"ഏതോ അമാനുഷികശക്തി എന്നിൽ ആവേശിച്ചതുപോലെയായിരുന്നു ആ ദിനങ്ങൾ. എനിക്കൊന്നിലും ശ്രദ്ധിക്കാനോ യൂക്തിപൂർവ്വം പെരുമാറാനോ കഴിയുന്നുണ്ടായിരുന്നില്ല." സത്യജിത് റായിയുടെ 'പഥേർ പാഞ്ചാലി' കണ്ടുകഴിഞ്ഞ അടുത്ത ദിവസങ്ങളെക്കുറിച്ചു ബാലു മാഹേന്ദ്ര ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്. ബാലുവിൻ്റെ സിനിമാവഴി റായുടേതുപോലെ അത്ര ചാരുതയേറുന്നയായിരുന്നില്ല. സുന്ദരന്മാരായ മനുഷ്യരെക്കുറിച്ചല്ല ബാലു സംസാരിച്ചത്. തെറ്റുകൾ ചെയ്തു, ഭൂതകാലം വേട്ടയാടുന്ന മനുഷ്യർ. ചെറിയ സന്തോഷങ്ങളിൽ പൊട്ടിച്ചിരിക്കുകയും വലിയ വേദനകൾ മൗനമായി പരിവർത്തിപ്പിക്കുകയും ചെയ്യുന്ന മനുഷ്യര്‍. സംഭാഷണങ്ങളിലും യാത്രകളിലും ജിവിതത്തിൻ്റെ ഓരോ നിമിഷങ്ങളിലും ബാലു തേടിക്കൊണ്ടിരുന്നത് ഇങ്ങനെയുള്ള ജിവിതത്തെ ഗർഭം ധരിച്ച മനുഷ്യരെയായിരുന്നു.