വർഷങ്ങൾക്കു മുൻപ് ചിദംബരത്തെ നടരാജ സന്നിധിയിൽ, ഗോപാലകൃഷ്ണഭാരതി ഗാനം 'എന്നേരമും ഉണ്ടാൻ സന്നിധിയിൽ ഇരിക്കവേണ്ടും അയ്യാ....' പാടി ചുവടുവെച്ച് അലിയുന്ന നിമിഷം....ഒരു നിമിഷം എല്ലാം നിശബ്ദമായി...പൂർണ്ണ നിശബ്ദത... അടഞ്ഞ ശ്രീകോവിൽ പൊടുന്നനെ തുറന്നുവന്നു... അത്ഭുതം ... ആരതികൾ കത്തിനിന്നു... അതെനിക്കുമാത്രമുള്ള ദർശനമായിരുന്നു... ആ നിമിഷം നൃത്തം എനിക്ക് പ്രാർഥനയായിരുന്നു..... തൊട്ടടുത്ത നിമിഷം എല്ലാം പഴയതുപോലെ.... നൃത്തവേദി.... കാഴ്ചക്കാർ... എല്ലാം... എല്ലാം... നൃത്തം ഓരോ നിമിഷവും ഓരോന്നാണ്... അത് പ്രണയവും കാമവും പ്രാർഥനയും വേദനയും നിലവിളിയും പിടച്ചിലും ഒക്കെയാണ്... അതെൻ്റെ ഭാഷയാണ്... അത് നിങ്ങൾ കേൾക്കുന്നുണ്ടോ എന്നതാണ് പ്രശ്നം. ആടി ഞാൻ ഉള്ളിലേക്കിറങ്ങുമ്പോൾ, അനാദിയായ നദിയിൽ, കാലവാഹിനിയിൽ കാൽ ചവിട്ടുമ്പോലെ, നദി എൻ്റെ ഉടലിലേക്കും ഞാൻ അതിലേക്കും പടർന്നുകയറുന്നു..... മുദ്രകളുടെ സംഗീതം ഭാഷയാക്കിയ ഒരു നർത്തകിയുടെ കലയും ജീവിതവും.