നേരേ അർത്ഥം തരുന്ന ശൈലിയും അനുഭൂതിയുമായി മാറിത്തീരുന്ന വാക്കുകൾ. ജീവിതാനുഭവങ്ങളുടെ ആവിഷ്ക്കാരമെന്നനിലയിൽ ഈ കവികളുടെ ഭാഷയും മനസും നമ്മോടു സംസാരിച്ചുതുടങ്ങുകയാണ്. കാവ്യഭാഷയിൽ പൊതിഞ്ഞുവെച്ച ശ്രദ്ധയിൽ പതിയിരിക്കുന്ന സൗന്ദര്യം.
പ്രതീക്ഷകളുടെ അവസാന തുരുത്തുകളും അടഞ്ഞുപോകുമ്പോൾ ഉയരുന്ന നിലവിളികൾ. ജീവിച്ചുതീർത്തവരുടെ മുഴുവൻ ഭാരവുമേറ്റി ഭാവിയിലേക്കു വെളിച്ചവും സുഗന്ധവും സ്നേഹത്തണലുകളും കരുതിവയ്ക്കാൻ തുടിക്കുന്ന വാക്കുകൾ ഒരു ജനത ഒരു നാവിലൂടെ സംസാരിക്കുമ്പോൾ ആ ശബ്ദം എത്ര സാന്ദ്രവും ചരിത്രപരവും രോഷാകുലവുമാകുമെന്നു ബോധ്യപ്പെടുത്തുന്ന കവിതകൾ.
ഹൈക്കു നമ്മൾ തലപുകഞ്ഞാലോചിച്ച് എഴുതേണ്ട ആവശ്യമില്ല. ഹൈക്കുകൾ എമ്പാടും അങ്ങിങ്ങായി ചിതറിക്കിടക്കുന്നു. അതിനെ ശ്രദ്ധയിൽപ്പെടുത്തി കണ്ടെടുത്താൽമതി. ഒരു നല്ല ക്യാമറാമാൻ്റെ ദൃഷ്ടിയുള്ളവന് ഒരു നല്ല ഹൈക്കു കവിയായി മാറാൻ സാധിക്കും. ലിങ്കുസാമി ഹൈക്കു എഴുതുന്നതിൽ അത്ഭുതമില്ല. അദ്ദേഹം ചലച്ചിത്ര രചയിതാവാണ്. ക്യാമറാക്കണ്ണുള്ളവൻ. അതുകൊണ്ട് പൂന്തോട്ടത്തിൽനിന്നും പൂവുകൾ പറിക്കുന്നതുപോലെ ഹൈക്കുകവിതകൾ നുള്ളിയെടുക്കുന്നു. കവിസാമ്രാട്ട് അബ്‌ദുൾ റഹ്മാൻ
എന്നോടു പറയൂ, ഞാനെങ്ങാൻ നിൻ്റെ കാൽ കവർന്ന് ഉള്ളംകാലടിയിൽ ചുംബിച്ചാൽ, അതിനുശേഷം നീ തെല്ലൊന്നു മുടന്തില്ലേ; എൻ്റെ ചുംബനം ഞെരിഞ്ഞമർന്നാലോ എന്ന ഭയത്തിനാൽ... പ്രണയത്തിൻ്റെയും മരണത്തിൻ്റെയും ആസക്തികളുടെയും അനാസക്തികളുടെയും വിമോഹനാത്മകവും വിഭ്രമാത്മകവുമായ പ്രതലങ്ങളെയാവാഹിക്കുന്ന രചനകൾ.
