എനിക്കാ റോസാപ്പൂക്കളൊന്നും വേണ്ട, നിൻ്റെ വിരലുകൾ മതി. മുള്ളുകൊണ്ടുള്ളിൻ്റെ മുഴുവൻ ചെമപ്പുമായിവന്ന് ധ്യാനിച്ചുനിൽക്കയാണ് ഒരു രക്തത്തുള്ളി... ഹൃദയത്തിന്നാഴത്തിൽനിന്ന് പുറത്തേക്കൊഴുകുന്ന നൂറ്റിപ്പതിനൊന്ന് പ്രണയമന്ത്രണങ്ങൾ.
സ്ത്രീസ്വത്വത്തെ ലൗകികത-ആത്മീയത. തഥ്യ-മിഥ്യ, യാഥാർത്ഥ്യം അനുഭൂതി എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങളിലൂടെ വിശകലനം ചെയ്യാനുള്ള ശ്രമം. അനുഭവത്തെയും അനുഭൂതിയെയും മലയാളഭാഷയിലേക്ക് എങ്ങനെ കൊണ്ടുവരാമെന്നത് കവികളുടെ എക്കാലത്തെയും അന്വേഷണമാണ്. ഈ കാവ്യങ്ങളിലൂടെ അത്തരമൊരന്വേഷണമാണ് കവി നടത്തുന്നത്. പ്രൊഫ. സി.ആർ. പ്രസാദ്
സ്വപ്നവും ജാഗരവും തമ്മിലുള്ള മാറാട്ടങ്ങൾ ജീവിതവും മൃതിയും തമ്മിലുള്ള മാറാട്ടങ്ങൾപോലെ അത്ര സ്വാഭാവികമായി ഇഴചേരുന്ന കവിതകൾ. മരണത്തിൽ മുഴുകുന്നൊരാൾ പ്രണയത്തിലേക്കും അതിലൂടെ സ്വപ്നത്തിൻ്റെ ജീവിതസജീവതയിലേക്കും തെന്നിപ്പോകുന്ന മാന്ത്രികാനുഭവം. അഴിയാചങ്ങലകളുടെ കണ്ണികൾപോലെ വായനയെ പൂട്ടിയിടുന്ന കാവ്യഫ്രെയിമുകൾ
വിപുലമായ കാവ്യാനുഭവങ്ങളുടെയും ബൗദ്ധികമായ ചിന്തകളുടെയും ആഴങ്ങളിൽനിന്നാണ് ഈ കവിതകൾ മിക്കവയും ഉടലെടുക്കുന്നത്. നെടുകെയും കുറുകെയും കോർത്തിണക്കിയ ചട്ടക്കൂടിലെ അംഗുലീയവിടവുകളിൽ വിരലമർത്തിയാൽ മാത്രമേ അതു തുറക്കുവാനും അനുവാചകന് അതിൻ്റെയുള്ളിലെ വിസ്മയക്കാഴ്ച്ചകൾ കാണുവാനും കഴിയുകയുള്ളൂ.. അശാന്തികളുടെ മുകൾപ്പരപ്പിലെ ശാന്തമായ മനുഷ്യവ്യവഹാരങ്ങളുടെ ആന്തരികവിനിമയങ്ങൾ.
മനുഷ്യമനസ്സിൽ ജീവിക്കുവാനുള്ള പ്രേരണയേകുന്ന ഓരോനിമിഷവും അവൻ അല്ലെങ്കിൽ അവൾ കടന്നുപോകുന്ന അവസ്ഥകളാണ്. പ്രാർത്ഥനപോലെ ജീവിതം. ചുറ്റിലും ഇരുട്ടാണെന്ന് അകമേ നിലവിളിക്കുമ്പോഴും ഒരിറ്റു സൂര്യൻ കണ്ടുകിട്ടിയേക്കും. എന്നെ അറിയുന്നപോലെ, പൂർണ്ണമായി മനസ്സിലാക്കിയതുപോലെ ഒരാൾ എനിക്കൊപ്പമുണ്ടാവും. അതു ശുഭകരമായ ഒരു വിശ്വാസമാണ്. ദുഃഖങ്ങളിൽ തളരാതെ സകല പ്രതിബന്ധങ്ങളെയും നേരിട്ട് ഒന്നിനെയോർത്തും ഭയപ്പെടാതെ സഞ്ചരിക്കാനുള്ള ആത്മധൈര്യമാണ് ഈ കവിതകൾ. ദിശാസൂചകങ്ങളായി അക്ഷരങ്ങൾ തണലും തുണയുമായി വാക്കുകൾ യാത്ര അനന്തമായി തുടരുകതന്നെയാണ്. സാക്ഷിയായി കവിതയും. മധുപാൽ