പഠനം പരീക്ഷയ്ക്കുവേണ്ടിയാകുമ്പോൾ അതൊരു യാത്രിക പ്രക്രിയയാകുന്നു. അക്ഷര മാലയുടെ യാന്ത്രികമായ ആവർത്തനമല്ല സാക്ഷരത. പഠിതാവിന് അത് സാവകാശം ബോധം വളർത്തണം. ഈ ലോകത്തിലെ അവനവൻ്റെ സാന്നിധ്യത്തെക്കുറിച്ചു വിമർശനാത്മകമായ ധാരണ ഉണ്ടാക്കണം, സൗന്ദര്യമുള്ള, പുഞ്ചിരിക്കുന്ന ദമ്പതികൾ നിൽക്കുന്ന അലങ്കരിച്ച ചെറുവീടുകൾ പഠനപുസ്തകങ്ങളിൽ വരച്ചുചേർത്തിരിക്കും. പക്ഷെ വീട്ടിൽനിന്നും സ്കൂളിലേക്കുള്ള നടവഴികളിലെങ്ങും അവൻ കാണുന്നത് സാമ്പത്തിക ആരോഗ്യ വിദ്യാഭ്യാസ അസമത്വത്തിൻ്റെ ദുരന്ത ചിത്രങ്ങളാണ്. പഠിക്കുന്ന കവിതകളും ഭവനകളും യാഥാർഥ്യത്തിൽ നിന്നകറ്റി അവരെ വെറും സ്വപ്ന ജീവികളാക്കുന്നു. സത്യത്തെ മാറ്റിമറിക്കുന്ന ഈ പഠനങ്ങളിൽ സാക്ഷരതയെവിടെ? ധാർമ്മികതയെവിടെ? ഈ ലോകത്തു ജീവിക്കാനുതകുന്ന എന്തെങ്കിലും ഈ പഠന പദ്ധതിയിലുണ്ടോ?