ജർമ്മനിയിലെ യാത്രയെക്കുറിച്ച് ശർമ്മണ്യത്തിലേക്ക് എന്ന് വളരെ ആലങ്കാരികമായി എഴുതിയത് ആഹ്ലാദത്തിൻ്റെ തിരപ്പുറപ്പാടിന് വഴങ്ങിയാണ്. യാത്രാനുഭവങ്ങൾ പൊടിപ്പും തൊങ്ങലുമില്ലാതെ പ്രകാശിപ്പിക്കുവാനുള്ള ശ്രമത്തിൻ്റെ സാഫല്യമാണ് ശർമ്മണ്യവിശേഷം. യാത്രാവിവരണമെന്നതിനേക്കാൾ യാത്രാക്കുറിപ്പുകൾ എന്ന വിശേഷണമാണ് ശർമ്മണ്യവിശേഷത്തിനിണങ്ങുക.
ഇത്തിരിപ്പോന്ന പൂച്ചകൾ മഹാസംഭവങ്ങളാണെന്നു പ്രകീർത്തിക്കുന്ന അമ്മുക്കുട്ടിയും പഞ്ഞിക്കുട്ടനും, ദിവ്യാമ്മ, സുന്ദരന്മാരും സുന്ദരികളും എന്നീ ലഘുനോവലുകളുടെ സമാഹാരം. അനുഭവങ്ങളും വസ്‌തുതകളും നിരീക്ഷണങ്ങളും കാഴ്ചപ്പാടുകളും സമന്വയിച്ച് മനുഷ്യനും ജീവപ്രകൃതിയും തമ്മിലുള്ള പാരസ്പരികബന്ധത്തെ ഹ്യദ്യമായി ആവിഷ്കരിക്കുന്ന സവിശേഷ കഥാപ്രപഞ്ചം. ജീവിതാവബോധത്തിൻ്റെ അതിസൂക്ഷ്‌മതലങ്ങളിലേക്ക് കുട്ടിക്കൊണ്ടുപോകുന്ന ജീവജാലചിത്രീകരണം. ഒപ്പം, ജീവിതം പൂർവ്വനിശ്ചിതമോ ആകസ്‌മികമോ എന്ന ചോദ്യത്തിൻ്റെയും ജീവിതാരാമത്തിലെ വിളയേത്, കളയേത് എന്ന അന്വേഷണത്തിൻ്റെയും ക്രോഡീകരണവും.