കുടിച്ചുതീർക്കാൻ നീക്കിവെക്കുന്ന രാത്രിക്കുപ്പിയുടെ അവസാന മദ്യഭാഗംപോലെയാണ് നീ പറയുന്നവിടപറയലുകൾ. "ഇന്നേക്ക് ഞാൻ പോയ് വരട്ടെയെന്ന" നിൻ്റെ ഓരോ യാത്രപറച്ചിലുകളും ഒരു നിമിഷം എന്നെ അനാദിയായ കടൽത്തീരത്തെത്തിക്കുന്നു. കാലവാഹിനിയായ ആ ജലഭൂപടത്തിനു മുന്നിലെന്നപോലെ നിൻ്റെ അഭാവം തുടർന്ന് സൃഷ്ടിച്ചേക്കാവുന്ന വേദനിപ്പിക്കുന്ന നിശബ്ദത എന്നെ എപ്പോഴേ അസുഖകരമായ അവസ്ഥകളിലേക്കു തള്ളിവിട്ടു തുടങ്ങിയിരിക്കുന്നു.... സത്യം. (ഫ്രാൻസ് കാഫ്മയുടെ ഡയറിയിൽനിന്ന് ) തിരമാലകൾ പോലെ സ്നേഹം പതയുന്ന ആത്മസൗഹൃദങ്ങളുടെ ആമുഖവചനങ്ങളാണി പുസ്തകം. ഓർമകളുടെയും ഓർത്തെടുക്കലുകളുടെയും പുനരെഴുത്തിൻ്റെയും പുസ്തകം.
വിശ്വസാഹിത്യത്തിലെ സമാനതകളില്ലാത്ത നാമമാണ് ഗേയ് ദി മോപ്പസാങ്ങിന്റേത്. നോർമൻ ജനതയുടെ കാർഷിക ജീവിതവും ഫ്രാൻസും പ്രഷ്യയും തമ്മിലുണ്ടണ്ടായ വിനാശകരമായ യുദ്ധവും ഫ്രാൻസിലെ ബൂർഷ്വാ വർഗ്ഗത്തിൻ്റെ കണ്ണടച്ചുള്ള ജീവിതവും ആധാരമാക്കി മോപ്പസാങ്ങ് എഴുതിയ ചെറുകഥകളും നോവലുകളും ലോകസാഹിത്യത്തിൻ്റെ സ്വഭാവം നിർണ്ണയിച്ചവയാണ്. എഴുത്ത് എന്ന പ്രക്രിയ സാധാരണീകൃതമായ ജീവിതവും അതിൻ്റെ കൈവഴികളായ വൈകാരിക ഭാവങ്ങളുമായി കൂടിച്ചേരുന്ന മാന്ത്രികത മോപ്പസാങ്ങിൻ്റെ എഴുത്തിൽ കാണാം. ഒരുപക്ഷെ അതിൻ്റെ തന്നെ തുടർച്ചയാണ് ലൈംഗികത പ്രമേയമായി മോപ്പസാങ്ങ് എഴുതിയ കഥകളും. കണ്ണീരും ചിരിയും ശ്വാസവും പോലെ രതിയും പ്രിയരിലേക്കു ഒഴുകിയിറങ്ങുന്ന രചനയുടെ മാന്ത്രികത.
പുത്തരിക്കണ്ടങ്ങളിലും പുലകനാർകോട്ടകളിലും നിന്ന് പിഴുതെറിഞ്ഞിട്ടും വരണ്ടമണ്ണിൽ കാലമർത്തി ഇലകളാലും ഇലത്തുമ്പിലെ കണ്ണീർ മഞ്ഞുതുള്ളികളാലും വളവും വെള്ളവും സൃഷ്‌ടിച്ച് സ്വയം തല ഉയർത്തിപ്പിടിച്ച കൃഷ്ണകാന്തികൾ.......