'ഒപ്പിടാത്ത അപേക്ഷ' ഒരു അവസ്ഥയെ കുറിക്കുന്നു. ഇന്നും അദ്യശ്യവും 15 അജ്ഞാതവുമായികിടക്കുന്ന ജീവിതമേഖലയുടെ ഒരു മാനിഫെസ്റ്റോയാണത്. മലയാളത്തിലെ പുതിയ കവിതയുടെ അവബോധം ഈ കവിതകളിലാകെയുണ്ട്. കവിതയെഴുത്തിൻ്റെ പഴയലോകങ്ങളെ ഇവ റദ്ദുചെയ്യുന്നു. -എസ് ജോസഫ്
ശ്രീജിത്ത് വാവയുടെ ഓരോ കാവ്യച്ചിന്തുകളും ചിന്തയ്ക്ക് തീ കൊളുത്തുന്നതാണ്. ചെറു തീപ്പൊരികൾകൊണ്ട് അതു മുൻധാരണകളുടെ മഹാവിപിനത്തെ കത്തിച്ചുകളയുന്നു. പുതിയ സത്യങ്ങളെ വച്ചുപിടിപ്പിക്കുകയും ചെയ്യുന്നു. കുരീപ്പുഴ ശ്രീകുമാർ സത്യങ്ങളുടെ ഭയരഹിതമായ വിളിച്ചുപറയലും ആധികാരിക, ആധാര ഗ്രന്ഥങ്ങളിൽ നിന്നല്ലാത്ത ജീവിത ദർശനങ്ങളുടെ പ്രദർശനശാലയും കൂടിയായ ഈ കവിതകൾ മലയാള കവിതയിന്നോളം വെട്ടിയ ചാലുകളിലൂടെയല്ലാതെ, ജീവിതംപോലെ പിടിതരാതെ പരന്നൊഴുകുകയാണ്. വിനീതാ വിജയൻ ഞാനുകൾ ഒരുപാട് ഞാനുകൾക്കിടയിലെ ഒരു ഞാനിനെ തിരയാലാകാം. അല്ലെങ്കിൽ ഞാനുകളെല്ലാം ഞാൻ മാത്രമാണെന്ന തിരിച്ചറിവിലേക്കുള്ള യാത്രയാകാം. ഹിമാ ശങ്കർ
പ്രണയം എന്നത് എത്രയോ വിശുദ്ധമായ പദമാണ്. പ്രപഞ്ചത്തിൻ്റെ സ്വരമാണത്. എങ്ങനെയാണ് ആ വാക്കിന് നിർവ്വചനം നൽകുക! ഒറ്റവാക്കിലോ വാചകത്തിലോ ഒതുങ്ങാത്ത ആന്തരികാർത്ഥങ്ങൾ ഏറെയുള്ള പദം. ജീവൻ്റെ നിലനിൽപ്പിനുതന്നെ ആധരമായ വാക്ക്. ജീവൻ്റെ തീക്ഷ്‌ണതയാണ് പ്രണയം. അതു നക്ഷത്രങ്ങളെ കാണിക്കുന്നു. ആകാശത്തിൻ്റെ അനന്തതയറിയിക്കുന്നു. നിലാവിനും കൂരിരുട്ടിനും ഒരുപോലെ സൗന്ദര്യമുണ്ടെന്നു പറയുന്നു.
ഇരുളും വെളിച്ചവും നിഴലും നിലാവും മാറിമാറി വീശിയടിക്കുന്ന സങ്ങിൻ്റെ കാവ്യലോകത്തിൽ സന്ധ്യയുടെ അരുണശോഭയ്ക്കും സ്വപ്നത്തിന്റെ മഞ്ഞ നക്ഷത്രങ്ങൾക്കും ഇടം കിട്ടുന്നു. ഈ കുന്നിൻചരിവിൻ്റെ ടോപ്പോഗ്രഫിയിൽ മൈതാനങ്ങളും വയലും കശുമാവിൻ തോട്ടവും കോട്ടയും വഴിയും പുഴയും പൊഴിയും വിടർന്നു വരുന്നു. ഡോ. എൽ തോമസ്‌കുട്ടി
എഴുതുന്നത് ആനന്ദിപ്പിക്കാനോ കവിത്വം പ്രകടിപ്പിക്കാനോ അല്ലെന്നും കവിതകളിലെ ഓരോ വാക്കുകളും വായിക്കുന്നവരുടെ മനസ്സാക്ഷിയെ പൊള്ളിക്കാനാണെന്നും ആവർത്തിക്കുന്ന കവിതകൾ. അധികാരവും ആധിപത്യവും അതിരുകളിലേക്കാട്ടിയ മനുഷ്യരുടെ ഇടങ്ങളും ജീവിതവും ഏറ്റവും തെളിച്ചത്തോടെ കവിതകളായി ഉയിർക്കുന്നു.
