അറിയാതെ നമ്മളെ തുറിച്ചുനോക്കുന്ന മീൻ കണ്ണുകളാണ് ശരിക്കും ബാല്യകാലം, ചത്തുപൊങ്ങിയശേഷമല്ലെന്നു മാത്രം. ബിജു ഓർത്തെടുക്കുന്ന ഇത്തിരിക്കുഞ്ഞൻ കാര്യങ്ങൾ വായനക്കാരിൽ ഇമ്മിണി വല്യ കാലത്തെ അടയാളപ്പെടുത്തുന്നു. മീൻ നോട്ടത്തിൻ്റെ മധുരം പിന്നെ പിന്നെ സങ്കടമായി പരിവർത്തനം ചെയ്യപ്പെടുന്നതാണ് ബാല്യം. ഒരിക്കൽകൂടി അനുഭവിച്ചറിയാൻ കഴിയാത്ത ആ കാലം ബിജുവിൻറെ എഴുത്തിലൂടെ തിരിച്ചുകിട്ടുന്നു. കുഴിയിലേക്ക് ഊളിയിട്ടു പോകുന്ന ആനയും മുറിവേൽക്കാത്ത ആനക്കളിയും നാടറിയാത്ത വാറ്റുകാരനും ബിജുവിനെ വായിക്കുമ്പോൾ ഞാനും നിങ്ങളുമാകുന്നുണ്ട്. അതുതന്നെയാണ് ഈ പുസ്‌തകത്തിൻ്റെ രസച്ചരട്.