സാമൂഹിക മനസ്സിൻ്റെ നൊമ്പരക്കാഴ്‌ചകളാൽ കുപിതമാക്കപ്പെട്ട ഒരു മനുഷ്യസ്നേഹിയുടെ വിരൽപ്പാടുകളാണീ കവിതകൾ. അകം കവിതയുടെ വൈകാരിക ലാളിത്യത്തിൽനിന്നും പുറം കവിതയുടെ മിന്നൽപിണരുകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്ന രാഷ്ട്രിയകവിതകളുടെ ശക്തമായ സാന്നിദ്ധ്യമാണ് ഈ സമാഹരത്തിൻ്റെ നട്ടെല്ല്.
ഈ ഓർമ്മചിത്രങ്ങൾ ഒപ്പിയെടുത്തിരിക്കുന്നത് കെട്ടിടങ്ങളുടെ പ്രൗഢിയോ വഴിയോരങ്ങളുടെ ഭംഗിയോ അല്ല, അതിനൊക്കെയുമപ്പുറമുള്ള മനുഷ്യനിലെ മനുഷ്യരെയാണ്. പാഠപുസ്തകങ്ങൾ എന്തൊക്കെ പറഞ്ഞാലും അധികാരങ്ങൾ എത്രയൊക്കെ അതിരിട്ടാലും ഭാഷക്കും മതത്തിനുമെല്ലാമപ്പുറത്ത് മറ്റൊരു മുനുഷ്യർകൂടി ജീവിക്കുന്നുണ്ടെന്ന് ആഴത്തിൽ അനുഭവിക്കാൻ ഈ പുസ്‌തകം ഊർജം പകരും.
രാഷ്ട്രീയകവിതകളുടെ നിറമെന്താണെന്ന ചോദ്യവും അതിനു നിറമില്ലെന്ന അരാഷ്ട്രീയവാദികളുടെ ഉത്തരവും ഈ കവിതകൾ ചോദ്യംചെയ്യുന്നു. മനുഷ്യപക്ഷ രാഷ്ട്രീയം 'ദേശീയതാവാദത്തിന്' ബദലാകുന്നിടത്താണ് രാജേഷിൻ്റെ കവിതകളുടെ പ്രാധാന്യം. പലരും മറഞ്ഞുനിന്ന് എഴുതിയ രാഷ്ട്രീയം തെളിച്ചെഴുതുന്നിടത്താണ് രാഷ്ട്രീയ കവിതയുടെ മൂർച്ചകൂടുന്നത്.
ആകാശക്കൊടുമുടിയിൽനിന്ന് കടൽദൂരത്തോളം ഒഴുകിവന്ന പുഴയോട് കടൽ ചോദിച്ചു “എന്തിനാണിത്ര ക്ലേശം സഹിച്ച് നീ എന്നിലേക്കെത്തിയത്! 'നിന്നോളമൊന്നിനെയും സ്നേഹച്ചിട്ടില്ല ഞാൻ. അത്രമേൽ പ്രണയം എന്നിൽ പൂത്തിരിക്കുന്നു...... ഓരോ മഴത്തുള്ളിയും നിന്നെ മാത്രം സങ്കല്പിച്ചെന്നിലേയ്ക്കലിയുമ്പോൾ നിന്നെ ഒന്നു കാണാതെ. തൊടാതെ ചുംബിക്കാതെ എങ്ങനെ ഞാൻ മരിയ്ക്കും.... അത്യപൂർവ്വമായ ഒരു വായനാനുഭവം
സ്ത്രീ പുരുഷന്മാരുടെ ഒരു വലിയ സമൂഹം ഇതിൽ കഥാപാത്രങ്ങളായുണ്ട്. വള്ളവും വലയും ചരുവവുമായി അവർ ഈ കടൽത്തീരത്ത് നിമഗ്‌നരാകുന്നു. അവരുടെ സ്നേഹത്തിൻ്റെ പ്രണയത്തിൻ്റെ. വൈരാഗ്യത്തിൻ്റെ, കെറുവിൻ്റെ കഥകളാണ് സജു പറയുന്നത്. അവരുടെ ഭാഷയും വിനിമയങ്ങളും യഥാതഥമായി ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. പുതിയ നോവൽ തേടുന്നത് ഇത്തരം ദേശങ്ങളെയും കാലങ്ങളെയും മനുഷ്യരെയുമാണ്. ഈ കടലാഴത്തിൽ മനുഷ്യാദ്ധ്വാനത്തിൻ്റെ തിരയേറ്റമുണ്ട്. മനുഷ്യസ്നേഹത്തിൻ്റെ വെള്ളിമീൻ പതക്കമുണ്ട്. മീൻമണമുള്ള ഭാഷയുടെ കൊത്തുപണികളുണ്ട്. ഇനിയും വരട്ടെ ഈ എഴുത്തുകാരനിൽനിന്നും അഗാധ കഥനങ്ങൾ. വി.ആർ. സുധീഷ്
ഘർവാപസി ശ്രമങ്ങളിൽ നിന്നും അനുബന്ധ അതിക്രമങ്ങളിൽനിന്നും ബുൾഡോസർ രാഷ്ട്രീയത്തിലേക്കുള്ള വളർച്ചയാണ് കഴിഞ്ഞ ഏതാനും വർഷങ്ങളിലെ ഇന്ത്യൻ ന്യൂനപക്ഷങ്ങളുടെ ജീവിതചരിത്രം നമ്മോടു പറയുന്നത്. ഇന്ത്യയിൽ ജീവിക്കാൻ അർഹതയില്ലാത്തവരുടെ പട്ടികകൾ പലതരത്തിൽ തയ്യാറാക്കുകയാണ് ഹിന്ദുത്വ സംഘങ്ങൾ. ഇന്ത്യൻ സാമൂഹികജീവിതത്തിൻ്റെ തനിമ ഇല്ലായ്‌മചെയ്യുകയും മതേതര സഹജീവനത്തിൻ്റെ സാദ്ധ്യതകളെ നിരന്തരം ആക്രമിക്കുകയും ചെയ്യുന്ന മത-തീവ്രവാദരാഷ്ട്രീയത്തിൻ്റെ ഉള്ളറകൾ.
