പുതുകാലജീവിതത്തിൻ്റെ അയൽപക്ക ബന്ധങ്ങളിലെ ബലമില്ലായ്‌മ വരച്ചിടുകയാണ് പ്രവീൺ പാലക്കീൽ ഒരു വ്യക്തിക്ക് സംഭവിക്കുന്ന നിസ്സഹായതയിൽനിന്നും സ്നേഹത്തിൻ്റെ പാഠം പഠിപ്പിക്കുന്നതോടൊപ്പം മനുഷ്യസ്നേഹത്തിൻ്റെ പൂർണ്ണതയും കൂടി വരച്ചിടുകയാണ് കഥാകൃത്ത്. സ്നേഹം, കരുണ, സ്വാർത്ഥത, പ്രണയം, ലഹരി, വിരഹം, മരണം തുടങ്ങി എല്ലാ മാനുഷികവികാരങ്ങളുടെയും മേളനമാണ് ഇതിലെ കഥകൾ, മനുഷ്യജീവിതത്തിൻ്റെ ആകെച്ചിത്രമാണവ. ജീവിതം അതിൻ്റെ എല്ലാ നഗ്നതയോടെയും കഥകളാക്കി രൂപാന്തരപ്പെടുത്തുകയാണ് പ്രവീൺ പാലക്കീൽ. ജീവിതമേത് കഥയേത് എന്ന നിസ്സഹായതയിൽ വായനക്കാരനെ സ്തംഭിപ്പിക്കുന്നു. വെള്ളിയോടൻ
തിബത്തിൻ്റെ വിമോചനത്തിനായി ജീവിതം സമർപ്പിച്ച ഈ കാലഘട്ടത്തിലെ ഏറ്റവും പ്രമുഖനായ ആക്റ്റിവിസ്റ്റ് തൻ്റെ ജീവിതത്തെക്കുറിച്ച് എഴുതുന്നു; അസ്വസ്ഥവും തീക്ഷ്‌ണവുമായ ഭാഷയിൽ. ഈ ആത്മകഥ വിപ്ലവകാരിയായ ഒരു കവിയുടെ കേവലാർത്ഥത്തിലുള്ള ജീവിതക്കുറിപ്പല്ല. അഭയാർത്ഥിജീവിതത്തിൻ്റെ അറിയപ്പെടാത്ത നേരുകളാണ്. ഒരൊറ്റരാജ്യവും പിന്തുണയ്ക്കാനില്ലാത്ത, ജനാധിപത്യ മനുഷ്യാവകാശപ്രസ്ഥാനങ്ങൾ മൗനംപാലിക്കുന്ന ഒരു സ്വാതന്ത്യസമരകഥയുടെ പരിണിതിയെക്കുറിച്ചുള്ള ഉത്‌കണ്ഠകൾ.
ജീവിതമേ നീ എന്ത്?, എന്ന് നാം വിസ്മയിച്ചുപോകുന്ന മികച്ച കഥകളുടെ സമാഹാരമാണ് മനോജ് കോടിയത്തിൻ്റെ 'കിമയ'. പാൻഡമിക് കാലത്തിൻ്റെ വിഹ്വലതകളും പ്രവാസ ജീവിതത്തിലെ സംത്രാസങ്ങളും ദാമ്പത്യത്തിലെ കാലുഷ്യങ്ങളും നിരുപാധികമാം സ്നേഹത്തിൻ്റെ ഉർവ്വരതയും മറ്റും ആഖ്യാനഭംഗിയോടെ തിരയടിക്കുന്ന കഥകൾ. കയ്യൊതുക്കത്തിൻ്റെ വൈഭവം ഓരോ കഥയെയും അവിസ്മരണീയമാക്കുന്നു. മൂന്നാം പതിപ്പിലെത്തുമ്പോൾ, കിമയ കൂടുതൽ വായനക്കാരിലേക്കെത്തുമ്പോൾ, കൂടുതൽ ചർച്ചകൾക്കിടയാകുമ്പോൾ, വ്യക്തിപരമായി എന്നിലുള്ള അഭിമാനവും സന്തോഷവും ഹൃദയപൂർവ്വം പങ്കുവെയ്ക്കട്ടെ. അംബികാസുതൻ മാങ്ങാട് കഥപറച്ചിലിൻ്റെ ലാളിത്യമാണ് മനോജ് കോടിയത്തിൻ്റെ കഥകളുടെ മുഖമുദ്ര. ഭ്രമാത്മകതയുടെ ലോകത്തെ 'ഒറ്റമൈന', ദുരൂഹമായ വഴികളിലൂടെ വായനക്കാരനെ കൊണ്ടുപോകുന്ന 'അയാൾ', കഥയുടെ ആദിമദ്ധ്യാന്തങ്ങൾ ക്രമം തെറ്റിച്ചെത്തുന്ന 'കിമയ', ഇനിയുമുണ്ട് കഥകൾ. പുസ്‌തകം അടച്ചാലും ചില ചോദ്യങ്ങൾ ഉള്ളിൽ അവശേഷിക്കും. അപരിചിതരായ മനുഷ്യർ നമുക്ക് ചിരപരിചിതരാവും. അവരുടെ നിസ്സഹായത നമ്മുടേതുമാകും. കഥയെന്നാൽ ജീവിതം തന്നെയല്ലേ! ഷീല ടോമി
