ചലനത്തെയും കാലത്തെയും സൗന്ദര്യത്തെയും സൂചിപ്പിക്കുന്ന വാക്കുകളുടെ ഭാവബിംബങ്ങളിൽ സംഗീതം ഉറഞ്ഞുകിടക്കുന്നു. ചലനം കാലത്തിൽ മൃത്യുവായും ജനനമായും വഴിപിരിയുന്ന മായാലോകം. ഭഞ്ജിക്കപ്പെടുന്ന നിശബ്ദത സംഗീതമല്ലെന്നു തെളിയിക്കുന്ന കഥാപ്രപഞ്ചം
ആദർശിന്റെ നിറച്ചാർത്തണിഞ്ഞ ജീവിതങ്ങൾ എന്ന സമാഹാരത്തിലെ കഥകളിലൂടെ കടന്നുപോകുമ്പോൾ സാധാരണ കൗമാരക്കാരനായ ഒരു തുടക്കക്കാരൻ എഴുതാൻ ഇടയുള്ളതരം ചപലമായ ബാലകഥകൾ അല്ല നാം അതിൽ കാണുന്നത്. പകരം ചിന്തകളിൽ കൗമാരത്തിന്റെ അതിരുകൾ ഭേദിച്ചു, ഭാവനകൾ ആകാശസീമയോളം ചിറകുവിരിച്ചു പറക്കുന്ന, ദർശനങ്ങൾക്ക് കിണറാഴമുള്ള ഗൗരവമാർന്ന രചനകളാണ് നാമതിൽ വായിക്കുന്നത്. ഭാവി മലയാള സാഹിത്യത്തിന് ഈടുറ്റ രചനകൾ സമ്മാനിക്കാൻ പ്രാപ്തനായ ഒരെഴുത്തുകാരനെ ഞാൻ ആദർശിൽ കാണുന്നു. ബെന്യാമിൻ
കൃത്യമായ ലക്ഷ്യത്തോടെ എഴുതിയതാണ് ഈ സമാഹാരത്തിലെ ഓരോ കഥയും. പ്രധാന കഥകൾ, നീതി നിഷേധിക്കപ്പെടുന്ന, ഒറ്റപ്പെടുത്തപ്പെടുന്ന പീഡിപ്പിക്കപ്പെടുന്ന സ്ത്രീപക്ഷത്തിനുവേണ്ടി ശബ്ദിക്കുന്നവയാണ്. അവ പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ തേങ്ങലുകളും നിസ്സഹായതകളും വരച്ചുകാണിക്കുന്നു. ഒപ്പം, നിത്യജീവിതത്തിൽനിന്നും സമാനരീതിയിൽ ഇരകളാക്കപ്പെടുന്നവരെ കണ്ടെടുക്കാനായുള്ള അന്വേഷണങ്ങളും ഈ കഥകളിലാകെയുണ്ട്. ഇ.പി. ശ്രീകുമാർ
പുതുകാലജീവിതത്തിൻ്റെ അയൽപക്ക ബന്ധങ്ങളിലെ ബലമില്ലായ്മ വരച്ചിടുകയാണ് പ്രവീൺ പാലക്കീൽ ഒരു വ്യക്തിക്ക് സംഭവിക്കുന്ന നിസ്സഹായതയിൽനിന്നും സ്നേഹത്തിൻ്റെ പാഠം പഠിപ്പിക്കുന്നതോടൊപ്പം മനുഷ്യസ്നേഹത്തിൻ്റെ പൂർണ്ണതയും കൂടി വരച്ചിടുകയാണ് കഥാകൃത്ത്. സ്നേഹം, കരുണ, സ്വാർത്ഥത, പ്രണയം, ലഹരി, വിരഹം, മരണം തുടങ്ങി എല്ലാ മാനുഷികവികാരങ്ങളുടെയും മേളനമാണ് ഇതിലെ കഥകൾ, മനുഷ്യജീവിതത്തിൻ്റെ ആകെച്ചിത്രമാണവ. ജീവിതം അതിൻ്റെ എല്ലാ നഗ്നതയോടെയും കഥകളാക്കി രൂപാന്തരപ്പെടുത്തുകയാണ് പ്രവീൺ പാലക്കീൽ. ജീവിതമേത് കഥയേത് എന്ന നിസ്സഹായതയിൽ വായനക്കാരനെ സ്തംഭിപ്പിക്കുന്നു. വെള്ളിയോടൻ
