ഋശ്യശൃംഗ പത്നിയായ അംഗരാജകുമാരി. അസ്തിത്വം ദ്വന്ദ്വമായവൾ. എല്ലാ ബന്ധങ്ങൾക്കും നടുവിൽ അനാഥത്വം പേറിയവൾ. വിധിവൈപരീത്യത്താൽ മറ്റുള്ളവരിൽനിന്ന് അടർത്തിമാറ്റപ്പെടുകയും കർമത്തിൻ്റെ ചങ്ങലക്കണ്ണികളാൽ ബന്ധനസ്ഥയായി പലപ്പോഴും മുറിവേല്ക്കേണ്ടിവന്നവളുമായ ഒരു രാജകുമാരിയുടെ ജീവിതസഞ്ചാരങ്ങൾ. മധുപാലിൻ്റെ അവതാരിക ജി. മഹേഷിൻ്റെ പഠനം. എ.കെ. ഗോപീദാസിൻ്റെ ചിത്രീകരണം.
പ്രണയം എന്നത് എത്രയോ വിശുദ്ധമായ പദമാണ്. പ്രപഞ്ചത്തിൻ്റെ സ്വരമാണത്. എങ്ങനെയാണ് ആ വാക്കിന് നിർവ്വചനം നൽകുക! ഒറ്റവാക്കിലോ വാചകത്തിലോ ഒതുങ്ങാത്ത ആന്തരികാർത്ഥങ്ങൾ ഏറെയുള്ള പദം. ജീവൻ്റെ നിലനിൽപ്പിനുതന്നെ ആധരമായ വാക്ക്. ജീവൻ്റെ തീക്ഷ്‌ണതയാണ് പ്രണയം. അതു നക്ഷത്രങ്ങളെ കാണിക്കുന്നു. ആകാശത്തിൻ്റെ അനന്തതയറിയിക്കുന്നു. നിലാവിനും കൂരിരുട്ടിനും ഒരുപോലെ സൗന്ദര്യമുണ്ടെന്നു പറയുന്നു.