മനുഷ്യമനസ്സിൽ ജീവിക്കുവാനുള്ള പ്രേരണയേകുന്ന ഓരോനിമിഷവും അവൻ അല്ലെങ്കിൽ അവൾ കടന്നുപോകുന്ന അവസ്ഥകളാണ്. പ്രാർത്ഥനപോലെ ജീവിതം. ചുറ്റിലും ഇരുട്ടാണെന്ന് അകമേ നിലവിളിക്കുമ്പോഴും ഒരിറ്റു സൂര്യൻ കണ്ടുകിട്ടിയേക്കും. എന്നെ അറിയുന്നപോലെ, പൂർണ്ണമായി മനസ്സിലാക്കിയതുപോലെ ഒരാൾ എനിക്കൊപ്പമുണ്ടാവും. അതു ശുഭകരമായ ഒരു വിശ്വാസമാണ്. ദുഃഖങ്ങളിൽ തളരാതെ സകല പ്രതിബന്ധങ്ങളെയും നേരിട്ട് ഒന്നിനെയോർത്തും ഭയപ്പെടാതെ സഞ്ചരിക്കാനുള്ള ആത്മധൈര്യമാണ് ഈ കവിതകൾ. ദിശാസൂചകങ്ങളായി അക്ഷരങ്ങൾ തണലും തുണയുമായി വാക്കുകൾ യാത്ര അനന്തമായി തുടരുകതന്നെയാണ്. സാക്ഷിയായി കവിതയും. മധുപാൽ