ഭീംസെൻ ജോഷിയുടെ ജീവിതവും സംഗീതവും. കടുത്ത യഥാർത്ഥ്യങ്ങളെ നേരിടുന്ന ഇന്ത്യൻ ജീവിതത്തിൻ്റെ കഷ്ടതകൾ കൂട്ടിത്തുന്നിയ സംഗീതമാണ് ഭീംസെന്നിന്റേത്. അതിനാൽതന്നെ സുഖലാവണ്യത്തിൻ്റെ അലകളിലൊതുങ്ങാതെ അത് രാഗഭാവത്തിൻ്റെ സമഗ്രതയെ തേടുന്നു. സാധാരണ സംഗീതം ഇഷ്ടപ്പെടുന്ന ആസ്വാദകൻ്റ അഭിപ്രായത്തിൽ നന്നേ പരുക്കനാണ് അദ്ദേഹത്തിൻ്റെ ശബ്ദം. ഒരു തരളലാവണ്യമല്ല അദ്ദേഹം ശബ്ദംകൊണ്ടു തേടുന്നത്. മറിച്ച് ആഴങ്ങളുടെ അപാരതയും അനന്തതയുടെ അതിരുകളുമാണ്. ഒരു മഹാഗായകൻ്റെ സംഗീത ജീവിതം
സിനിമയോടുള്ള അസാധാരണമായ അഭിനിവേശത്തിൻ്റെ പേരാണ് ക്വിന്റ്റിൻ ടറന്റിനോ. ഒരു സാധാരണ ജീവിതത്തിൻ്റെ കയറ്റിറക്കങ്ങളിൽനിന്നും സിനിമയിലേക്കുള്ള അയാളുടെ പ്രവേശം, ടറന്റിനോയുടെ ഭാഷയിൽപ്പറഞ്ഞാൽ 'സ്വയം ഡിസൈൻ ചെയ്ത'തായിരുന്നു. അപ്രതിക്ഷിതമായ തുടർനീക്കങ്ങളിലൂടെ ടറന്റിനോയുടെ തിരക്കഥാനിമിഷങ്ങളും സംവിധാനവും ജീവിതവും അതുവരെയുള്ള നടപ്പുരീതികളിൽനിന്നും വഴിമാറി നടന്നു. കാമറയ്ക്കു മുൻപിലെ ആകസ്മികതകളുടെ തമ്പുരാനായി അയാൾ മാറി. ചതിയുടെയും അഭിനിവേശത്തിൻ്റെയും ആണ് വവിസ്ഫോടനംപോലെ 'റിസർവോയർ ഡോഗ്സും' പ്രതികാരത്തിൻ്റെ പെൺവഴിയായി 'കിൽബിലും' പിറന്നത് സാധ്യതകളുടെ അവസാന വാക്കുമായല്ല, മറിച്ച് 'കാഴ്ചയുടെ അസാധാരണ നിമിഷങ്ങൾ ബാക്കിവെച്ചുകൊണ്ടാണ്. ഈ കാലഘട്ടത്തിൻ്റെ അസാധാരണ സിനിമാ പ്രതിഭ ആരെന്ന ചോദ്യത്തിന് ഉത്തരങ്ങൾ പലതും വരാം. പക്ഷെ ആ പട്ടിക തുടങ്ങുന്നത് ടറന്റിനോയുടെ പേരുമായിട്ടായിരിക്കും. സിനിമയേക്കാൾ വിസ്മയകരമായി ചിന്തിക്കുകയും ജീവിതത്തേക്കാൾ ആകസ്മികതകൾ നിറഞ്ഞ സിനിമകളിൽ വിശ്വസിക്കുകയും ചെയ്ത ഒരു അസാധാരണ പ്രതിഭയുടെ കലാജീവിതം
