ഒരു തീച്ചൂളയിൽ രൂപംകൊണ്ട അമൂല്യമായ മുത്തുകളുടെ ഒരു സമാഹാരമാണ് ഈ സൃഷ്ടി. മാതാപിതാക്കൾക്കും സഹജീവികൾക്കും നൽകേണ്ട പരിഗണനയെ കുറിച്ച് പുതിയ കാലഘട്ടത്തിനു കൊടുക്കുന്ന സന്ദേശത്തെ അഭിനന്ദിക്കാതെ തരമില്ല. പല്ലില്ലാത്ത ചിരികൾ ഏറ്റവും നിഷ്കളങ്കമാണെന്നുള്ളത് ജീവിതത്തിൻ്റെ രണ്ടറ്റങ്ങളിലും ഉള്ള കുഞ്ഞുങ്ങളെയും വൃദ്ധൻമാരെയും വീക്ഷിച്ചാൽ മനസിലാകും. ആ വീക്ഷണങ്ങളെയാണ് റസീന ഈ ചെറുകഥകളിലൂടെ നമ്മുടെ മൂന്നിലെത്തിക്കുന്നത്. എളുപ്പത്തിൽ മനസ്സിലാക്കാവുന്ന വളരെ ലളിതമായ ഭാഷ നൽകുന്ന ഹൃദ്യമായ വായനാനുഭവമാണ് 'പല്ലില്ലാത്ത ചിരികൾ'. ഡോ. ആസാദ് മൂപ്പൻ
ആരാണ് തങ്ങളുടെ ജീവിതം താറുമാറാക്കിയത് എന്ന് ലോകത്തിലെ ഓരോ മനുഷ്യരും ചോദിച്ചു കൊണ്ടിരിക്കുന്ന കാലത്താണ് ഈ കഥ ഇറങ്ങുന്നത്. ഉത്തരം എല്ലാവർക്കും അറിയാം. പക്ഷെ, ചൂണ്ടാൻ വെമ്പുന്ന വിരലിനെ പണ്ടില്ലാത്ത വിധം ആരോ പിൻവലിക്കുന്നുണ്ട്. പിൻവലിക്കുന്ന ആ നിമിഷത്തെ വെറുതെ വിടാതിരിക്കാനാണ് റസീന ഇക്കഥയെഴുതിയത്. മനുഷ്യസ്നേഹത്തിന് ഇന്ന് ഉത്കണ്ഠയുടെ മുഖമാണുള്ളത് എന്ന് വിശ്വസിക്കുന്നവർ ഈ കഥ ഇഷ്ടപ്പെടും. പി. എൻ. ഗോപീകൃഷ്ണൻ