ഇതൊരു ജീവചരിത്ര ഗ്രന്ഥമല്ല.. ആത്മകഥയുമല്ല... താൻപോരിമകളും കുടുംബവാഴ്ചകളും ആസക്തികളും അധികാരബോധങ്ങളും മാത്രം രാഷ്ട്രീയക്കുപ്പായമിട്ടു മുന്നിട്ടുനടക്കുന്ന കാലത്ത്, ഇതൊന്നുമല്ല രാഷ്ട്രീയമെന്നും ഇങ്ങിനെയൊന്നുമല്ല രാഷ്ട്രീയമെന്നും ഓർമിപ്പിക്കുന്ന ഒരാൾ. അയാളുടെ കലഹങ്ങളെല്ലാം ബോധ്യങ്ങൾക്കു നേരെയുള്ള ചോദ്യംചെയ്യലുകളോടും കാപട്യങ്ങളോടുമായിരുന്നു. നിലപാടില്ലായ്മകളോടായിരുന്നു. മറുതലയ്ക്കൽ ആരെന്നുനോക്കാതെ മുതുകുവളഞ്ഞവർക്കു നടുവിൽ നട്ടെല്ലുള്ളവൻ നിവർന്നുനിന്നു വിരൽ ചൂണ്ടിയപ്പോൾ അത് അഹങ്കാരത്തിൻ്റെ മറുപേരായി, ധാർഷ്ട്യമായി.. കാലദോഷം..ആ ധാർഷ്ട്യത്തിൻ്റെ പുസ്തകമാണിത്. നിലപാടുകളുടെ അൾത്താര. പിണറായി വിജയനെന്ന വാക്കിനു് രണ്ടു പക്ഷങ്ങളില്ല.. ഒരുപാട് വ്യാഖ്യാനങ്ങളില്ല... അത് രക്തമിറ്റുന്ന കൈപ്പത്തിപോലെ ചരിത്രത്തോട് സംസാരിച്ചുകൊണ്ടേയിരിക്കും.
ഘർവാപസി ശ്രമങ്ങളിൽ നിന്നും അനുബന്ധ അതിക്രമങ്ങളിൽനിന്നും ബുൾഡോസർ രാഷ്ട്രീയത്തിലേക്കുള്ള വളർച്ചയാണ് കഴിഞ്ഞ ഏതാനും വർഷങ്ങളിലെ ഇന്ത്യൻ ന്യൂനപക്ഷങ്ങളുടെ ജീവിതചരിത്രം നമ്മോടു പറയുന്നത്. ഇന്ത്യയിൽ ജീവിക്കാൻ അർഹതയില്ലാത്തവരുടെ പട്ടികകൾ പലതരത്തിൽ തയ്യാറാക്കുകയാണ് ഹിന്ദുത്വ സംഘങ്ങൾ. ഇന്ത്യൻ സാമൂഹികജീവിതത്തിൻ്റെ തനിമ ഇല്ലായ്‌മചെയ്യുകയും മതേതര സഹജീവനത്തിൻ്റെ സാദ്ധ്യതകളെ നിരന്തരം ആക്രമിക്കുകയും ചെയ്യുന്ന മത-തീവ്രവാദരാഷ്ട്രീയത്തിൻ്റെ ഉള്ളറകൾ.
ജനനത്തിനും മരണത്തിനുമിടയിലെ ദുരിതത്തിൻ്റെ ജീവിത നൂൽപ്പാലത്തിലൂടെ ഇഴഞ്ഞും കിതച്ചും ചൊറിഞ്ഞും കൈകാലിട്ടടിച്ചും കരയാതെ കരഞ്ഞും ഒടുങ്ങിയവരുടെ നിശ്വാസങ്ങൾ, പിടച്ചിലുകൾ, നെഞ്ചിടിപ്പുകൾ, അലമുറയില്ലാത്ത അലമുറകൾ, ഗർഭപാത്രം തന്നെ ശവപ്പറമ്പായി മാറിയ അമ്മമാരുടെ കണ്ണീരുവറ്റിയ തേങ്ങലുകൾ-പക്ഷെ ഭരണകൂടത്തിൻ്റെ കാതുകളിൽ എത്തിയതേയില്ല. അപ്പോഴും (ഇപ്പോഴും) അവർ പെരുംന്തയിലെ ആനമയിലൊട്ടകം വില്പനക്കാരെപ്പോലെ വിരലുകൾ കൊണ്ട് കൂട്ടിയും കിഴിച്ചും ഭൂമിയിലെ അരജീവിതങ്ങളെ പരിഹസിച്ച് കള്ളനും പോലീസും കളിച്ച് അന്വേഷണ കമ്മീഷനുകളെ ഏർപ്പാടു ചെയ്തു. സ്വന്തം ദേശത്തെ ജനതയോടും മണ്ണിനോടും ആജന്മശത്രുവിനോടെന്നപോലെ അവർ പെരുമാറുന്നു. ആഗോളനിരോധനമുള്ള ഒരു കീടനാശിനി ഉപയോഗത്തിലൂടെ ഒരു പ്രദേശത്തെ ജനജീവിതത്തെയാകെ തകർത്തതിൻ്റെ പ്രതിസ്ഫുരണമായിവന്ന ആഖ്യാനങ്ങളുടെ പുസ്‌തകരൂപം.
