ഗൃഹാതുരത്വത്തിൻ്റേതല്ല, നമ്മുടെ കാലത്തെ നേരിട്ട് അഭിസംബോധന ചെയ്യുന്നവയാണ് ഈ കവിതകൾ. എത്രയോ നവബിംബങ്ങൾ ഈ കവിതയെ അപൂർവ്വമാക്കുന്നു. ജീവിതത്തിൻ്റെ കൊടുംവെയിലിൽതന്നെ ഈ കവിയുടെ ചാഞ്ഞുനില്പ്പ്. സച്ചിദാനന്ദൻ
സ്ത്രീ പുരുഷന്മാരുടെ ഒരു വലിയ സമൂഹം ഇതിൽ കഥാപാത്രങ്ങളായുണ്ട്. വള്ളവും വലയും ചരുവവുമായി അവർ ഈ കടൽത്തീരത്ത് നിമഗ്നരാകുന്നു. അവരുടെ സ്നേഹത്തിൻ്റെ പ്രണയത്തിൻ്റെ. വൈരാഗ്യത്തിൻ്റെ, കെറുവിൻ്റെ കഥകളാണ് സജു പറയുന്നത്. അവരുടെ ഭാഷയും വിനിമയങ്ങളും യഥാതഥമായി ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. പുതിയ നോവൽ തേടുന്നത് ഇത്തരം ദേശങ്ങളെയും കാലങ്ങളെയും മനുഷ്യരെയുമാണ്. ഈ കടലാഴത്തിൽ മനുഷ്യാദ്ധ്വാനത്തിൻ്റെ തിരയേറ്റമുണ്ട്. മനുഷ്യസ്നേഹത്തിൻ്റെ വെള്ളിമീൻ പതക്കമുണ്ട്. മീൻമണമുള്ള ഭാഷയുടെ കൊത്തുപണികളുണ്ട്. ഇനിയും വരട്ടെ ഈ എഴുത്തുകാരനിൽനിന്നും അഗാധ കഥനങ്ങൾ. വി.ആർ. സുധീഷ്
ഇതു വനങ്ങളെക്കുറിച്ചുള്ള ഒരു ഗവേഷണ പുസ്തകമല്ല. ഭാഗികമായ സത്യവും ഭ്രമകല്പനകളുമടങ്ങിയ ഒരു സാഹിത്യകൃതിയുമല്ല. തങ്ങളുടെ ആദർശങ്ങൾക്കായി സ്വയം ജീവത്യാഗംചെയ്യാൻ സന്നദ്ധരായ, വ്യവസ്ഥാപിതത്വം നിയമനിഷ്കാസിതരാക്കിയ മാവോയിസ്റ്റ് ഗറില്ലകളുടെയും അവരെ പിന്തുണക്കുന്ന ഗോത്രവർഗ്ഗ ജനതയുടെയും ചോരപടർന്ന സമരജീവിതം. ഒരു പത്രപ്രവർത്തകൻ്റെ മാവോയിസ്റ്റ് ഗറില്ലാ സമരഭൂമിയിലൂടെയുള്ള യാത്രാനുഭവങ്ങൾ.
വാക്കുകളുടെ മനോഹാരിതമാത്രം അല്ലല്ലോ കവിത, എല്ലാംകൂടി ഒത്തുചേരുമ്പോൾ അത് ആത്മാവുള്ള കവിതകളാകുന്നു. ഈ കവിതാസമാഹാരത്തിൽ നമുക്ക് ഗൃഹാതുരത മുറ്റിനിൽക്കുന്ന കവിതകൾ ദർശിക്കാനാവും. എവിടെയോ നമ്മുടെയൊക്കെ മനസ്സുകളിൽ തങ്ങിനിൽക്കുന്ന ചിന്തകൾ, വാക്കുകളിലേക്കു രൂപമാറ്റം നല്കാൻ നമുക്കു സാധ്യമാകാത്ത ചിന്തകൾ. ഗ്രാമീണ ദൃശ്യചാരുതകൾ, പ്രണയത്തിൻ്റെ നാനാമുഖങ്ങൾ, വിരഹങ്ങൾ, വിഹ്വലതകൾ, അസ്തിത്വചിന്തകൾ... എല്ലാം നിറഞ്ഞുനിൽക്കുന്ന വരികൾ. പീലിവിടർത്തി ആടുന്ന മയിലിനെപ്പോലെ, കാലികപ്രസക്തിയുള്ള കവിതകൾ....... ഡോ. സുനിത മേരി ജോൺ
വേനലിനെ തണൽകൊണ്ടു പുതപ്പിക്കുകയാണ് ഈ കവിതകളിലൂടെ മഹേഷ്. പ്രണയം ഇവിടെ ഒരു ദർശനമായിമാറുന്നു. പ്രണയത്തെക്കുറിച്ച് ഞാൻ പറയാതെപോയ വരികൾ ഈ കവിതകളിലുണ്ട്. പറയേണ്ടുന്നവയും...... വ്രണിതമല്ലാത്ത ഒരു തീവ്രധ്യാനത്തിനായി വാതായനംചാരി കവിതയുടെ തുടക്കത്തിന് കണ്ണുകൾ തുറന്ന് തപസാരംഭിക്കുകയാണ് കവി.