രോഗഗ്രസ്‌തമായ ലോകത്തിൽ രോഗാതുരമായ ഒരു ശരീരം പ്രദാനംചെയ്യുന്ന വേദനയുടെയും ഭയാശങ്കകളുടെയും ഏകാന്തമായ തുരുത്തുകളിൽനിന്ന് ജീവിതത്തിൻ്റെ ശക്തിയെയും കാമനകളുടെ മാന്ത്രികതയെയും അഭിസംബോധനചെയ്യുന്ന എഴുത്ത്. ജീവപര്യന്തം അനുഭവിക്കാനുള്ള ജീവിതത്തെ ആവാഹിക്കുന്ന മന്ത്രണങ്ങൾ.
ജനനത്തിനും മരണത്തിനുമിടയിലെ ദുരിതത്തിൻ്റെ ജീവിത നൂൽപ്പാലത്തിലൂടെ ഇഴഞ്ഞും കിതച്ചും ചൊറിഞ്ഞും കൈകാലിട്ടടിച്ചും കരയാതെ കരഞ്ഞും ഒടുങ്ങിയവരുടെ നിശ്വാസങ്ങൾ, പിടച്ചിലുകൾ, നെഞ്ചിടിപ്പുകൾ, അലമുറയില്ലാത്ത അലമുറകൾ, ഗർഭപാത്രം തന്നെ ശവപ്പറമ്പായി മാറിയ അമ്മമാരുടെ കണ്ണീരുവറ്റിയ തേങ്ങലുകൾ-പക്ഷെ ഭരണകൂടത്തിൻ്റെ കാതുകളിൽ എത്തിയതേയില്ല. അപ്പോഴും (ഇപ്പോഴും) അവർ പെരുംന്തയിലെ ആനമയിലൊട്ടകം വില്പനക്കാരെപ്പോലെ വിരലുകൾ കൊണ്ട് കൂട്ടിയും കിഴിച്ചും ഭൂമിയിലെ അരജീവിതങ്ങളെ പരിഹസിച്ച് കള്ളനും പോലീസും കളിച്ച് അന്വേഷണ കമ്മീഷനുകളെ ഏർപ്പാടു ചെയ്തു. സ്വന്തം ദേശത്തെ ജനതയോടും മണ്ണിനോടും ആജന്മശത്രുവിനോടെന്നപോലെ അവർ പെരുമാറുന്നു. ആഗോളനിരോധനമുള്ള ഒരു കീടനാശിനി ഉപയോഗത്തിലൂടെ ഒരു പ്രദേശത്തെ ജനജീവിതത്തെയാകെ തകർത്തതിൻ്റെ പ്രതിസ്ഫുരണമായിവന്ന ആഖ്യാനങ്ങളുടെ പുസ്‌തകരൂപം.
പട്ടിണിയും വിശപ്പും അജ്ഞതയും അനാരോഗ്യവും അകന്ന ഒരു പുതുലോകസൃഷ്‌ടിക്കുവേണ്ടി ചെലവഴിക്കേണ്ടുന്ന അറിവും വിഭവങ്ങളും സർവ്വനാശത്തിൻ്റെ ചതിക്കുഴികൾ നിർമ്മിക്കുന്നതിനായി ഉപയോഗിക്കപ്പെടുന്ന ദുരവസ്ഥക്കെതിരെ ഒരു സമരായുധമാകുന്നു ഈ ഗ്രന്ഥം. റോബർട്ട് ജങ്കിൻ്റെ Brighter than thosand suns എന്ന പ്രശസ്തഗ്രന്ഥത്തിൻ്റെ പുനരാഖ്യാനം.
ഇതു വനങ്ങളെക്കുറിച്ചുള്ള ഒരു ഗവേഷണ പുസ്‌തകമല്ല. ഭാഗികമായ സത്യവും ഭ്രമകല്പനകളുമടങ്ങിയ ഒരു സാഹിത്യകൃതിയുമല്ല. തങ്ങളുടെ ആദർശങ്ങൾക്കായി സ്വയം ജീവത്യാഗംചെയ്യാൻ സന്നദ്ധരായ, വ്യവസ്ഥാപിതത്വം നിയമനിഷ്കാസിതരാക്കിയ മാവോയിസ്റ്റ് ഗറില്ലകളുടെയും അവരെ പിന്തുണക്കുന്ന ഗോത്രവർഗ്ഗ ജനതയുടെയും ചോരപടർന്ന സമരജീവിതം. ഒരു പത്രപ്രവർത്തകൻ്റെ മാവോയിസ്റ്റ് ഗറില്ലാ സമരഭൂമിയിലൂടെയുള്ള യാത്രാനുഭവങ്ങൾ.