യുദ്ധങ്ങളും അരാജകത്വവും പലായനവും അവ്യവസ്ഥകളും ഉടച്ചുകളഞ്ഞ ജനതയുടെ ആത്മാവിഷ്കാരങ്ങൾ. വാക്കുകൾ തുടിച്ചുയരുന്ന ഉറവുകൾ വൻനദികളായി അനുഭവങ്ങളുടെ പുതിയ ഇടങ്ങളെ നിർമ്മിക്കുകയും പുതിയലോകങ്ങളെ പരിചയപ്പെടുത്തുകയും ചെയ്യുന്ന കവിതകൾ.
ഒന്നും മോഹിച്ചിട്ടുവന്നവനല്ല ഞാൻ. അറിയാവുന്ന ഒരു ജോലി, അത് നന്നായി ചെയ്തു. അതിനെക്കുറിച്ചെനിക്കുറപ്പുണ്ട്. മലയാളികളുടെ ചുണ്ടുകളിൽ എൻ്റെ ചില പാട്ടുകളെങ്കിലുമുണ്ട്. അവർ ചിലപ്പോഴൊക്കെ അത് മൂളുന്നുണ്ടെന്നും എനിക്കറിയാം. ഒന്നുമില്ലാതെ വന്നവന് അത്തരം ചില നല്ല അറിവുകൾ തന്നെയാണ് ഏറ്റവും വലിയ നിധി. പ്രശസ്ത സംഗീത സംവിധായകൻ എം കെ അർജ്ജുനൻ്റെ ആത്മകഥാക്കുറിപ്പുകൾ
പാറച്ചുവരുകളിലും കളിമൺ കട്ടകളിലും ഭാഷ ജ്വലിപ്പിച്ച അജ്ഞാതനാമാക്കളായ ആദ്യകാലകവികൾ മുതൽ, ഭാഷയിൽ ജ്വലനങ്ങൾ തീർക്കുന്ന സമകാലികർവരെയുള്ള വലിയൊരു ജനതയാണ് കവിതയുടെ ഭൂമി നിർമ്മിച്ചവർ. അവർ തെളിച്ച വഴി വെളിച്ചങ്ങൾ ജീവിതത്തിൻ്റെ ആനന്ദ-ദുഃഖ-പ്രതിസന്ധികാണ്ഡങ്ങളിൽ വെള്ളിവെളിച്ചമായി തെളിയുന്നു.
ഒരു അരാജകവാദിയുടെ അപകടമരണം' ആദ്യവായനയിൽ തീവ്ര ഇടതുപക്ഷചിന്തയോ അരാജകവാദമോ മുന്നോട്ടുവയ്ക്കുന്ന ഒരു കൃതിയാണെന്നു തോന്നിയേക്കാം. വാസ്തവത്തിൽ അങ്ങനെയല്ല. കാരണം, ഭരണകൂടത്തിൻ്റെ ഭീകരതയാണ് ഈ നാടകത്തിൻ്റെ കേന്ദ്രബിന്ദു. അരാജകവാദവും തീവ്രവാദവും ഭരണകൂടഭികരതയുടെ എതിർധ്രുവങ്ങളെന്നനിലയിൽ മാത്രമാണ് പ്രസക്തം, അല്ലാതെ ആ വാദങ്ങളുടെ സമർത്ഥനമല്ല നാടകത്തിൻ്റെ ഉദ്ദേശ്യം:
തൻ്റെ വീക്ഷണങ്ങളെയല്ല, അതിനോട് സമരസപ്പെടുത്തി ജീവിതത്തെ, അതിൻ്റെ ലഹരിയെ, ആനന്ദങ്ങളെ, അസഹനീയമായ ദുഃഖങ്ങളെയൊക്കെ ചിത്രീകരിക്കാനും രൂപവൽക്കരിക്കാനുമൊക്കെയാണ് അയാൾ ചിത്രകലയും ശില്പകലയും ഉപയോഗപ്പെടുത്തിയത്. സഹജീവിബോധത്തോടെ അയാൾ സ്വന്തം സ്വാതന്ത്ര്യത്തിനു മുൻതൂക്കം നൽകി. ആ സ്വാതന്ത്യ്രത്തിൽ, കലാബോധത്തിൽ രാഷ്ട്രീയക്കാരനും ഖനിത്തൊഴിലാളിയും കവിയും പട്ടാളക്കാരനും തോട്ടിയും കച്ചവടക്കാരനും ഒക്കെയുണ്ടായിരുന്നു.. അനേകം കലാപരിസരങ്ങളിലേക്കു് ഇടംവലം നോക്കാതെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അപകടകരമായ വിസ്തൃത ബോധത്തോടെ നിരന്തരം കടന്നുചെന്ന പ്രതിഭയായിരുന്നു പിക്കാസോ. മനുഷ്യൻ ഇല്ലായ്മ ചെയ്യപ്പെടുന്ന ഏതു പ്രക്ഷോഭങ്ങൾക്കും കൂട്ടായ്മകൾക്കും എതിരെ പിക്കാസോയുടെ കല എതിർത്തുനിന്നു...