ആരാണ് തങ്ങളുടെ ജീവിതം താറുമാറാക്കിയത് എന്ന് ലോകത്തിലെ ഓരോ മനുഷ്യരും ചോദിച്ചു കൊണ്ടിരിക്കുന്ന കാലത്താണ് ഈ കഥ ഇറങ്ങുന്നത്. ഉത്തരം എല്ലാവർക്കും അറിയാം. പക്ഷെ, ചൂണ്ടാൻ വെമ്പുന്ന വിരലിനെ പണ്ടില്ലാത്ത വിധം ആരോ പിൻവലിക്കുന്നുണ്ട്. പിൻവലിക്കുന്ന ആ നിമിഷത്തെ വെറുതെ വിടാതിരിക്കാനാണ് റസീന ഇക്കഥയെഴുതിയത്. മനുഷ്യസ്നേഹത്തിന് ഇന്ന് ഉത്കണ്ഠയുടെ മുഖമാണുള്ളത് എന്ന് വിശ്വസിക്കുന്നവർ ഈ കഥ ഇഷ്ടപ്പെടും. പി. എൻ. ഗോപീകൃഷ്ണൻ
സാംസ്കാരിക പ്രവർത്തകരിൽ ഒരു വലിയ വിഭാഗം പലവിധ കാരണങ്ങളാൽ സവർണ്ണ സംസ്കാരവുമായി ശൃംഗരിച്ചുകൊണ്ടിരിക്കെ അതിനെതിരെയുള്ള സമരം അത്യന്തം ശക്തിയാർജ്ജിക്കേണ്ടത് അനിവാര്യമാണ്. കറുപ്പിൻ്റെ സൗന്ദര്യശാസ്ത്രം കരുത്താർജ്ജിക്കുന്നതു കീഴടക്കാപ്പെട്ടവരുടെ ഉയർത്തിപ്പിടിച്ച മുഷ്ടിയിൽനിന്നാണ്. സാഷ്ടാംഗ പ്രണാമത്തിലല്ല, സമരത്തിൻ്റെ ശരികളിൽവെച്ചാണ് 'സൗന്ദര്യം' പൂക്കുന്നത്! കറുപ്പും വെളുപ്പും അടക്കമുള്ള സർവ നിറങ്ങളും തുല്യതയിൽ നൃത്തമാടുന്ന ഒരു കാലത്തെയാണത് കിനാവുകാണുന്നത്.
ഒരു ഗ്രാമത്തിൻ്റെ പരിമിതികളിൽ ഒതുങ്ങുന്നതല്ല ഈ കവിതകൾ. ഇതിൽ കനപ്പെട്ടുതുങ്ങുന്ന ദുഃഖങ്ങളുണ്ട്. അത് ചുറ്റുപാടുമായി കവി കണ്ട ജീവിതമാണ്. അത് വ്യത്യസ്‌തമായ ഒരു സൗന്ദര്യം ധ്വനിപ്പിക്കുന്നു. എസ്. ജോസഫ്
ഇതൊരു ജീവചരിത്ര ഗ്രന്ഥമല്ല.. ആത്മകഥയുമല്ല... താൻപോരിമകളും കുടുംബവാഴ്ചകളും ആസക്തികളും അധികാരബോധങ്ങളും മാത്രം രാഷ്ട്രീയക്കുപ്പായമിട്ടു മുന്നിട്ടുനടക്കുന്ന കാലത്ത്, ഇതൊന്നുമല്ല രാഷ്ട്രീയമെന്നും ഇങ്ങിനെയൊന്നുമല്ല രാഷ്ട്രീയമെന്നും ഓർമിപ്പിക്കുന്ന ഒരാൾ. അയാളുടെ കലഹങ്ങളെല്ലാം ബോധ്യങ്ങൾക്കു നേരെയുള്ള ചോദ്യംചെയ്യലുകളോടും കാപട്യങ്ങളോടുമായിരുന്നു. നിലപാടില്ലായ്മകളോടായിരുന്നു. മറുതലയ്ക്കൽ ആരെന്നുനോക്കാതെ മുതുകുവളഞ്ഞവർക്കു നടുവിൽ നട്ടെല്ലുള്ളവൻ നിവർന്നുനിന്നു വിരൽ ചൂണ്ടിയപ്പോൾ അത് അഹങ്കാരത്തിൻ്റെ മറുപേരായി, ധാർഷ്ട്യമായി.. കാലദോഷം..ആ ധാർഷ്ട്യത്തിൻ്റെ പുസ്തകമാണിത്. നിലപാടുകളുടെ അൾത്താര. പിണറായി വിജയനെന്ന വാക്കിനു് രണ്ടു പക്ഷങ്ങളില്ല.. ഒരുപാട് വ്യാഖ്യാനങ്ങളില്ല... അത് രക്തമിറ്റുന്ന കൈപ്പത്തിപോലെ ചരിത്രത്തോട് സംസാരിച്ചുകൊണ്ടേയിരിക്കും.