ഫ്രിഡാ കാലോ വേദനകളുടെയും ആസക്തികളുടെയും ഉദ്യാനത്തിൽ അവസാനം വിരിഞ്ഞപൂവ്. മോഹിപ്പിക്കുന്നതായിരുന്നു അവളുടെ നിലപാടുകളും വരയും ചിന്തകളും വിഭ്രമാത്മകമായ ആത്മചിത്രങ്ങളിലൂടെ ലോകത്തെ പിടിച്ചു കുലുക്കുമ്പോഴും അവൾ ഏകാന്തതയുടെ ആഴമുള്ള മദ്യചഷകങ്ങളിൽ തുടരെ തുടരെ കരപറ്റാതെ തുഴഞ്ഞുകൊണ്ടിരുന്നു. ജീവിതവും വേദനയും രതിയും പ്രണയവും കമ്മ്യൂണിസവും ആഘോഷമാക്കിയ മെക്സിക്കൻ ചിത്രകാരി ഫ്രിഡാ കാലോ ഡി റിവേരയുടെ ആത്മഭാഷണങ്ങളും ഡയറിക്കുറിപ്പുകളും.
തിരുവല്ല മാർത്തോമാ കോളെജിൽ രണ്ടുകൊല്ലം മാത്രമേ പഠിച്ചുള്ളുവെങ്കിലും, ഇന്നും മാർത്തോമാ കോളെജ് എന്നു കേൾക്കുന്നതുതന്നെ ഒരു എനർജിയാണ്. മാർത്തോമാ കോളെജ് എന്നുപറയുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക അവിടുത്തെ തിരുമുറ്റവും കാമുകീകാമുകന്മാരുടെ സ്വൈര്യവിഹാരകേന്ദ്രങ്ങളായിരുന്ന ഓഡിറ്റോറിയത്തിൻ്റെ സൈഡിലെ സ്റ്റെപ്പുകളും വിശുദ്ധപ്രേമങ്ങൾ കൂടികൊണ്ടിരുന്ന ചാപ്പൽ പടവുകളും KSU, SFI സമരങ്ങളും ഒക്കെയാണ്.
ജീവിതം മുഴുവൻ പ്രകാശം പരത്തി വർത്തമാനങ്ങളുടെ കയ്പും മധുരവും കണ്ണീരും ചിരിയും കിനാവുമെല്ലാം ഓർമ്മതുരുത്തിൽ ഊറിക്കിടക്കും.. ജീവവൃക്ഷത്തിന്റെ വേരുകളിൽ കിനിയുന്ന ഓർമ്മക്കുറിപ്പുകളുടെ സമാഹാരമാണ് പ്രിയ മിത്രം പ്രതിഭ സതീഷ് വായനക്കാർക്കായി സമ്മാനിക്കുന്നത്. കണ്ണിലും കനവിലും നിറഞ്ഞൂറിയ അനുഭവങ്ങളുടെ ചിത്രരേഖകളാണീ മൊഴിയനക്കങ്ങൾ. ശാന്തതയാണ് ഈ കുറിപ്പുകളുടെ ഫലശ്രുതിയായി മാറുന്നത്. രഘുമാഷ്
എവിടെയെല്ലാം പിണക്കങ്ങളുണ്ടോ അവിടെയെല്ലാം ഇണക്കമുണ്ടാക്കാൻ തൻ്റെ ചിന്തയും വാക്കും പ്രവൃത്തിയും ഹൃദയപൂർവ്വം ഒഴുക്കിവിട്ട വിശദാന്തരംഗത്വം. തൻ്റെ അടുത്തുവരുന്നവരുടെ ആത്മസ്പന്ദനം തിരിച്ചറിഞ്ഞ് ചേർത്തുപിടിക്കുകയും ചേർന്നുനില്ക്കുകയും ചെയ്ത വെളിച്ചം. തൻ്റെ ജീവിതത്തിലേക്ക് അറിവും വാത്സല്യവും പകർന്നു നല്കിയ ഗുരുവിൻ്റെ (സ്വാമി വല്യച്ഛൻ) സാന്നിദ്ധ്യം ലളിതമായ ഭാഷയിൽ സൗമ്യമായി അവതരിപ്പിച്ചിരിക്കുന്ന ഓർമ്മപ്പുസ്തകം. ഉള്ളിൽ വന്നുനിറഞ്ഞത് അങ്ങനെതന്നെ പകർത്തിവെച്ച സ്വാഭാവികത ഈ പുസ്തകത്തെ ഹൃദ്യമാക്കുന്നു. ഷൗക്കത്ത്
ആദർശസമരത്തിൻ്റെ തീച്ചൂളകളിൽ സ്വജീവിതം സമർപ്പിച്ച ഇടതുപക്ഷ മനസ്സുകൾ. പീഡനമേൽക്കുന്ന ലോകത്തെങ്ങുമുള്ള അധസ്ഥിത മനുഷ്യൻ്റെ പിടച്ചിലുകളായിരുന്നു അവരുടെ കലാഭൂമിക. ചെറുത്തുനില്പിൻ്റെ പരിമിതമായ അവതരണമായിരുന്നു അവരുടെ ഓരോ കലാസൃഷ്ടിയും. അധികാരത്തിൻ്റെ ഉന്മത്തതയ്ക്കെതിരെ എന്നും മുഖംതിരിച്ചുനിന്ന ഒരുകൂട്ടം സഖാക്കളുടെ സമരസമാനമായ ജീവിതം.
