ദ്രാവിഡനായ ഞാൻ സമൂഹത്തിൻ്റെ വരാന്തയിലൂടെ ഒറ്റക്കു പോകുന്നു. സ്വന്തമായൊരു മുറിയില്ലാത്തവൻ. ജീവപര്യന്തം ഞാൻ കവിതയുടെ തടവിൽ കഴിയാൻ വിധിക്കപ്പെട്ടിരിക്കുന്നു. രുചിഭേദമനുസരിച്ച് ഈ ചില്ലുപാത്രത്തിൽ നിന്ന് ഓരോ കവിളെടുക്കുക; രക്തം, കണ്ണുനീർ, ദ്രവ രൂപമായ അമ്ലം. ഈ കടലാസിൻ്റെ കവിതയില്ലാത്ത മാർജിനുകളിൽ നിങ്ങളുടെ പൂരണങ്ങൾ ഞാനാഗ്രഹിക്കുന്നു. നിങ്ങൾ എൻ്റെ ആതിഥേയനും അറിവുമാകുന്നു. ഉപ്പിൽ വിഷം ചേർക്കാത്തവനും ഉണങ്ങാത്ത മുറിവിനു വീശിത്തന്നവനും നന്ദി...
ഒരു തൂവൽസ്പർശത്താലെങ്കിലും ജീവിതത്തിൽ ഇടപെട്ടവരെ ഓർത്തെടുക്കുന്നതിലൂടെയും അടരടരുകളായി ജീവിതത്തെ കാതലുള്ളതാക്കിത്തീർത്ത അനുഭവങ്ങൾ അനുസ്മരിക്കുന്നതിലൂടെയും ഭാവികാലത്തെ നിർണ്ണയിക്കുവാനുള്ള ഇടപെടലാണ് സംഭവിക്കുന്നത്. ജീവിക്കുന്നതല്ല, ഓർമ്മിക്കുന്നതാണ് ജീവിതം എന്ന ഗബ്രിയേൽ ഗാർസിയ മാർകേസിൻ്റെ വാക്കുകൾ വാസ്തവത്തിൽ ഓർമ്മയെഴുത്തിനെക്കുറിച്ചല്ല ജീവിതത്തെക്കുറിച്ചാണ്. ഓർമ്മിക്കുവാനും ഓർമ്മിപ്പിക്കുവാനും കഴിയുന്ന ജീവിതമാണ് അർത്ഥവത്തായ ജീവിതം. അതിസാധാരണമാകുവാൻ മാത്രം സാധ്യതയുള്ള ജീവിതത്തെ അത്യസാധാരണമാക്കിയ ഒരാളുടെ ഓർമ്മകൾ
ഒരു തീച്ചൂളയിൽ രൂപംകൊണ്ട അമൂല്യമായ മുത്തുകളുടെ ഒരു സമാഹാരമാണ് ഈ സൃഷ്ടി. മാതാപിതാക്കൾക്കും സഹജീവികൾക്കും നൽകേണ്ട പരിഗണനയെ കുറിച്ച് പുതിയ കാലഘട്ടത്തിനു കൊടുക്കുന്ന സന്ദേശത്തെ അഭിനന്ദിക്കാതെ തരമില്ല. പല്ലില്ലാത്ത ചിരികൾ ഏറ്റവും നിഷ്കളങ്കമാണെന്നുള്ളത് ജീവിതത്തിൻ്റെ രണ്ടറ്റങ്ങളിലും ഉള്ള കുഞ്ഞുങ്ങളെയും വൃദ്ധൻമാരെയും വീക്ഷിച്ചാൽ മനസിലാകും. ആ വീക്ഷണങ്ങളെയാണ് റസീന ഈ ചെറുകഥകളിലൂടെ നമ്മുടെ മൂന്നിലെത്തിക്കുന്നത്. എളുപ്പത്തിൽ മനസ്സിലാക്കാവുന്ന വളരെ ലളിതമായ ഭാഷ നൽകുന്ന ഹൃദ്യമായ വായനാനുഭവമാണ് 'പല്ലില്ലാത്ത ചിരികൾ'. ഡോ. ആസാദ് മൂപ്പൻ
ഈ ഓർമ്മചിത്രങ്ങൾ ഒപ്പിയെടുത്തിരിക്കുന്നത് കെട്ടിടങ്ങളുടെ പ്രൗഢിയോ വഴിയോരങ്ങളുടെ ഭംഗിയോ അല്ല, അതിനൊക്കെയുമപ്പുറമുള്ള മനുഷ്യനിലെ മനുഷ്യരെയാണ്. പാഠപുസ്തകങ്ങൾ എന്തൊക്കെ പറഞ്ഞാലും അധികാരങ്ങൾ എത്രയൊക്കെ അതിരിട്ടാലും ഭാഷക്കും മതത്തിനുമെല്ലാമപ്പുറത്ത് മറ്റൊരു മുനുഷ്യർകൂടി ജീവിക്കുന്നുണ്ടെന്ന് ആഴത്തിൽ അനുഭവിക്കാൻ ഈ പുസ്തകം ഊർജം പകരും.