പട്ടിണിയും വിശപ്പും അജ്ഞതയും അനാരോഗ്യവും അകന്ന ഒരു പുതുലോകസൃഷ്‌ടിക്കുവേണ്ടി ചെലവഴിക്കേണ്ടുന്ന അറിവും വിഭവങ്ങളും സർവ്വനാശത്തിൻ്റെ ചതിക്കുഴികൾ നിർമ്മിക്കുന്നതിനായി ഉപയോഗിക്കപ്പെടുന്ന ദുരവസ്ഥക്കെതിരെ ഒരു സമരായുധമാകുന്നു ഈ ഗ്രന്ഥം. റോബർട്ട് ജങ്കിൻ്റെ Brighter than thosand suns എന്ന പ്രശസ്തഗ്രന്ഥത്തിൻ്റെ പുനരാഖ്യാനം.
മുസ്ലീങ്ങൾ മുഴുവനും പാശ്ചാത്യർക്കും പാശ്ചാത്യസംസ്കാരത്തിൻ്റെ മൂല്യങ്ങൾക്കും എതിരാണെന്ന ഒരു നിഗമനം എങ്ങനെയോ രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്നു. 'ഈ ആളുകൾ, ഇവർ' എന്ന ആവർത്തിച്ചുള്ള പ്രയോഗം ആക്രമണം സംഘടിപ്പിച്ചവർ എന്ന അർത്ഥത്തിനപ്പുറം ഒരു പൊതുവായ കുറ്റപ്പെടുത്തലായി മാറിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ മുസ്ലീങ്ങൾക്കിടയിൽ മൊത്തത്തിൽ ഭീതിപടർന്നുകഴിഞ്ഞു. ഒരു കുറ്റവും ചെയ്യാതെതന്നെ അവരൊക്കെയും ഭീകരരുടെ ഗണത്തിൽ പ്രതിചേർക്കപ്പെട്ടുകഴിഞ്ഞു. ബ്രിട്ടണിലെ മുസ്ലീം ബുദ്ധിജീവികളിൽ പ്രമുഖനും പ്രശസ്‌ത ചിന്തകനുമായ സിയാവുദ്ദീൻ സർദാറിൻ്റെ ലേഖനങ്ങൾ.
ഇതരമതങ്ങളോടുള്ള തുറന്നസമീപനം, സഹിഷ്ണുത, ആദരവ് എന്നിവയാണ് ഖുർആനിലെ പ്രധാന വിമോചനമൂലതത്വം. 'മതത്തിൽ ബലപ്രയോഗമില്ല' എന്നും 'നിങ്ങൾക്ക് നിങ്ങളുടെ മതം, എനിക്ക് എൻ്റെ മതം' എന്നും ഖുർആൻ വ്യക്തമാക്കുന്നു. അല്ലാഹുവിനെകൂടാതെ മറ്റുള്ളവയെ വിളിച്ച് ആരാധിക്കുന്നവരെ അവഹേളിക്കരുതെന്നും അങ്ങിനെയുണ്ടായാൽ അവർ അറിവില്ലാതെ അല്ലാഹുവിനെയും അവഹേളിക്കുമെന്നും മുസ്ലിങ്ങളോട് അനുശാസിക്കുന്ന ഖുർആൻ എല്ലാ പ്രവാചകരെയും ഒരു വിശ്വാസി ഒരേപോലെ ആദരിക്കണമെന്നും പഠിപ്പിക്കുന്നു. പ്രമുഖ വിമോചനദൈവശാസ്ത്രജ്ഞനും എഴുത്തുകാരനും ചിന്തകനുമായിരുന്ന അസ്‌ഗർ അലി എഞ്ചിനീയറുടെ തിരഞ്ഞെടുത്ത ലേഖനങ്ങൾ.
