സംഗീതമെന്ന മൂലകുടുംബത്തിൽപ്പെട്ടവയാണ് ഈണങ്ങളെല്ലാം. ഭാവോദ്ദീപന ശക്തിയാണ് സംഗീതത്തിന്റെ മുഖ്യസ്വഭാവം. അതുകൊണ്ട് ഈണങ്ങളുടെ അകമ്പടിയോടെ രൂപപ്പെടുന്ന കവിതയ്ക്ക് ലോലവും ചടുലവുമായ ഏതുതരം ഹൃദയഭാവത്തേയും ഉജ്വലിപ്പിക്കാൻ കഴിയും, അത് ആസ്വാദന ബോധത്തിൽ ചാരുതകളുടെ വസന്തം വിരിയിക്കുകയും ചെയ്യും.
ഓ, മജ്നു, എൻറെ പ്രിയപ്പെട്ട ഭ്രാന്താ, പ്രേമത്തിനു മധുരമായ വേദനയുണ്ടെന്നു നീ ഇനിയും അറിഞ്ഞില്ലേ? ലൈലയോടുള്ള നിൻ്റെ പ്രേമം എൻ്റെ കരകൗശലവും അവളുടെ സൗന്ദര്യം എൻ്റെ കവിൾത്തടത്തിൻ്റെ പ്രതിച്ഛായയും. ലൈലയിലൂടെ നീ എന്നെയാണു പ്രേമിച്ചത്. ഞാനാ പ്രേമം നന്നായി ആസ്വദിച്ചു.
ശാസ്ത്രീയ ഗവേഷണങ്ങളുടെയും പരിവർത്തനങ്ങളുടെയും ശക്തിമത്തായ സമ്മർദ്ദംകൊണ്ട് ചൂടുപിടിച്ച ഒരു കാലഘട്ടത്തിൽ 'നാം ജീവിക്കുകയാണെ'ന്ന വസ്തുത നിഷേധിക്കപ്പെടാവുന്ന ഒന്നല്ല. മാർക്സിസ്റ്റ് ദൃഷ്ടികോണിലൂടെ മനുഷ്യൻ്റെ കഴിവുകളെ തികച്ചും പ്രവർത്തനാത്മകമായ മാർഗ്ഗത്തിൽ വിലയിരുത്തുകയും പിന്തിരിപ്പൻ മനോഭാവങ്ങളെ പാടെ തകർക്കുകയും ചെയ്യുന്ന പ്രഖ്യാത ഗ്രന്ഥത്തിൻ്റെ ഭാഷാന്തരം.
ലണ്ടൻ ഫെസ്റ്റിവൽ ലോകസിനിമയുടെ ഒരു വലിയ ക്യാൻവാസാണ് വരച്ചിടുന്നത്. സത്യജിത് റേ, മൃണാൾ സെൻ, ഋത്വിക് ഘട്ടക്, ശ്യാം ബെനഗൽ തുടങ്ങിയ ഇന്ത്യൻ സംവിധായകരുടെ ചിത്രങ്ങളിലൂടെ വിശ്വസിനിമയിലേക്ക് പിച്ചവച്ചു ഞാൻ നടന്നുവന്നതും ഈ വഴിയിലൂടെയാണ്. ലോകരാജ്യങ്ങളുടെ ചലച്ചിത്ര സംസ്കാരത്തിലേക്കും അവരുടെ ജീവിതരീതികളിലേക്കുമുള്ള ഒരു പ്രവേശികകൂടിയായിരുന്നു അത്. ഒരു ചലച്ചിത്ര നിരൂപകൻ്റെ ലണ്ടൻ ഫെസ്റ്റിവൽ അനുഭവങ്ങൾ. അടൂർ ഗോപാലകൃഷ്ണൻ്റെ അവതാരിക
ഒരർത്ഥത്തിൽ ജനനത്തോടുകൂടിതന്നെ മരണവും തീരുമാനിക്കപ്പെട്ടു കഴിഞ്ഞു. ജനിച്ച ദിവസത്തിൽതന്നെ യാത്ര പകുതി പൂർത്തിയായി കഴിഞ്ഞ. ശേഷം പാതിക്കുവേണ്ടി ഒരല്പം സമയമെടുത്തേക്കാം. ജീവിതത്തോടുകൂടി മരണവും നിങ്ങളിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. ഇനി നിങ്ങൾക്ക് സ്വയം ചെയ്യുവാനായി ശേഷിക്കുന്നത് ഒരുകാര്യം മാത്രമാണ് നിങ്ങളുടെ അധീനതയിലായിരിക്കുന്നത്-അതാണ് പ്രണയം!
സുന്ദരം, വിരൂപം എന്ന സാധാരണ വേർതിരിവിനെ ചോദ്യവിധേയമാക്കുമ്പോഴാണ് സൗന്ദര്യശാസ്ത്രം സർഗ്ഗവിസ്ഫോടനങ്ങളുടെ 'സുവിശേഷ'മാകുന്നത്. സർവ്വനിശ്ചലതകളെയും ചലനാത്മകമാക്കി പുനർനിർമ്മിക്കുമ്പോഴാണ് കലയിൽ സൗന്ദര്യം രൂപപ്പെടുന്നത്. The books that help you most are those which make you think that most. The hardest way of learning is that of easy reading; but a great book that comes from a great thinker is a ship of thought, deep freighted with truth and beauty. Pablo Neruda
മാർക്സിസവും വേദാന്തവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ചുള്ള വസ്തുതയെ മതിയായി ആദരിക്കാനുള്ള സന്നദ്ധത അടുത്തകാലംവരെ ബൂർഷ്വാസിയും മാർക്സിസ്റ്റ് ചിന്തകരും ഒരുപോലെ കാണിച്ചിരുന്നില്ല. പത്തൊൻപതാം നൂറ്റാണ്ടിലെവേദാന്തത്തിൻ്റെ നിസ്സാരമായ ഒരു ഉപവിഭാഗം മാത്രമായിട്ടായിരുന്നു മാർക്സിസത്തെ വേദാന്തവിഷയത്തിലെ പ്രൊഫസർമാർ കണ്ടിരുന്നത്. മാർക്സിൻ്റെ ലോകവീക്ഷണത്തെത്തന്നെ ആധാരമാക്കി ഒരു സമ്പൂർണ്ണ സൗന്ദര്യവിജ്ഞാനീയത്തിൻ്റെ അടിത്തറകൾ നിർമ്മിക്കുന്ന ശ്രദ്ധേയമായ ചിന്തകൾ.
