നേറുക എന്നും മിറോസ്ലാവ് ഹോലുബ് എഴുതിയിട്ടുണ്ട്. ശൂന്യമായിക്കിടക്കുന്ന ഇടങ്ങൾ ഇനിയും കവിതയിലുണ്ടെന്നും അവിടെ എഴുതി മുന്നേറുക എന്നുമാണ് അതിനർത്ഥം. നാളിതുവരെ എഴുതിയത് ആവർത്തിക്കാതെ എഴുതുക. ആരും എഴുതാത്ത പുതിയ ഒരു കവിത എഴുതുക.
ആദർശസമരത്തിൻ്റെ തീച്ചൂളകളിൽ സ്വജീവിതം സമർപ്പിച്ച ഇടതുപക്ഷ മനസ്സുകൾ. പീഡനമേൽക്കുന്ന ലോകത്തെങ്ങുമുള്ള അധസ്ഥിത മനുഷ്യൻ്റെ പിടച്ചിലുകളായിരുന്നു അവരുടെ കലാഭൂമിക. ചെറുത്തുനില്പിൻ്റെ പരിമിതമായ അവതരണമായിരുന്നു അവരുടെ ഓരോ കലാസൃഷ്ടിയും. അധികാരത്തിൻ്റെ ഉന്മത്തതയ്ക്കെതിരെ എന്നും മുഖംതിരിച്ചുനിന്ന ഒരുകൂട്ടം സഖാക്കളുടെ സമരസമാനമായ ജീവിതം.
ഏറ്റവും പുതിയ വർഗ്ഗീകരണമനുസരിച്ച് കുർദുകൾ ഒരു പക്ഷിവംശത്തിൻ്റെ ഗണത്തിലാണ് ഉൾപ്പെടുന്നത്. അതുകൊണ്ടാണ് ചരിത്രത്തിൻ്റെ പിഞ്ഞിയ മഞ്ഞത്താളുകളിൽ അവർ നാടോടികളായിത്തീരുന്നതും സഞ്ചാരിക്കൂട്ടങ്ങളിൽ അവരെ കണ്ടെത്താൻ തുനിയുന്നതും. യുദ്ധങ്ങളാലും വേട്ടകളാലും കൊലകളാലും പീഡനങ്ങളാലും നെയ്തെടുക്കപ്പെട്ട ആധിപത്യത്തിൻ്റെ തെരുവുകളെ തിരസ്ക്‌കരിക്കുന്ന കവിതകൾ.
ഗാന്ധിജി, താൻ ചെയ്‌തത് ഹിമാലൻ മണ്ടത്തരമാണെന്ന് ഉറക്കെപറയും. മനശാസ്ത്രജ്ഞന്മാർ അദ്ദേഹത്തിൽ ഒരു മസോക്കിസ്റ്റിനെയും ഒരു സാഡിസ്റ്റിനെയും ഒന്നിച്ചുകാണും. എന്നാൽ അങ്ങനെതന്നെയായിരുന്നില്ലേ ക്രിസ്‌തുവും. നമ്മുടെ മനസ്സിനും ബുദ്ധിക്കും ഹൃദയത്തിനും എത്തിപ്പിടിക്കാവുന്നതിനും അപ്പുറത്താണ് ക്രിസ്‌തുവും ഗാന്ധിയും. തൻ്റെ ഹൃദയത്തിനുള്ളിലെ ഗാന്ധിയെ ഗുരു നിത്യചൈതന്യയതി കണ്ടെത്തുന്നു. യതിക്കുമാത്രം കഴിയുന്ന തനിമയോടെ.
"ഒരാൾക്കും ടിബറ്റിനെ മനസിലാക്കാനാവില്ല; ഞങ്ങളുടെ മതത്തെപ്പറ്റി ചില ധാരണകളില്ലാതെ" -ദലൈലാമ ടിബറ്റിൻ്റെ ആത്‌മീയ നേതാവ് ദലൈലാമ തൻ്റെ നഷ്‌ടപ്പെട്ട രാജ്യത്തെ ഓർക്കുന്നു. അതിജീവനത്തിനായി പോരാടുന്ന ടിബറ്റിൻ്റെ വർത്തമാനമാണിത്. വേദനകൾ നിറഞ്ഞ, ചോരകിനിയുന്ന ഒരു വർത്തമാനം.
വേനലിനെ തണൽകൊണ്ടു പുതപ്പിക്കുകയാണ് ഈ കവിതകളിലൂടെ മഹേഷ്. പ്രണയം ഇവിടെ ഒരു ദർശനമായിമാറുന്നു. പ്രണയത്തെക്കുറിച്ച് ഞാൻ പറയാതെപോയ വരികൾ ഈ കവിതകളിലുണ്ട്. പറയേണ്ടുന്നവയും...... വ്രണിതമല്ലാത്ത ഒരു തീവ്രധ്യാനത്തിനായി വാതായനംചാരി കവിതയുടെ തുടക്കത്തിന് കണ്ണുകൾ തുറന്ന് തപസാരംഭിക്കുകയാണ് കവി.