ദ്രാവിഡനായ ഞാൻ സമൂഹത്തിൻ്റെ വരാന്തയിലൂടെ ഒറ്റക്കു പോകുന്നു. സ്വന്തമായൊരു മുറിയില്ലാത്തവൻ. ജീവപര്യന്തം ഞാൻ കവിതയുടെ തടവിൽ കഴിയാൻ വിധിക്കപ്പെട്ടിരിക്കുന്നു. രുചിഭേദമനുസരിച്ച് ഈ ചില്ലുപാത്രത്തിൽ നിന്ന് ഓരോ കവിളെടുക്കുക; രക്തം, കണ്ണുനീർ, ദ്രവ രൂപമായ അമ്ലം. ഈ കടലാസിൻ്റെ കവിതയില്ലാത്ത മാർജിനുകളിൽ നിങ്ങളുടെ പൂരണങ്ങൾ ഞാനാഗ്രഹിക്കുന്നു. നിങ്ങൾ എൻ്റെ ആതിഥേയനും അറിവുമാകുന്നു. ഉപ്പിൽ വിഷം ചേർക്കാത്തവനും ഉണങ്ങാത്ത മുറിവിനു വീശിത്തന്നവനും നന്ദി...