ഒരു വ്യക്തിയിലെ സ്വാർത്ഥം ഉടഞ്ഞ് അയാൾ ജീവിതത്തിൽ എങ്ങനെ ഇല്ലാതായിപ്പോകുന്നു. അയാളിലെ അയാൾ എങ്ങനെ ഭൂമിയിൽ പരിവർത്തനത്തിന് വിധേയമാകുന്നു. ആളുകൾക്കിടയിൽ അയാൾ നടത്തിയ നായാട്ട് എങ്ങനെ ഭസ്മമായി. ജീവിതത്തിൻ്റെ പൊടിഞ്ഞുപോകാത്ത ഓർമ്മകളുടെ കരിയിലകൾകൊണ്ട് മെനഞ്ഞെടുത്തതാണ് അപരകഥ. കെ.പി.മുരളീധരൻ്റെ ചിത്രീകരണം
ഓർമ്മകൾ അടഞ്ഞകണ്ണുകളുടെ നടകളിറങ്ങുമ്പോൾ എന്നെ കാത്തിരുന്ന ഓർമ്മകളുടെ നാമ്പുകൾ പിന്നെയും തലയാട്ടാൻ തുടങ്ങി. തിക്കിത്തിരക്കി പടിക്കലോളം അവയെന്നെ പിൻതുടർന്നുവന്നു. പിന്നെ അറച്ചുനിന്നു. ഞാൻ കടലിലേക്ക് വളളമിറക്കി. അകലുന്ന എന്നെ നോക്കി കരയിൽനിന്നവർ കൂട്ടത്തോടെ ആളുവാൻതുടങ്ങി.
ജാതിയില്ലാത്ത മഴയും അപ്പൂപ്പൻതാടിപോലെ പറക്കുന്ന മനസ്സും തുറന്ന സ്ഥലത്തുപോലും ലഭിക്കാത്ത ശുദ്ധവായുവും ഉള്ളിലെ കൊടുങ്കാറ്റും പേരറിയാത്ത ഒരു ഉണക്കമരത്തിലെ അസ്ഥികൂടവും മറന്നുവെച്ച നിലക്കടലത്തോടിൻ്റെ കുടയും ഉടഞ്ഞ കണ്ണാടിപ്പാത്രവും രേഖകൾ ഒന്നുംതന്നെയില്ലാത്ത ഉള്ളംകൈയും ചെമ്പകക്കാട്ടിലെ മഞ്ഞുമഴയുള്ള രാത്രിയും പെൺചിലന്തിയും ധാന്യമണികളും ചെരിപ്പു കടിച്ച മുറിവും ഒരുപിടിമണ്ണ് തരുന്ന അഭിമാനവും അപമാനവും മണ്ണുകൊണ്ടുണ്ടാക്കിയ വിഗ്രഹങ്ങൾ താമസിക്കുന്ന മാർബിൾ പതിച്ച കൊട്ടാരവും ഈ കാവ്യഭൂഖണ്ഡത്തിൽ വിസ്മയവ്യക്ഷങ്ങളായി നമ്മെ ആകർഷിക്കുന്നു. കുരീപ്പുഴ ശ്രീകുമാർ