പുതുകവിതയുടെ ഈ ലഘുചരിത്രം, ഒരു നിരീക്ഷകൻ എന്ന നിലയിൽ കുറിച്ചതാണ്; അഥവാ സഹയാത്രികൻ എന്ന നിലയിൽ. ഇതിൽ ഒരു കവിയായ ഞാനില്ല. എൻ്റെ കവിതയുമില്ല. നിരീക്ഷകൻ മാത്രമാണുള്ളത്. നിരീക്ഷകൻ്റെ അനുഭവത്തെ, നിരീക്ഷണത്തിലൂടെ അറിഞ്ഞതിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചരിത്രം.
കവിത എഴുതുന്നതിന് നിയമങ്ങൾ ഒന്നുമില്ലെന്നും ഒഴിഞ്ഞപേജിൽ മുന്നേറുക എന്നും മിറോസ്ലാവ് ഹോലുബ് എഴുതിയിട്ടുണ്ട്. ശൂന്യമായിക്കിടക്കുന്ന ഇടങ്ങൾ ഇനിയും കവിതയിലുണ്ടെന്നും അവിടെ എഴുതി മുന്നേറുക എന്നുമാണ് അതിനർത്ഥം. നാളിതുവരെ എഴുതിയത് ആവർത്തിക്കാതെ എഴുതുക. ആരും എഴുതാത്ത പുതിയ ഒരു കവിത എഴുതുക.