ദേവമനോഹറിൻ്റെ കവിതകളിൽ തീവ്രമായ ചില പ്രതിഷേധങ്ങളും പ്രതിബോധങ്ങളും പ്രത്യാശകളുമുണ്ട്. ഉത്തരാധുനികമനുഷ്യൻ്റെ ചെറുതായിപ്പോയ ചെറുപ്പത്തോടൊപ്പം 'ബോൺസായ്' പരുവത്തിലേക്കു ചുരുങ്ങിപ്പോയ വലുപ്പങ്ങളെയോർത്താണ് അമർഷംനിറഞ്ഞ വിഷാദത്തോടെ കവി പ്രതിഷേധം രേഖപ്പെടുത്തുന്നത്. പുതിയ മനുഷ്യവ്യവസ്ഥ നഷ്‌ടപ്പെടുത്തിക്കളഞ്ഞ മനുഷ്യപ്രകൃതി സൗഭാഗ്യങ്ങളെയോർത്ത് കവി അഗാധമായി വിഷാദിക്കുന്നു.
എപ്പോഴാണ് ഒരു കവിത അനേകം ആളുകൾക്ക് വിവർത്തനക്ഷമമായിത്തോന്നുന്നത്? അഥവാ ഏതു ഗുണങ്ങളാണ് ഒരു കവിതയിലേക്ക് അനേകം പരിഭാഷകരെ ആകർഷിക്കുന്നത്? 1. ഭാഷാപരമായ ലാളിത്യം 2. സങ്കീർണ്ണതയുടെ അഭാവം 3. പരിചിതമായ ദർശനം 4. സാധാരണം എന്നോ സാർവ്വജനീനം എന്നോ പറയാവുന്ന ഒരാശയത്തിൻ്റെ സാന്നിദ്ധ്യം 5. ഏതുരീതിയിൽ ചെയ്‌താലും നിലനില്ക്കുന്ന ഒരു കാതൽ. നശ്വരത എന്നും കവിതയുടെ പ്രമേയമായിരുന്നു; കവികൾ പല രീതികളിൽ അതിനെ കൈകാര്യം ചെയ്‌തിട്ടുണ്ട്. ലളിതമായും സങ്കീർണ്ണമായും. ഈ കവിത സരളമായി മരണത്തിൻ്റെ അപ്രവചനീയതയെ പ്രമേയമാക്കുന്നു എന്നിടത്താണ് ഒരുപക്ഷെ അസാധാരണമല്ലാത്ത ഈ രചനയുടെ ആകർഷണം പ്രവർത്തിക്കുന്നത്. സച്ചിദാനന്ദൻ
ഓരോ മഴയും ഓരോ സ്‌നാനമാണ്. ഓരോ സ്നാനവും മറ്റൊരു ജന്മത്തിലേയ്ക്കുള്ള ഉണർവ്വം. പറയാനുള്ളതെന്താണോ അതിനുചേർന്ന ശില്‌പവും ഭാഷയും ഈ കവിതകളിൽ സ്വയം രൂപപ്പെടുന്നു. അങ്ങനെ കാവ്യപരമായ മുൻധാരണകൾ തകരുന്നു. കവിത സ്വതന്ത്രമാകുന്നു. എഴുതിയ വാക്കുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന നിശബ്ദത ഒരു ചാവേറിൻ്റെ ആത്മബലം കരുതിവയ്ക്കുന്നു.