"ഒരാൾക്കും ടിബറ്റിനെ മനസിലാക്കാനാവില്ല; ഞങ്ങളുടെ മതത്തെപ്പറ്റി ചില ധാരണകളില്ലാതെ" -ദലൈലാമ ടിബറ്റിൻ്റെ ആത്‌മീയ നേതാവ് ദലൈലാമ തൻ്റെ നഷ്‌ടപ്പെട്ട രാജ്യത്തെ ഓർക്കുന്നു. അതിജീവനത്തിനായി പോരാടുന്ന ടിബറ്റിൻ്റെ വർത്തമാനമാണിത്. വേദനകൾ നിറഞ്ഞ, ചോരകിനിയുന്ന ഒരു വർത്തമാനം.
മലാലായ ജോയയ്ക്ക് നാലുദിവസം പ്രായമുള്ളപ്പോഴാണ് സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്ഥാൻ ആക്രമിക്കുന്നത്. പാക്കിസ്ഥാനിലെയും ഇറാനിലെയും അഭയാർത്ഥി ക്യാമ്പുകളിലായിരുന്നു ജോയയുടെ കുട്ടിക്കാലം 1990-കളുടെ അവസാനം താലിബാൻ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാനിലേക്ക് ജോയ മടങ്ങിയെത്തി. അവിടെ അവർ സ്ത്രീകൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഒളിസംഘടനകളിൽ പ്രവർത്തിച്ചു.
ഇയാൾ ചിലപ്പോൾ ആപ്പിൾ വിൽക്കുന്നതുകാണാംആപ്പിളെ, ആപ്പിളെ ഹവ്വടെ ആപ്പിളേ...... ചിലപ്പോൾ ബ്രാ, ജെട്ടി, ബനിയൻ, ജെട്ടി ജെട്ടി ബനിയൻ, റോസേ റോസേ റോസിൻ്റെ ജട്ടിയേ... ചിലപ്പോൾ ഷർട്ടുകൾ, ഷെർട്ടെ ഷെർട്ടെ... ജാക്കിൻ്റെ ഷർട്ടേ... തിരക്കുപിടിച്ച് ഭക്തരും മാന്യരും ബസ്സു പിടിക്കാൻ ഓടുന്നവരും മതേതരും നിന്നേക്കാം. വാങ്ങിയേക്കാം. വിളിച്ചു വിളിച്ചു ചിലപ്പോൾ ഇയാൾ കബ്‌ത കബ്‌ത എന്നും വിളിച്ചുകൊണ്ടിരിക്കും. പെട്ടികൾ നിരത്തി ഇയാളൊരു പ്ലാറ്റ്ഫോം ഉണ്ടാക്കിയിട്ടുണ്ട്. അവിടെയിരുന്നും നിന്നും കിടന്നും ഇയാൾ ബ്രഹ്‌മാണ്ഡ പുസ്‌തകങ്ങൾ വായിക്കും. ജീബിതത്തെപറ്റി ഗഹനമായി ആലോചിക്കും. തെരുക്കവിതകൾ മലയാള കാവ്യപണ്ഡിതന്മാർക്കു മനസ്സിലാവാത്ത ഭാഷയിൽ എഴുതും. അത് ഇയാളുടെ മാത്രം ഭാഷയാണ്. ഇയാൾ ഉണ്ടാക്കിയ ഭാഷയാണ്. ഇയാൾ വളർന്ന, പ്രണയിച്ചു, വ്യസനിച്ച, ചിരിച്ച, സ്നേഹിച്ച, നിലവിളിച്ച ഭാഷയാണത്. അതിൽ ലോകഭാഷകളെല്ലാം കലർന്നിരിക്കും. റാഷ്
