തൻ്റെ വീക്ഷണങ്ങളെയല്ല, അതിനോട് സമരസപ്പെടുത്തി ജീവിതത്തെ, അതിൻ്റെ ലഹരിയെ, ആനന്ദങ്ങളെ, അസഹനീയമായ ദുഃഖങ്ങളെയൊക്കെ ചിത്രീകരിക്കാനും രൂപവൽക്കരിക്കാനുമൊക്കെയാണ് അയാൾ ചിത്രകലയും ശില്പകലയും ഉപയോഗപ്പെടുത്തിയത്. സഹജീവിബോധത്തോടെ അയാൾ സ്വന്തം സ്വാതന്ത്ര്യത്തിനു മുൻതൂക്കം നൽകി. ആ സ്വാതന്ത്യ്രത്തിൽ, കലാബോധത്തിൽ രാഷ്ട്രീയക്കാരനും ഖനിത്തൊഴിലാളിയും കവിയും പട്ടാളക്കാരനും തോട്ടിയും കച്ചവടക്കാരനും ഒക്കെയുണ്ടായിരുന്നു.. അനേകം കലാപരിസരങ്ങളിലേക്കു് ഇടംവലം നോക്കാതെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അപകടകരമായ വിസ്തൃത ബോധത്തോടെ നിരന്തരം കടന്നുചെന്ന പ്രതിഭയായിരുന്നു പിക്കാസോ. മനുഷ്യൻ ഇല്ലായ്മ ചെയ്യപ്പെടുന്ന ഏതു പ്രക്ഷോഭങ്ങൾക്കും കൂട്ടായ്മകൾക്കും എതിരെ പിക്കാസോയുടെ കല എതിർത്തുനിന്നു...