ജൗളിക്കടയിൽനിന്ന് നിയമനിർമ്മാണസഭ വരെയുള്ള ഒരു കയറ്റമാണ് വി.എസിൻ്റെ ജീവിതം. താഴ്വരയിൽനിന്ന് മുളച്ചുവളർന്ന ഒരു ചന്ദനമരം വളർന്ന് മലയുടെ മുടിവരെ ഉയർന്നു പൊങ്ങിയതുപോലെ! ഇതിനിടയിൽ തൊഴിലാളി യൂണിയൻ പ്രവർത്തനങ്ങളിലേക്കും അവിടെ നിന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്കും സമരസാന്ദ്രമായ കർഷകതൊഴിലാളി പ്രവർത്തനത്തിലേക്കും പുന്നപ്ര സമരഭൂമിയിലേക്കും ഒളിവിലേക്കും തടവിൽ നിന്നുണ്ടായ 'ആപാദചൂഡരമണിയമായ' ഉഗ്രമർദ്ദന മുറകളിലൂടെയും കടന്നുകയറിയ അഗ്നിപരീക്ഷിതനായ നേതാവ്. ഈ ചെറിയ മനുഷ്യൻ്റെ ശരീരത്തെയോ മനസ്സിനെയോ കരിച്ചുകളയാൻ പോരുന്ന ഒരു അഗ്നികുണ്ഠവും ഇനി ബാക്കിയില്ല. ഒരു ഇന്ത്യൻ കമ്മ്യൂണിസ്റ്റിൻ്റെ ത്യാഗോജ്വലമായ സമരജീവിതം
ഒരു ഭീകരൻ എന്ന നിലക്കുള്ള ഒസാമ ബിൻ ലാദൻ്റെ ഏറ്റവും വലിയനേട്ടം അമേരിക്കയെ അതിൻ്റെ മണ്ണിൽവച്ചുതന്നെ ആക്രമിച്ചു ഞെട്ടിച്ചു എന്നതാണ്. മനുഷ്യരക്തം മഴവെള്ളംപോലെ ഒഴുക്കുന്നതിൽ മടികാണിക്കാത്ത ഒസാമ ബിൻ ലാദൻ അതിലൂടെ എന്തുനേടി എന്ന കാലത്തിൻ്റെ ചോദ്യം പ്രസക്തമാണ്. പ്രശസ്ത പത്രപ്രവർത്തകൻ ജൊനാഥൻ റാൻഡൽ എഴുതിയ ഒസാമ ഒരു ഭീകരൻ്റെ പിറവി എന്ന പുസ്തകത്തിൻ്റെ മലയാള ഭാഷാന്തരം.
തൻ്റെ വീക്ഷണങ്ങളെയല്ല, അതിനോട് സമരസപ്പെടുത്തി ജീവിതത്തെ, അതിൻ്റെ ലഹരിയെ, ആനന്ദങ്ങളെ, അസഹനീയമായ ദുഃഖങ്ങളെയൊക്കെ ചിത്രീകരിക്കാനും രൂപവൽക്കരിക്കാനുമൊക്കെയാണ് അയാൾ ചിത്രകലയും ശില്പകലയും ഉപയോഗപ്പെടുത്തിയത്. സഹജീവിബോധത്തോടെ അയാൾ സ്വന്തം സ്വാതന്ത്ര്യത്തിനു മുൻതൂക്കം നൽകി. ആ സ്വാതന്ത്യ്രത്തിൽ, കലാബോധത്തിൽ രാഷ്ട്രീയക്കാരനും ഖനിത്തൊഴിലാളിയും കവിയും പട്ടാളക്കാരനും തോട്ടിയും കച്ചവടക്കാരനും ഒക്കെയുണ്ടായിരുന്നു.. അനേകം കലാപരിസരങ്ങളിലേക്കു് ഇടംവലം നോക്കാതെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അപകടകരമായ വിസ്തൃത ബോധത്തോടെ നിരന്തരം കടന്നുചെന്ന പ്രതിഭയായിരുന്നു പിക്കാസോ. മനുഷ്യൻ ഇല്ലായ്മ ചെയ്യപ്പെടുന്ന ഏതു പ്രക്ഷോഭങ്ങൾക്കും കൂട്ടായ്മകൾക്കും എതിരെ പിക്കാസോയുടെ കല എതിർത്തുനിന്നു...