പട്ടിണിയും ദാരിദ്ര്യവുമുള്ളിടത്ത് കുട്ടികളുടെ അകാലമരണം സാധാരണമാണ്. എനിക്ക് മൂത്തതായി ഇരട്ടസഹോദരിമാർ പിറന്നെങ്കിലും അമ്മയ്ക്ക് പാലില്ലാത്തതിനാലും കുട്ടികൾക്ക് ആരോഗ്യമില്ലാത്തതിനാലും രണ്ടുപേരും രക്ഷപ്പെട്ടില്ല. ചിലപ്പോൾ ഏതെങ്കിലും വീട്ടിൽനിന്നു കിട്ടുന്ന ധാന്യത്തോടൊപ്പം കാലണയോ എട്ടണയോ ഉണ്ടാകും. അവരുടെ കീറിപ്പറിഞ്ഞ തുണികൾ മുഖത്തേക്ക് വലിച്ചെറിഞ്ഞുതരും. അപമാനത്തോടൊപ്പം ലഭിക്കുന്ന ഈ ദാനം കുറേക്കാലത്തേക്ക് ഉപകരിക്കുമായിരുന്നു. വളരെപ്പഴകിയതും കീറിയതുമായ തുണികൾ അമ്മയും അമ്മമ്മയും ചേർന്ന് തുന്നിച്ചേർക്കും. ദാനം കിട്ടിയ ധാന്യങ്ങൾ സാമ്പത്തിക പരാധീനതയുടെ ജീവിതകാലത്ത് കുറച്ചുകാലത്തേക്കെങ്കിലും സഹായകമാവും. ഞങ്ങളുടെ വിശപ്പിന് ആശ്വാസമാവും. ചൂഷിതരുടെയും പീഡിതരുടെയും അപമാനിതരുടെയും ഇല്ലായ്‌മയിൽ ജീവിക്കുന്ന ദലിതരുടെ പിടച്ചിലുകൾ.