അറിയാതെ നമ്മളെ തുറിച്ചുനോക്കുന്ന മീൻ കണ്ണുകളാണ് ശരിക്കും ബാല്യകാലം, ചത്തുപൊങ്ങിയശേഷമല്ലെന്നു മാത്രം. ബിജു ഓർത്തെടുക്കുന്ന ഇത്തിരിക്കുഞ്ഞൻ കാര്യങ്ങൾ വായനക്കാരിൽ ഇമ്മിണി വല്യ കാലത്തെ അടയാളപ്പെടുത്തുന്നു. മീൻ നോട്ടത്തിൻ്റെ മധുരം പിന്നെ പിന്നെ സങ്കടമായി പരിവർത്തനം ചെയ്യപ്പെടുന്നതാണ് ബാല്യം. ഒരിക്കൽകൂടി അനുഭവിച്ചറിയാൻ കഴിയാത്ത ആ കാലം ബിജുവിൻറെ എഴുത്തിലൂടെ തിരിച്ചുകിട്ടുന്നു. കുഴിയിലേക്ക് ഊളിയിട്ടു പോകുന്ന ആനയും മുറിവേൽക്കാത്ത ആനക്കളിയും നാടറിയാത്ത വാറ്റുകാരനും ബിജുവിനെ വായിക്കുമ്പോൾ ഞാനും നിങ്ങളുമാകുന്നുണ്ട്. അതുതന്നെയാണ് ഈ പുസ്തകത്തിൻ്റെ രസച്ചരട്.
ഇത്തിരിപ്പോന്ന പൂച്ചകൾ മഹാസംഭവങ്ങളാണെന്നു പ്രകീർത്തിക്കുന്ന അമ്മുക്കുട്ടിയും പഞ്ഞിക്കുട്ടനും, ദിവ്യാമ്മ, സുന്ദരന്മാരും സുന്ദരികളും എന്നീ ലഘുനോവലുകളുടെ സമാഹാരം. അനുഭവങ്ങളും വസ്തുതകളും നിരീക്ഷണങ്ങളും കാഴ്ചപ്പാടുകളും സമന്വയിച്ച് മനുഷ്യനും ജീവപ്രകൃതിയും തമ്മിലുള്ള പാരസ്പരികബന്ധത്തെ ഹ്യദ്യമായി ആവിഷ്കരിക്കുന്ന സവിശേഷ കഥാപ്രപഞ്ചം. ജീവിതാവബോധത്തിൻ്റെ അതിസൂക്ഷ്മതലങ്ങളിലേക്ക് കുട്ടിക്കൊണ്ടുപോകുന്ന ജീവജാലചിത്രീകരണം. ഒപ്പം, ജീവിതം പൂർവ്വനിശ്ചിതമോ ആകസ്മികമോ എന്ന ചോദ്യത്തിൻ്റെയും ജീവിതാരാമത്തിലെ വിളയേത്, കളയേത് എന്ന അന്വേഷണത്തിൻ്റെയും ക്രോഡീകരണവും.
"ഏതോ അമാനുഷികശക്തി എന്നിൽ ആവേശിച്ചതുപോലെയായിരുന്നു ആ ദിനങ്ങൾ. എനിക്കൊന്നിലും ശ്രദ്ധിക്കാനോ യൂക്തിപൂർവ്വം പെരുമാറാനോ കഴിയുന്നുണ്ടായിരുന്നില്ല." സത്യജിത് റായിയുടെ 'പഥേർ പാഞ്ചാലി' കണ്ടുകഴിഞ്ഞ അടുത്ത ദിവസങ്ങളെക്കുറിച്ചു ബാലു മാഹേന്ദ്ര ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്. ബാലുവിൻ്റെ സിനിമാവഴി റായുടേതുപോലെ അത്ര ചാരുതയേറുന്നയായിരുന്നില്ല. സുന്ദരന്മാരായ മനുഷ്യരെക്കുറിച്ചല്ല ബാലു സംസാരിച്ചത്. തെറ്റുകൾ ചെയ്തു, ഭൂതകാലം വേട്ടയാടുന്ന മനുഷ്യർ. ചെറിയ സന്തോഷങ്ങളിൽ പൊട്ടിച്ചിരിക്കുകയും വലിയ വേദനകൾ മൗനമായി പരിവർത്തിപ്പിക്കുകയും ചെയ്യുന്ന മനുഷ്യര്. സംഭാഷണങ്ങളിലും യാത്രകളിലും ജിവിതത്തിൻ്റെ ഓരോ നിമിഷങ്ങളിലും ബാലു തേടിക്കൊണ്ടിരുന്നത് ഇങ്ങനെയുള്ള ജിവിതത്തെ ഗർഭം ധരിച്ച മനുഷ്യരെയായിരുന്നു.
ഓർമ്മകൾ അടഞ്ഞകണ്ണുകളുടെ നടകളിറങ്ങുമ്പോൾ എന്നെ കാത്തിരുന്ന ഓർമ്മകളുടെ നാമ്പുകൾ പിന്നെയും തലയാട്ടാൻ തുടങ്ങി. തിക്കിത്തിരക്കി പടിക്കലോളം അവയെന്നെ പിൻതുടർന്നുവന്നു. പിന്നെ അറച്ചുനിന്നു. ഞാൻ കടലിലേക്ക് വളളമിറക്കി. അകലുന്ന എന്നെ നോക്കി കരയിൽനിന്നവർ കൂട്ടത്തോടെ ആളുവാൻതുടങ്ങി.