ഇന്ത്യാചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ചരിത്രഘട്ടങ്ങളിൽ ഒന്നാണ് മദ്ധ്യകാലഘട്ടം. ഇന്ത്യൻ സമൂഹരൂപീകരണത്തിലെയും ഇന്ത്യയിലെ ജനസംഖ്യാരൂപീകരണത്തിലെയും മതസ്വത്വനിർമ്മിതിയിലെയും പ്രധാനപ്പെട്ട ഘട്ടവുമാണത്. എന്നാൽ ഇത്രയും സവിശേഷമായതും ചരിത്രപരമായി ഇത്രയും പ്രാധാന്യമുള്ളതുമായ ഒരു കാലഘട്ടത്തെ രചനാപരമായി കൈകാര്യം ചെയ്തിരിക്കുന്നവിധം പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. നൂറ്റാണ്ടുകളുടെ സാമൂഹിക വികാസചരിത്രത്തെയും സമൂഹരൂപീകരണ പന്ഥാവുകളെയും കുറിച്ചുള്ള ആധികാരികരേഖ.
ഘർവാപസി ശ്രമങ്ങളിൽ നിന്നും അനുബന്ധ അതിക്രമങ്ങളിൽനിന്നും ബുൾഡോസർ രാഷ്ട്രീയത്തിലേക്കുള്ള വളർച്ചയാണ് കഴിഞ്ഞ ഏതാനും വർഷങ്ങളിലെ ഇന്ത്യൻ ന്യൂനപക്ഷങ്ങളുടെ ജീവിതചരിത്രം നമ്മോടു പറയുന്നത്. ഇന്ത്യയിൽ ജീവിക്കാൻ അർഹതയില്ലാത്തവരുടെ പട്ടികകൾ പലതരത്തിൽ തയ്യാറാക്കുകയാണ് ഹിന്ദുത്വ സംഘങ്ങൾ. ഇന്ത്യൻ സാമൂഹികജീവിതത്തിൻ്റെ തനിമ ഇല്ലായ്‌മചെയ്യുകയും മതേതര സഹജീവനത്തിൻ്റെ സാദ്ധ്യതകളെ നിരന്തരം ആക്രമിക്കുകയും ചെയ്യുന്ന മത-തീവ്രവാദരാഷ്ട്രീയത്തിൻ്റെ ഉള്ളറകൾ.
പാറച്ചുവരുകളിലും കളിമൺ കട്ടകളിലും ഭാഷ ജ്വലിപ്പിച്ച അജ്ഞാതനാമാക്കളായ ആദ്യകാലകവികൾ മുതൽ, ഭാഷയിൽ ജ്വലനങ്ങൾ തീർക്കുന്ന സമകാലികർവരെയുള്ള വലിയൊരു ജനതയാണ് കവിതയുടെ ഭൂമി നിർമ്മിച്ചവർ. അവർ തെളിച്ച വഴി വെളിച്ചങ്ങൾ ജീവിതത്തിൻ്റെ ആനന്ദ-ദുഃഖ-പ്രതിസന്ധികാണ്ഡങ്ങളിൽ വെള്ളിവെളിച്ചമായി തെളിയുന്നു.