കുടിച്ചുതീർക്കാൻ നീക്കിവെക്കുന്ന രാത്രിക്കുപ്പിയുടെ അവസാന മദ്യഭാഗംപോലെയാണ് നീ പറയുന്നവിടപറയലുകൾ. "ഇന്നേക്ക് ഞാൻ പോയ് വരട്ടെയെന്ന" നിൻ്റെ ഓരോ യാത്രപറച്ചിലുകളും ഒരു നിമിഷം എന്നെ അനാദിയായ കടൽത്തീരത്തെത്തിക്കുന്നു. കാലവാഹിനിയായ ആ ജലഭൂപടത്തിനു മുന്നിലെന്നപോലെ നിൻ്റെ അഭാവം തുടർന്ന് സൃഷ്ടിച്ചേക്കാവുന്ന വേദനിപ്പിക്കുന്ന നിശബ്ദത എന്നെ എപ്പോഴേ അസുഖകരമായ അവസ്ഥകളിലേക്കു തള്ളിവിട്ടു തുടങ്ങിയിരിക്കുന്നു.... സത്യം. (ഫ്രാൻസ് കാഫ്മയുടെ ഡയറിയിൽനിന്ന് ) തിരമാലകൾ പോലെ സ്നേഹം പതയുന്ന ആത്മസൗഹൃദങ്ങളുടെ ആമുഖവചനങ്ങളാണി പുസ്തകം. ഓർമകളുടെയും ഓർത്തെടുക്കലുകളുടെയും പുനരെഴുത്തിൻ്റെയും പുസ്തകം.
ഒന്നും മോഹിച്ചിട്ടുവന്നവനല്ല ഞാൻ. അറിയാവുന്ന ഒരു ജോലി, അത് നന്നായി ചെയ്തു. അതിനെക്കുറിച്ചെനിക്കുറപ്പുണ്ട്. മലയാളികളുടെ ചുണ്ടുകളിൽ എൻ്റെ ചില പാട്ടുകളെങ്കിലുമുണ്ട്. അവർ ചിലപ്പോഴൊക്കെ അത് മൂളുന്നുണ്ടെന്നും എനിക്കറിയാം. ഒന്നുമില്ലാതെ വന്നവന് അത്തരം ചില നല്ല അറിവുകൾ തന്നെയാണ് ഏറ്റവും വലിയ നിധി. പ്രശസ്ത സംഗീത സംവിധായകൻ എം കെ അർജ്ജുനൻ്റെ ആത്മകഥാക്കുറിപ്പുകൾ
ഒരു വ്യക്തിയിലെ സ്വാർത്ഥം ഉടഞ്ഞ് അയാൾ ജീവിതത്തിൽ എങ്ങനെ ഇല്ലാതായിപ്പോകുന്നു. അയാളിലെ അയാൾ എങ്ങനെ ഭൂമിയിൽ പരിവർത്തനത്തിന് വിധേയമാകുന്നു. ആളുകൾക്കിടയിൽ അയാൾ നടത്തിയ നായാട്ട് എങ്ങനെ ഭസ്മമായി. ജീവിതത്തിൻ്റെ പൊടിഞ്ഞുപോകാത്ത ഓർമ്മകളുടെ കരിയിലകൾകൊണ്ട് മെനഞ്ഞെടുത്തതാണ് അപരകഥ. കെ.പി.മുരളീധരൻ്റെ ചിത്രീകരണം