ജീവിതമേ നീ എന്ത്?, എന്ന് നാം വിസ്മയിച്ചുപോകുന്ന മികച്ച കഥകളുടെ സമാഹാരമാണ് മനോജ് കോടിയത്തിൻ്റെ 'കിമയ'. പാൻഡമിക് കാലത്തിൻ്റെ വിഹ്വലതകളും പ്രവാസ ജീവിതത്തിലെ സംത്രാസങ്ങളും ദാമ്പത്യത്തിലെ കാലുഷ്യങ്ങളും നിരുപാധികമാം സ്നേഹത്തിൻ്റെ ഉർവ്വരതയും മറ്റും ആഖ്യാനഭംഗിയോടെ തിരയടിക്കുന്ന കഥകൾ. കയ്യൊതുക്കത്തിൻ്റെ വൈഭവം ഓരോ കഥയെയും അവിസ്മരണീയമാക്കുന്നു. മൂന്നാം പതിപ്പിലെത്തുമ്പോൾ, കിമയ കൂടുതൽ വായനക്കാരിലേക്കെത്തുമ്പോൾ, കൂടുതൽ ചർച്ചകൾക്കിടയാകുമ്പോൾ, വ്യക്തിപരമായി എന്നിലുള്ള അഭിമാനവും സന്തോഷവും ഹൃദയപൂർവ്വം പങ്കുവെയ്ക്കട്ടെ. അംബികാസുതൻ മാങ്ങാട് കഥപറച്ചിലിൻ്റെ ലാളിത്യമാണ് മനോജ് കോടിയത്തിൻ്റെ കഥകളുടെ മുഖമുദ്ര. ഭ്രമാത്മകതയുടെ ലോകത്തെ 'ഒറ്റമൈന', ദുരൂഹമായ വഴികളിലൂടെ വായനക്കാരനെ കൊണ്ടുപോകുന്ന 'അയാൾ', കഥയുടെ ആദിമദ്ധ്യാന്തങ്ങൾ ക്രമം തെറ്റിച്ചെത്തുന്ന 'കിമയ', ഇനിയുമുണ്ട് കഥകൾ. പുസ്തകം അടച്ചാലും ചില ചോദ്യങ്ങൾ ഉള്ളിൽ അവശേഷിക്കും. അപരിചിതരായ മനുഷ്യർ നമുക്ക് ചിരപരിചിതരാവും. അവരുടെ നിസ്സഹായത നമ്മുടേതുമാകും. കഥയെന്നാൽ ജീവിതം തന്നെയല്ലേ! ഷീല ടോമി
മലിനീകരണം, കുടിയൊഴിപ്പിക്കൽ, കുടിവെള്ള പ്രതിസന്ധി, പ്രകൃതിവിഭവങ്ങളുടെ ചൂഷണം തുടങ്ങി പാരിസ്ഥിതിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന പതിനെട്ടു കഥകൾ. ജീവിതത്തിൻ്റെ പച്ചിലപ്പടർപ്പുകളും ഹരിതചിന്തകളും ആവിഷ്ക്കരിക്കുന്ന കഥാപ്രപഞ്ചം.
തട്ടിൻപുറത്തുനിന്നും പഴയതലമുറയിലെ കമ്മ്യൂണിസ്റ്റ് അച്ഛന്മാർ ഇറങ്ങിവരും പോലെ സ്വർഗ്ഗത്തിൽനിന്നും ഇന്നത്തെ എ.കെ.ജി. സെന്ററിലേക്ക് ഇ.എം.എസ്. ഇറങ്ങിവരുന്ന സ്വപ്നാത്മക കഥയാണ് ഇ.എം.എസ്സും ദൈവവും. ഈ കഥ ഒരാളിൻ്റെ സ്വപ്നമല്ല. എന്നാൽ ഏതോതരത്തിൽ ഇ.എം.എസിൻ്റെ വരവാഗ്രഹിക്കുന്ന മലയാളിയബോധത്തിൻ്റെ സ്വപ്നമാണ്. മലയാളിയുടെ സ്വപ്നങ്ങളിൽ ഇ.എം.എസിനെ ഇങ്ങനെ പൊട്ടിച്ചിരിപ്പിക്കാൻ കഴിഞ്ഞ അനൂപിൻ്റെ ഭാവന നമ്മുടെ കാലത്തിൻ്റെ വൈപരീത്യങ്ങളെ ഏറ്റെടുക്കാനാണു ശ്രമിക്കുന്നത്.
ശത്രു പതിനായിരംകൊല്ലത്തേക്ക് പരിപാടികൾ തയ്യാറാക്കുന്നു. ഭാവിയുടെ ഗർഭത്തിലുള്ള ശിശുക്കളിൽപോലും അവൻ്റെ വിഷലിപ്തമായ നഖപ്പാടുകൾ പതിപ്പിക്കാൻ ശ്രമിക്കുന്നു. അവൻ്റെ, എല്ലാറ്റിനെയും കല്ലാക്കിമാറ്റുന്ന ദൃഷ്ടിപാതത്തിൽനിന്ന് മരിച്ചവർക്കുപോലും രക്ഷപ്പെടാനാവില്ല. വഴിക്കലുകളിലെ അക്ഷരങ്ങൾ മാറ്റുന്ന ലാഘവത്തോടെ അവൻ, സെമിത്തേരിയിലെ കുറിപ്പുകൾ പോലും മാറ്റിയെഴുതും എന്നറിയുമ്പോഴാണ് തത്വശാസ്ത്രത്തിൽ പക്ഷംപിടിക്കുന്നതിൻ്റെ 'പാർട്ടിസാൻ'മാരാകുന്നതിൻ്റെ ആവശ്യകതയെപ്പറ്റിയുള്ള ലെനിൻ്റെ വാക്കുകൾ പ്രസക്തമാവുന്നത്. തെരഞ്ഞെടുത്ത വാക്കുകളിൽ എഴുതപ്പെട്ട എട്ട് മനുഷ്യപക്ഷ കഥകൾ.