ദേവമനോഹറിൻ്റെ കവിതകളിൽ തീവ്രമായ ചില പ്രതിഷേധങ്ങളും പ്രതിബോധങ്ങളും പ്രത്യാശകളുമുണ്ട്. ഉത്തരാധുനികമനുഷ്യൻ്റെ ചെറുതായിപ്പോയ ചെറുപ്പത്തോടൊപ്പം 'ബോൺസായ്' പരുവത്തിലേക്കു ചുരുങ്ങിപ്പോയ വലുപ്പങ്ങളെയോർത്താണ് അമർഷംനിറഞ്ഞ വിഷാദത്തോടെ കവി പ്രതിഷേധം രേഖപ്പെടുത്തുന്നത്. പുതിയ മനുഷ്യവ്യവസ്ഥ നഷ്‌ടപ്പെടുത്തിക്കളഞ്ഞ മനുഷ്യപ്രകൃതി സൗഭാഗ്യങ്ങളെയോർത്ത് കവി അഗാധമായി വിഷാദിക്കുന്നു.