വ്യത്യസ്തമായ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോഴും മനുഷ്യാനുഭവങ്ങളുടെ വൈചിത്ര്യങ്ങൾ എന്ന ഒറ്റനൂലിൽ സ്യൂഡോസൈസിലെ കഥകൾ കോർക്കപ്പെട്ടിരിക്കുന്നതായി കാണാം. അവയുടെ സമർത്ഥമായ വിന്യസനവും ആവിഷ്‌കാരവും തന്നെയാണ് ഈ കഥകളുടെ പ്രത്യേകത. ഒപ്പം 'ഓർമ്മ'യെ സവിശേഷമായ ഒരു ചരിത്രാനുഭവമായി സ്ഥാപിക്കാൻ അവയ്ക്ക് സാധിക്കുകയും ചെയ്യുന്നു. ആർ. രാജശ്രീ കൊതിപ്പിക്കുന്ന പേരുകളാണ് മനോജ് കോടിയത്തിൻ്റെ കഥാപാത്രങ്ങൾക്ക്. വിചിത്രമായ സ്ഥലരാശികളിൽ കിനാവുപോലെ അവർ ജീവിക്കുന്നു. സ്യൂഡോസൈസിസ്, അവരുടെ അനുഭവങ്ങളുടെ അപരിചിത ലോകങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. കിനാവിലെന്നപോലെ നമ്മൾ ഒപ്പം ചെല്ലുന്നു. ആർ വി എം ദിവാകരൻ
ജീവിതമേ നീ എന്ത്?, എന്ന് നാം വിസ്മയിച്ചുപോകുന്ന മികച്ച കഥകളുടെ സമാഹാരമാണ് മനോജ് കോടിയത്തിൻ്റെ 'കിമയ'. പാൻഡമിക് കാലത്തിൻ്റെ വിഹ്വലതകളും പ്രവാസ ജീവിതത്തിലെ സംത്രാസങ്ങളും ദാമ്പത്യത്തിലെ കാലുഷ്യങ്ങളും നിരുപാധികമാം സ്നേഹത്തിൻ്റെ ഉർവ്വരതയും മറ്റും ആഖ്യാനഭംഗിയോടെ തിരയടിക്കുന്ന കഥകൾ. കയ്യൊതുക്കത്തിൻ്റെ വൈഭവം ഓരോ കഥയെയും അവിസ്മരണീയമാക്കുന്നു. മൂന്നാം പതിപ്പിലെത്തുമ്പോൾ, കിമയ കൂടുതൽ വായനക്കാരിലേക്കെത്തുമ്പോൾ, കൂടുതൽ ചർച്ചകൾക്കിടയാകുമ്പോൾ, വ്യക്തിപരമായി എന്നിലുള്ള അഭിമാനവും സന്തോഷവും ഹൃദയപൂർവ്വം പങ്കുവെയ്ക്കട്ടെ. അംബികാസുതൻ മാങ്ങാട് കഥപറച്ചിലിൻ്റെ ലാളിത്യമാണ് മനോജ് കോടിയത്തിൻ്റെ കഥകളുടെ മുഖമുദ്ര. ഭ്രമാത്മകതയുടെ ലോകത്തെ 'ഒറ്റമൈന', ദുരൂഹമായ വഴികളിലൂടെ വായനക്കാരനെ കൊണ്ടുപോകുന്ന 'അയാൾ', കഥയുടെ ആദിമദ്ധ്യാന്തങ്ങൾ ക്രമം തെറ്റിച്ചെത്തുന്ന 'കിമയ', ഇനിയുമുണ്ട് കഥകൾ. പുസ്‌തകം അടച്ചാലും ചില ചോദ്യങ്ങൾ ഉള്ളിൽ അവശേഷിക്കും. അപരിചിതരായ മനുഷ്യർ നമുക്ക് ചിരപരിചിതരാവും. അവരുടെ നിസ്സഹായത നമ്മുടേതുമാകും. കഥയെന്നാൽ ജീവിതം തന്നെയല്ലേ! ഷീല ടോമി