ഇതൊരു ജീവചരിത്ര ഗ്രന്ഥമല്ല.. ആത്മകഥയുമല്ല... താൻപോരിമകളും കുടുംബവാഴ്ചകളും ആസക്തികളും അധികാരബോധങ്ങളും മാത്രം രാഷ്ട്രീയക്കുപ്പായമിട്ടു മുന്നിട്ടുനടക്കുന്ന കാലത്ത്, ഇതൊന്നുമല്ല രാഷ്ട്രീയമെന്നും ഇങ്ങിനെയൊന്നുമല്ല രാഷ്ട്രീയമെന്നും ഓർമിപ്പിക്കുന്ന ഒരാൾ. അയാളുടെ കലഹങ്ങളെല്ലാം ബോധ്യങ്ങൾക്കു നേരെയുള്ള ചോദ്യംചെയ്യലുകളോടും കാപട്യങ്ങളോടുമായിരുന്നു. നിലപാടില്ലായ്മകളോടായിരുന്നു. മറുതലയ്ക്കൽ ആരെന്നുനോക്കാതെ മുതുകുവളഞ്ഞവർക്കു നടുവിൽ നട്ടെല്ലുള്ളവൻ നിവർന്നുനിന്നു വിരൽ ചൂണ്ടിയപ്പോൾ അത് അഹങ്കാരത്തിൻ്റെ മറുപേരായി, ധാർഷ്ട്യമായി.. കാലദോഷം..ആ ധാർഷ്ട്യത്തിൻ്റെ പുസ്തകമാണിത്. നിലപാടുകളുടെ അൾത്താര. പിണറായി വിജയനെന്ന വാക്കിനു് രണ്ടു പക്ഷങ്ങളില്ല.. ഒരുപാട് വ്യാഖ്യാനങ്ങളില്ല... അത് രക്തമിറ്റുന്ന കൈപ്പത്തിപോലെ ചരിത്രത്തോട് സംസാരിച്ചുകൊണ്ടേയിരിക്കും.
ജനനത്തിനും മരണത്തിനുമിടയിലെ ദുരിതത്തിൻ്റെ ജീവിത നൂൽപ്പാലത്തിലൂടെ ഇഴഞ്ഞും കിതച്ചും ചൊറിഞ്ഞും കൈകാലിട്ടടിച്ചും കരയാതെ കരഞ്ഞും ഒടുങ്ങിയവരുടെ നിശ്വാസങ്ങൾ, പിടച്ചിലുകൾ, നെഞ്ചിടിപ്പുകൾ, അലമുറയില്ലാത്ത അലമുറകൾ, ഗർഭപാത്രം തന്നെ ശവപ്പറമ്പായി മാറിയ അമ്മമാരുടെ കണ്ണീരുവറ്റിയ തേങ്ങലുകൾ-പക്ഷെ ഭരണകൂടത്തിൻ്റെ കാതുകളിൽ എത്തിയതേയില്ല. അപ്പോഴും (ഇപ്പോഴും) അവർ പെരുംന്തയിലെ ആനമയിലൊട്ടകം വില്പനക്കാരെപ്പോലെ വിരലുകൾ കൊണ്ട് കൂട്ടിയും കിഴിച്ചും ഭൂമിയിലെ അരജീവിതങ്ങളെ പരിഹസിച്ച് കള്ളനും പോലീസും കളിച്ച് അന്വേഷണ കമ്മീഷനുകളെ ഏർപ്പാടു ചെയ്തു. സ്വന്തം ദേശത്തെ ജനതയോടും മണ്ണിനോടും ആജന്മശത്രുവിനോടെന്നപോലെ അവർ പെരുമാറുന്നു. ആഗോളനിരോധനമുള്ള ഒരു കീടനാശിനി ഉപയോഗത്തിലൂടെ ഒരു പ്രദേശത്തെ ജനജീവിതത്തെയാകെ തകർത്തതിൻ്റെ പ്രതിസ്ഫുരണമായിവന്ന ആഖ്യാനങ്ങളുടെ പുസ്തകരൂപം.
പട്ടിണിയും വിശപ്പും അജ്ഞതയും അനാരോഗ്യവും അകന്ന ഒരു പുതുലോകസൃഷ്ടിക്കുവേണ്ടി ചെലവഴിക്കേണ്ടുന്ന അറിവും വിഭവങ്ങളും സർവ്വനാശത്തിൻ്റെ ചതിക്കുഴികൾ നിർമ്മിക്കുന്നതിനായി ഉപയോഗിക്കപ്പെടുന്ന ദുരവസ്ഥക്കെതിരെ ഒരു സമരായുധമാകുന്നു ഈ ഗ്രന്ഥം. റോബർട്ട് ജങ്കിൻ്റെ Brighter than thosand suns എന്ന പ്രശസ്തഗ്രന്ഥത്തിൻ്റെ പുനരാഖ്യാനം.