അടുത്തകാലത്ത് വായിച്ച ഏറ്റവും മികച്ച പുസ്തകം. വായനയെ ചിന്തയുടെ ഊർജ്ജമാക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്‌തകം-കേരളശബ്ദം നൂറു വർഷത്തെ പ്രവർത്തനത്തിനുശേഷവും ഇന്ത്യയിൽ കമ്മ്യൂണിസ്റ്റു പാർട്ടികൾ അതീവദുർബലമായി തുടരുന്നതെന്തുകൊണ്ടെന്നുള്ള ചോദ്യത്തിൻ്റെ ഉത്തരം തേടലാണ് ഈ പുസ്‌തകം-ജനയുഗം മൂപ്പത്തിനാലുവർഷം ഭരിച്ച പശ്ചിമ ബംഗാളിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ വൻപരാജയത്തിൻ്റെ കാരണങ്ങൾ ഒന്നൊന്നായി ഈ പുസ്‌തകം ചൂണ്ടിക്കാണിക്കുന്നു -വീക്ഷണം പാർട്ടിയുടെ ചരിത്രത്തെ വിമർശിക്കുമ്പോഴും വിശകലനം ചെയ്യുമ്പോഴും തികഞ്ഞ പക്വത ഈ കൃതിയിൽ കണ്ടെത്താം- പച്ചമലയാളം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ദുർബലമായി പോയതിനെക്കുറിച്ചുള്ള പഠന ഗ്രന്ഥം- മാതൃഭൂമി
മനുഷ്യൻ്റെ ബൗദ്ധിക നേട്ടങ്ങളുടെ ഏറ്റവും പ്രധാനകാലം ബിസി 5000 മുതൽ 3000 വരെയാണ്. സമൂഹത്തെ ആകമാനം പരിവർത്തന വിധേയമാക്കി ഈ നേട്ടങ്ങൾ. ബിസി 700 മുതൽ മൂന്നോ നാലോ നൂറ്റാണ്ടുകൾക്കിടയിലാണ് ദർശനങ്ങളുടെ സുവർണ്ണകാലം ആരംഭിക്കുന്നത്. ഇക്കാലത്താണ് ഇന്ത്യയിൽ ഉപനിഷത്തുകൾ മുതൽ ബുദ്ധൻ വരെയും യൂറോപ്പിൽ ഥെയിൽസു മുതൽ അരിസ്റ്റോട്ടിൽ വരെയുള്ള ദാർശനികർ ഉണ്ടായത്. രാഹുൽ സാംകൃത്യായൻ്റെ ഗ്രീക്ക് യൂറോപ്യൻ ഫിലോസഫി എന്ന കൃതിയുടെ സ്വതന്ത്ര വിവർത്തനം.
പുരുഷൻ്റെ ലൈംഗികാവയവങ്ങൾ പുറത്തേക്കാണ്. സ്ത്രീയുടേത് ഉള്ളിലേക്കും. അതാണ് ഏക വ്യത്യാസം. നിങ്ങളുടെ കുപ്പായക്കീശ പിടിച്ച് പുറത്താക്കിയിടുക. കീശ ആണായി മാറിയിരിക്കുന്നു. അതിനെ അതിൻ്റെ യഥാർത്ഥ സ്ഥിതിയിലേക്ക് മാറ്റുക. അത് പെണ്ണാവുന്നു. ഇതാണോ വ്യത്യാസമെന്ന് നിങ്ങൾ പറയുന്നത്? ആർക്കാണ് പുരുഷനാവേണ്ടത്? സ്ത്രീ-പുരുഷോർജ്ജങ്ങളുടെ സംയോഗത്തിൽ നിന്നാണ് നിങ്ങൾ പിറന്നത്. സ്ത്രീ സമത്വവാദത്തെക്കുറിച്ച് ഒരു മഹാഗുരുവിൻ്റെ ദർശനങ്ങൾ.
കവിത എഴുതുന്നതിന് നിയമങ്ങൾ ഒന്നുമില്ലെന്നും ഒഴിഞ്ഞപേജിൽ മുന്നേറുക എന്നും മിറോസ്ലാവ് ഹോലുബ് എഴുതിയിട്ടുണ്ട്. ശൂന്യമായിക്കിടക്കുന്ന ഇടങ്ങൾ ഇനിയും കവിതയിലുണ്ടെന്നും അവിടെ എഴുതി മുന്നേറുക എന്നുമാണ് അതിനർത്ഥം. നാളിതുവരെ എഴുതിയത് ആവർത്തിക്കാതെ എഴുതുക. ആരും എഴുതാത്ത പുതിയ ഒരു കവിത എഴുതുക.
ഗാന്ധിജി, താൻ ചെയ്‌തത് ഹിമാലൻ മണ്ടത്തരമാണെന്ന് ഉറക്കെപറയും. മനശാസ്ത്രജ്ഞന്മാർ അദ്ദേഹത്തിൽ ഒരു മസോക്കിസ്റ്റിനെയും ഒരു സാഡിസ്റ്റിനെയും ഒന്നിച്ചുകാണും. എന്നാൽ അങ്ങനെതന്നെയായിരുന്നില്ലേ ക്രിസ്‌തുവും. നമ്മുടെ മനസ്സിനും ബുദ്ധിക്കും ഹൃദയത്തിനും എത്തിപ്പിടിക്കാവുന്നതിനും അപ്പുറത്താണ് ക്രിസ്‌തുവും ഗാന്ധിയും. തൻ്റെ ഹൃദയത്തിനുള്ളിലെ ഗാന്ധിയെ ഗുരു നിത്യചൈതന്യയതി കണ്ടെത്തുന്നു. യതിക്കുമാത്രം കഴിയുന്ന തനിമയോടെ.